കന്നുകാലികളുടെ താവളമായി മാറിയ കാസർകോട് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നായ്ക്കളുടെ വിളയാട്ടം; ജനരോഷം ഉയരുന്നു
● കന്നുകാലികളും ബസ് സ്റ്റാൻഡിന് ഭീഷണിയാകുന്നു.
● നഗരസഭയുടെ നടപടികൾ ഫലപ്രദമല്ല.
● യാത്രക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ബുദ്ധിമുട്ട്.
● തെരുവുനായ നിയന്ത്രണത്തിന് നടപടിയില്ല.
● അധികൃതർക്കെതിരെ ശക്തമായ പ്രതിഷേധം.
കാസർകോട്: (KasargodVartha) ജില്ലയിൽ തെരുവുനായ ആക്രമണങ്ങൾ വർധിക്കുന്നതിനിടെ കാസർകോട് മുനിസിപ്പൽ ബസ് സ്റ്റാൻഡിലും നായ്ശല്യം അതിരൂക്ഷമാകുന്നു. കന്നുകാലികളുടെ താവളമായി മാറിയ ബസ് സ്റ്റാൻഡിൽ നഗരസഭയുടെ ‘പേടിപ്പെടുത്തുന്ന’ നോട്ടീസിന് ശേഷവും പശുക്കൾക്ക് കുറവില്ല. ബസ് സമരം നടന്ന ദിവസവും പണിമുടക്ക് ദിവസവും കാലികൾ ബസ് സ്റ്റാൻഡ് നിറഞ്ഞു നിൽക്കുകയായിരുന്നു. ഇതിന് പുറമെയാണ് യാത്രക്കാർക്ക് ഭീഷണിയായി നായ്ക്കൂട്ടങ്ങളും ഇവിടെ തമ്പടിക്കുന്നത്.
നൂറുകണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ആശ്രയിക്കുന്ന ഈ ബസ് സ്റ്റാൻഡിൽ നായ്ക്കൾ ഉണ്ടാക്കുന്ന ശല്യം ചെറുതല്ല. യാത്രക്കാരുടെ കൈവശം മീനോ ഇറച്ചിയോ കണ്ടാൽ നായ്ക്കൾ പിന്നാലെ കൂടി ആക്രമിക്കാൻ ശ്രമിക്കുന്നതായി പരാതികളുണ്ട്.

ബസ് സ്റ്റാൻഡിൽ ചിലർ അലഞ്ഞുതിരിയുന്ന നായ്ക്കൾക്കും കാലികൾക്കും കഴിക്കാൻ യഥേഷ്ടം മാലിന്യങ്ങൾ ഇവിടെ നിന്ന് തന്നെ ലഭിക്കുന്നു. കൂടാതെ ചിലർ ഭക്ഷണം നൽകി പോറ്റുകയും ചെയ്യുന്നതാണ് ഇവയുടെ വർദ്ധനവിന് കാരണമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. കുട്ടികളുമായി വരുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാർക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ചില സമയങ്ങളിൽ നായ്ക്കൾ കൂട്ടമായി എത്തുന്നത് യാത്രക്കാരിൽ ഭയം ഉളവാക്കുന്നു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ജില്ലയിൽ 15 ഓളം പേർക്കാണ് നായയുടെ കടിയേറ്റത്. നീലേശ്വരത്ത് മാത്രം 11 പേർക്ക് കടിയേറ്റതിനും ഒരു നായക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനും പിന്നാലെ കാഞ്ഞങ്ങാടും തെരുവുനായ ആക്രമണമുണ്ടായി. കാഞ്ഞങ്ങാട് അലാമിപ്പള്ളി സൗത്ത്, കൊവ്വൽ സ്റ്റോർ പരിസരം എന്നിവിടങ്ങളിലായി രണ്ട് പേർക്കും തൈക്കടപ്പുറത്ത് ഒരു മത്സ്യത്തൊഴിലാളി സ്ത്രീക്കും കടിയേറ്റു.
തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ജില്ലയിൽ ശക്തമായിരിക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഒരു പരിഹാരവും ഉണ്ടാകാത്തതിൽ നാട്ടുകാരിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. വിവിധ സംഘടനകളും നാട്ടുകാരും ചേർന്ന് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Stray dog and cattle menace at Kasaragod municipal bus stand causes public outrage amidst rising dog bite incidents in the district.
#Kasaragod #StrayDogs #BusStand #PublicSafety #AnimalMenace #KeralaNews






