Record | കുഞ്ഞുപ്രായത്തിൽ അമ്പരപ്പിക്കുന്ന നേട്ടം; ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിൽ ഇടം നേടി കാസർകോട്ടെ റിഷിക് റെനീഷ്
കോട്ടിക്കുളം തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപത്തെ റെനീഷ് - രഹാന ദമ്പതികളുടെ മകനാണ്
കാസർകോട്: (KasargodVartha) കുഞ്ഞുപ്രായത്തിൽ അമ്പരപ്പിക്കുന്ന നേട്ടവുമായി കാസർകോട് സ്വദേശി ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിൽ ഇടം നേടി. ഒരു വയസും ഒമ്പത് മാസവും മാത്രം പ്രായത്തിലാണ് കോട്ടിക്കുളം തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപത്തെ റെനീഷ് - രഹാന ദമ്പതികളുടെ മകൻ റിഷിക് റെനീഷ് അപൂർവ നേട്ടം സ്വന്തമാക്കിയത്.
രണ്ട് മിനിറ്റ് 46 സെകൻഡ് കൊണ്ട് 26 വസ്തുക്കളെ തിരിച്ചറിഞ്ഞാണ് റിഷിക് റെക്കോർഡ് ബുക്കിൽ തന്റെ പേര് എഴുതിച്ചേർത്തത്. ഫ്ലാഷ് കാർഡിലെ വസ്തുക്കളെയാണ് കൃത്യമായി തിരിച്ചറിഞ്ഞത്. റിഷിക് ചെറുപ്പം മുതലേ കാർടുണുകളായാലും മറ്റും അനുകരിച്ച് തന്റെ പ്രതിഭ പ്രകടിപ്പിക്കാറുണ്ടെന്ന് മാതാപിതാക്കൾ കാസർകോട് വാർത്തയോട് പറഞ്ഞു.
ഓർമശക്തിയുടെയും നിരീക്ഷണ ശേഷിയുടെയും ഈ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാൻ മാതാപിതാക്കൾ നടത്തിയ പരിശ്രമത്തിന്റെ ഫലം കൂടിയായിരുന്നു ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിൽ ഇടം നേടിയ നേട്ടം.
മലാംകുന്നിലെ രാമൻ - നിഷാ ദമ്പതികളുടെ മകനായ റെനീഷ് ദുബൈയിൽ ലോജിസ്റ്റിക് കംപനിയിൽ സൂപ്രണ്ടായി ജോലി ചെയ്യുകയാണ്. ദുബൈയിൽ തന്നെ അകൗണ്ടന്റാണ് രഹാന. കോട്ടിക്കുളത്തെ രഘുനാഥൻ - സുഗന്ധി ദമ്പതികളുടെ മകളാണ്.