Development | എം ജി റോഡ് ഇനി വെട്ടിത്തിളങ്ങും; കാസർകോട് നഗരത്തില്‍ പുതിയ തെരുവ് വിളക്കുകൾ മിഴി തുറന്നു; നഗരസഭയുടെ പുതുവത്സര സമ്മാനമെന്ന് ചെയര്‍മാന്‍ അബ്ബാസ് ബീഗം
● 'പാങ്ങുള്ള ബജാർ, ചേലുള്ള ബജാർ' പദ്ധതിയുടെ ഭാഗമാണ് പുതിയ വിളക്കുകൾ.
● എൻ എ നെല്ലിക്കുന്ന് എം.എൽ.എ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
● ഡിവൈഡറിൽ അലങ്കാര ചെടികളും സ്ഥാപിക്കും.
കാസർകോട്: (KasargodVartha) നഗരസഭയുടെ 'പാങ്ങുള്ള ബജാർ, ചേലുള്ള ബജാർ' എന്ന നഗര സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി നഗരത്തിൽ പുതിയ തെരുവ് വിളക്കുകൾ മിഴി തുറന്നു. പുതുവർഷ സമ്മാനമായി നഗരത്തിലെ പ്രധാന പാതയായ എം.ജി. റോഡിൽ പുതിയ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചതോടെ നഗരം കൂടുതൽ മനോഹരമായിരിക്കുകയാണ്. പുതിയ ബസ് സ്റ്റാൻഡ് ജംഗ്ഷൻ മുതൽ പഴയ ബസ് സ്റ്റാൻഡ് വരെ എം.ജി. റോഡ് ഡിവൈഡറിലാണ് ആകർഷകമായ പുതിയ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
എം.ജി. റോഡിന്റെ സൗന്ദര്യവും പ്രകാശവും വർദ്ധിപ്പിക്കുന്നതിലൂടെ നഗരത്തിന്റെ വ്യാപാര മേഖലയ്ക്കും ഇത് ഉണർവ് നൽകും. പദ്ധതിയുടെ ഭാഗമായി ഡിവൈഡറിൽ അലങ്കാര ചെടികളും മറ്റ് അലങ്കാര വസ്തുക്കളും സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഈ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ കാസർകോട് നഗരം കൂടുതൽ മനോഹരമാവുകയും നഗരത്തിന് ഒരു പുതിയ മുഖച്ഛായ കൈവരുകയും ചെയ്യും എന്ന് ചെയർമാൻ അബ്ബാസ് ബീഗം അഭിപ്രായപ്പെട്ടു.
പുതിയ സ്ട്രീറ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം എൻ എ നെല്ലിക്കുന്ന് എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ വികസന സ്ഥിരം സമിതി ചെയർമാൻ സഹീർ ആസിഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി അബ്ദുൽ ജലീൽ ഡി.വി, നഗരസഭാ എഞ്ചിനീയർ ദിലീഷ് എൻ.ഡി, സി.സി.എം മധുസൂദനൻ, ഹമീദ് ബെദിര, അബ്ദുൽ കരീം കോളിയാട്, വിവിധ വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് കമാനവും നഗരസഭ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഉദ്‌ഘാടനവും അടുത്ത ദിവസം നടക്കും.
#Kasaragod #StreetLights #KeralaDevelopment #CityBeautification #MGRoad #NewLights