ഗൾഫ് പ്രതിസന്ധിയും പശ്ചിമേഷ്യൻ സംഘർഷവും; കാസർകോട്ടെ വ്യാപാര മേഖല മാന്ദ്യത്തിൽ, അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്
● ലക്ഷങ്ങൾ വായ്പയെടുത്ത് സംരംഭം തുടങ്ങിയ ചെറുകിട-ഇടത്തരം വ്യാപാരികൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്
● സൗദി അറേബ്യയിൽ ഉൾപ്പെടെ തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്
● പ്രവാസികളുടെ ദുരിതത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യാതൊരു സഹായവും ചെയ്യുന്നില്ലെന്ന് ആക്ഷേപം
● തൊഴിൽ നഷ്ടപ്പെട്ടവരെ നാട്ടിലെത്തിക്കാൻ പ്രത്യേക നോർക്ക പാക്കേജും നയതന്ത്ര ഇടപെടലും വേണമെന്ന് സംഘടനകൾ
കാസർകോട്: (KasargodVartha) പശ്ചിമേഷ്യൻ സംഘർഷവും ഗൾഫ് മേഖലയിൽ ഉടലെടുത്ത തൊഴിൽ പ്രതിസന്ധിയും കാസർകോട് ജില്ലയിലെ പ്രാദേശിക വ്യാപാര മേഖലയെ തളർത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ജില്ലയിൽ വിപണിയിൽ ഉണ്ടായിട്ടുള്ള കച്ചവട മാന്ദ്യം പല വ്യാപാര സ്ഥാപനങ്ങളുടെയും നിലനിൽപ്പിന് ഭീഷണിയായി മാറിയിരിക്കുകയാണ്. പ്രവാസി പണത്തിൻ്റെ ഒഴുക്ക് കുറഞ്ഞത് ഗൾഫ് പണത്തെ മാത്രം ആശ്രയിച്ച് നിൽക്കുന്ന കാസർകോട്ടെ പ്രാദേശിക വിപണിയെ ബാധിച്ചിട്ടുണ്ട്.
അടച്ചുപൂട്ടൽ ഭീഷണിയിൽ വ്യാപാരികൾ
ജില്ലയിലെ പല വ്യാപാരസ്ഥാപനങ്ങളിലും കച്ചവടം കുറഞ്ഞതുമൂലം ജീവനക്കാരുടെ ശമ്പളം, ബാങ്ക് ലോൺ തിരിച്ചടവ് തുടങ്ങിയവ മാസങ്ങളായി മുടങ്ങിക്കിടക്കുന്നുണ്ട്. ലക്ഷങ്ങൾ ബാങ്കുകളിൽ നിന്ന് ലോണെടുത്ത് പുതിയതായി വ്യാപാരം തുടങ്ങിയവരാണ് ഇതിൽ ഏറെ പ്രയാസപ്പെടുന്നത്. കച്ചവടം ഇല്ലാത്തത് മൂലം പല സ്ഥാപനങ്ങളും അടച്ചുപൂട്ടൽ ഭീഷണിയും നേരിടുന്നുണ്ട്. ചെറുകിട-ഇടത്തരം വ്യാപാരികളാണ് ഈ സാമ്പത്തിക പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്.
പ്രവാസികളുടെ ദുരിതം; സർക്കാരുകൾക്ക് മൗനം
ഗൾഫിൽ പ്രത്യേകിച്ച് സൗദി അറേബ്യയിൽ ഉണ്ടായിട്ടുള്ള തൊഴിൽ പ്രതിസന്ധിയാണ് കാസർകോട്ടെ വ്യാപാര മേഖലയെ കൂടുതൽ വഷളാക്കിയത്. സൗദിയിൽ തൊഴിൽ പ്രതിസന്ധി നേരിടുമ്പോൾ തന്നെ പ്രവാസികൾക്ക് നാട്ടിൽ വരാനുമാകുന്നില്ല എന്ന അവസ്ഥയുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യാതൊരു സഹായത്തിനും എത്തുന്നില്ലെന്ന ആക്ഷേപവും പ്രവാസികൾക്കുണ്ട്.
തൊഴിൽ നഷ്ടപ്പെട്ട് വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനും പുനരധിവസിപ്പിക്കാനും പ്രത്യേക നോർക്ക പാക്കേജുകളോ നയതന്ത്ര ഇടപെടലുകളോ ആവശ്യമാണെന്ന് പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
വിജനമായി എംജി റോഡ്
സാമ്പത്തിക മാന്ദ്യത്തിൻ്റെ നേർചിത്രമാണ് നഗരത്തിൽ കാണാൻ സാധിക്കുന്നത്. യാതൊരു തിരക്കുമില്ലാതെ വിജനമായ കാസർകോട് എംജി റോഡിൻ്റെ കാഴ്ചകൾ തന്നെ വ്യാപാര മേഖല നേരിടുന്ന തകർച്ചയുടെ ഉദാഹരണമാണ്.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Gulf job crisis and Middle East conflict hit Kasaragod local market.
#KasargodVartha #KasaragodNews #GulfCrisis #SaudiArabia #KeralaEconomy #MiddleEastConflict #PravasiMalayali #MalayalamNews #RenuNews






