കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കരണത്തിൽ കൈ പൊള്ളി ട്രാഫിക്ക് പൊലീസ്: ബസുകൾ കയറുന്നതും ഇറങ്ങുന്നതും പഴയപടി
● ചെർക്കള ഭാഗത്തുനിന്നുള്ള ബസുകൾ ഇറങ്ങുന്ന വഴിയിലൂടെ കയറണമായിരുന്നു.
● അടിപ്പാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പരിഷ്കരിച്ചത്.
● പ്രധാന കവാടത്തിന് മുന്നിലും സ്റ്റാൻഡിനകത്തും ഗതാഗത തടസ്സമുണ്ടായി.
● യാത്രക്കാർക്ക് സ്റ്റാൻഡിൽ ഇറങ്ങി പുറത്തുകടക്കാൻ പ്രയാസം നേരിട്ടു.
കാസർകോട്: (KasargodVartha) പുതിയ ബസ് സ്റ്റാൻഡിൽ നടപ്പാക്കിയ ഗതാഗത പരിഷ്കരണത്തിൽ ട്രാഫിക് പോലീസിന് കൈപൊള്ളി. പരിഷ്കരണത്തിന്റെ ഭാഗമായി ബസുകൾ കയറുന്നതിനും ഇറങ്ങുന്നതിനും പോലീസ് വരുത്തിയ മാറ്റത്തിന് വെറും രണ്ട് ദിവസത്തെ ആയുസ്സ് മാത്രമാണ് ഉണ്ടായത്.
ബസുകൾ സ്റ്റാൻഡിന്റെ പ്രധാന പ്രവേശന കവാടത്തിലൂടെ പ്രവേശിക്കാതെ, ബസുകൾ ഇറങ്ങിയിരുന്ന ഭാഗത്തുകൂടി സ്റ്റാൻഡിലേക്ക് പ്രവേശിക്കണമെന്നതായിരുന്നു പരിഷ്കാരം. ചെർക്കള ഭാഗത്തുനിന്നും വരുന്ന എല്ലാ ബസുകളും ഈ രീതിയിൽ സ്റ്റാൻഡിനകത്തേക്ക് പ്രവേശിക്കുകയും പ്രധാന കവാടത്തിലൂടെ പുറത്തിറങ്ങുകയുമാണ് വേണ്ടിയിരുന്നത്.
അടിപ്പാത റൗണ്ട് എബൗട്ടിലെ ഗതാഗത തടസ്സങ്ങൾ കണക്കിലെടുത്താണ് പുതിയ ട്രാഫിക് പരിഷ്കാരം നടപ്പാക്കിയത്. എന്നാൽ ഈ പരിഷ്കാരം പാളിയെന്ന് ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
പരിഷ്കരണം നടപ്പാക്കിയതോടെ പ്രധാന പ്രവേശന കവാടത്തിന് മുന്നിലും ബസ് സ്റ്റാൻഡിനകത്തും ഗതാഗത തടസ്സം കൊണ്ട് വീർപ്പുമുട്ടി. ആളുകൾക്ക് സ്റ്റാൻഡിൽ ഇറങ്ങി ബസുകൾക്ക് അടിയിൽ പെടാതെ പുറത്തുകടക്കാൻ ഏറെ പ്രയാസം നേരിട്ടു.
‘അപകടം സംഭവിച്ചിരുന്നുവെങ്കിൽ പഴി മുഴുവൻ ട്രാഫിക് പോലീസിന് കേൾക്കേണ്ടി വരുമായിരുന്നു’. ഇതെല്ലാം കൊണ്ടാണ് രണ്ട് ദിവസം കൊണ്ട് എല്ലാം പഴയപടിയിലേക്ക് മാറ്റാൻ പോലീസിനെ പ്രേരിപ്പിച്ചത്.

തുടക്കമെന്ന നിലയിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പരിഷ്കരണം നടപ്പാക്കിയതെന്നും ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രധാന സ്ഥലത്തെല്ലാം ട്രാഫിക് പോലീസ് ഉണ്ടായിട്ടു കൂടി തടസ്സങ്ങൾ പരിഹരിക്കാൻ ഏറെ സാഹസപ്പെടേണ്ടി വന്നു. പരിഷ്കരണം മാറ്റി എല്ലാം സാധാരണ നിലയിലേക്ക് കൊണ്ടുവന്നതിൽ ബസ് ഡ്രൈവർമാരും ആശ്വാസം കൊള്ളുകയാണ്.
ദേശീയപാത വന്നാൽ കാസർകോട് നഗരത്തിൽ ഗതാഗത തടസ്സം കുറയുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഗതാഗത തിരക്ക് കാസർകോടിന്റെ കൂടപ്പിറപ്പായി മാറിയെന്നാണ് നഗരവാസികൾ പറയുന്നത്.
ദേശീയപാത സർവീസ് റോഡിലെ ഫുട്പാത്ത് പോലും ചുരുങ്ങി, രണ്ട് പേർക്ക് പോലും നടന്നുപോകാൻ കഴിയാത്ത വിധമാണ് നിർമ്മിച്ചിട്ടുള്ളത്. മഴ പെയ്താൽ റോഡിന്റെ ഇരുവശത്തുനിന്നും ചെളിവെള്ളം ഒഴുകിയെത്തി കാൽനടയാത്ര പോലും സാധ്യമാകാത്ത സ്ഥിതിയാണ്.
ഒറ്റത്തൂൺ മേൽപ്പാലത്തിന് താഴെയുള്ള സ്ഥലങ്ങൾ പോലും വാഹന പാർക്കിങ്ങിനും മറ്റും ഉപയോഗിക്കാൻ സാധിക്കാത്ത വിധത്തിലാണ് ഉള്ളത്. താഴെയുള്ള സ്ഥലം മറ്റ് പല കാര്യങ്ങൾക്കും ഉപയോഗിക്കുമെന്ന് പറയുന്നുണ്ടെങ്കിലും 'ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം' എന്ന് പറയുന്ന അവസ്ഥയ്ക്ക് സമാനമാണ് കാര്യങ്ങൾ.
പുതിയ പരിഷ്കരണം പരാജയപ്പെട്ടതിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? നിങ്ങളുടെ പ്രതികരണം കമന്റ് ചെയ്യുക.
Article Summary: Kasaragod bus stand traffic reform fails and reverts to the old system.
#Kasaragod #TrafficReform #BusStand #TrafficJam #KeralaPolice #LocalNews






