കാസർകോട് സ്റ്റാൻഡിൽ കയറാതെ ബസുകൾ: യാത്രക്കാരെ പുറത്തിറക്കി വിടുന്നതായി പരാതി; ഗതാഗതക്കുരുക്ക് രൂക്ഷം
● ഒറ്റത്തൂൺ മേൽപ്പാലത്തിനടിയിലെ ബസ് നിർത്ത് ഗതാഗത സ്തംഭനത്തിന് വഴിവെക്കുന്നു.
● വാഹനത്തിരക്കേറിയ ഭാഗത്ത് യാത്രക്കാരെ ഇറക്കിവിടുന്നത് അപകടസാധ്യത കൂട്ടുന്നു.
● ഈ മേഖലയിൽ നേരത്തെ അപകടങ്ങളിൽ മരണങ്ങൾ വരെ സംഭവിച്ചിട്ടുണ്ട്
● പോലീസ് ഡ്യൂട്ടി ഇല്ലാത്ത സമയത്താണ് നിയമലംഘനം കൂടുന്നത്.
● ഇന്ധനവും സമയവും ലാഭിക്കാനാണ് ബസുകൾ ഈ കുറുക്കുവഴി തിരഞ്ഞെടുക്കുന്നത്.
കാസർകോട്: (KasargodVartha) പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ ബസുകൾ പുറത്തുവച്ച് യാത്രക്കാരെ ഇറക്കിവിടുന്നതായി പരാതി. കെ എസ് ആർ ടി സി ബസുകൾ അടക്കം സ്റ്റാൻഡിൽ കയറാതെയാണ് പോകുന്നതെന്ന് യാത്രക്കാർ പറയുന്നു.
ഒറ്റത്തൂൺ മേൽപ്പാലത്തിനടിയിൽ ബസുകൾ നിർത്തുന്നത് ഗതാഗത സ്തംഭനത്തിനും അപകടസാധ്യതകൾക്കും വഴിയൊരുക്കുന്നുവെന്നാണ് പ്രധാന ആരോപണം. വാഹനങ്ങളുടെ തിരക്കേറിയ ഭാഗത്ത് ബസുകൾ ഏറെ നേരം നിർത്തി യാത്രക്കാരെ ഇറക്കിവിടുന്നത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
ട്രെയിൻ കിട്ടാൻ വേണ്ടി തിടുക്കപ്പെട്ട് എത്തുന്ന ചില യാത്രക്കാരെ വഴിയിൽ വെച്ച് കയറ്റുന്നത് യാത്രാസൗകര്യത്തിനുവേണ്ടി അംഗീകരിക്കാവുന്നതാണ്. എന്നാൽ, ബസ് സ്റ്റാൻഡ് തന്നെ ഒഴിവാക്കി വഴിയിൽ യാത്രക്കാരെ ഇറക്കിവിടുന്നത് പൊതു യാത്രക്കാർക്കും മറ്റുവാഹനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. നേരത്തെ യാത്രക്കാരെ ഇറക്കിവിട്ടത് മൂലമുണ്ടായ അപകടങ്ങളിൽ മരണങ്ങൾ വരെ സംഭവിച്ച സ്ഥലമാണിത്.
ട്രാഫിക് ഡ്യൂട്ടിയിൽ പോലീസ് ഇല്ലാത്ത സമയങ്ങളിലാണ് ഇത്തരത്തിലുള്ള നിയമലംഘനം കൂടുതലായി നടക്കുന്നത്. 'സ്റ്റാൻഡിൽ കയറാൻ ചുറ്റി വളഞ്ഞു വരുമ്പോൾ ഇന്ധനവും സമയവും ലഭിക്കാനാണ് ഈ കുറുക്കുവഴി തിരഞ്ഞെടുക്കുന്നത്.

നേരത്തെ പുതിയ ബസ് സ്റ്റാൻഡിൽ ഗതാഗത നിയന്ത്രണം കർശനമായി നടപ്പാക്കിയിരുന്നുവെങ്കിലും, രണ്ടു ദിവസങ്ങൾക്കകം തന്നെ അത് പിൻവലിച്ചത് നിയമലംഘകർക്ക് സഹായകരമായി. സ്റ്റാൻഡ് ഒഴിവാക്കി യാത്രക്കാരെ പുറത്തിറക്കി വിടുന്ന പ്രവണതക്കെതിരെ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പൊതുജന ആവശ്യം.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? കമൻ്റ് ചെയ്യുക ഷെയർ ചെയ്യുക
Article Summary: Kasaragod bus stand bypass causes traffic issues and safety hazards.
#Kasargod #KSRTC #TrafficJam #BusStand #KeralaNews #PublicGrievance






