Street Vendors | വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള കെട്ടിടം കാസർകോട്ട് ഒരുങ്ങി; ഉദ്ഘാടനം ഒരു മാസത്തിനകം; വിപ്ലവകരമായ മാറ്റമെന്ന് നഗരസഭ ചെയർമാൻ
35 സ്ക്വയർഫീറ്റ് വിസ്തീർണത്തിലാണ് ഓരോ മുറികളും തയാറാക്കിയിരിക്കുന്നത്
കാസർകോട്: (KasargodVartha) സംസ്ഥാനത്ത് വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്ന രണ്ടാമത്തെ നഗരസഭയായി കാസർകോട് മാറുന്നു. നേരത്തെ തിരുവനന്തപുരം നഗരസഭയാണ് ഇത്തരത്തിൽ വഴിയോര കച്ചവടക്കാർക്കായി പ്രത്യേക കെട്ടിടം തയാറാക്കിയത്. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന്റെ വടക്കുഭാഗത്ത് 32.74 ലക്ഷം രൂപ ചിലവിൽ നിർമിച്ച കെട്ടിടത്തിലേക്ക് അടുത്ത മാസം തന്നെ 28 തെരുവുകച്ചവടക്കാരെ മാറ്റുമെന്ന് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം കാസർകോട് വാർത്തയോട് പറഞ്ഞു.
ആദ്യ ഘട്ടമെന്ന നിലയിൽ, കാസർകോട് ഗവ. ആശുപത്രിക്കും, ഗവ. ഹൈസ്കൂളിനും മുന്നിൽ കച്ചവടം ചെയ്യുന്നവരെയാണ് മാറ്റുന്നത്. ഇതോടെ ഇവിടെ തെരുവു കച്ചവട നിരോധിത മേഖലയായി പ്രഖ്യാപിക്കുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. ബാക്കിയുള്ള 104 പേരെ പുനരധിവസിപ്പിക്കാൻ പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും, ഇതിനായി പഴയ പ്രസ്ക്ലബ് ജംഗ്ഷനിൽ നിന്നും ചന്ദ്രഗിരിപാലം വരെയുള്ള നഗരസഭയ്ക്കു കീഴിലുള്ള സ്ഥലത്ത് കെട്ടിടം നിർമിക്കുമെന്നും ചെയർമാൻ പറഞ്ഞു.
2018ലാണ് തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്. 2021ൽ 64 പേർക്കുള്ള കെട്ടിടം നിർമിക്കുന്നതിനുള്ള സ്ഥല നിർണയം നടത്താൻ ഉദ്യേഗസ്ഥരും ജനപ്രതിനിധികളും പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയപ്പോൾ ബസ് ഉടമകളും തൊഴിലാളികളും ചേർന്ന് ഇത് തടയുകയും ഒടുവിൽ കലക്ടർ അടക്കം സ്ഥലത്തെത്തി നടത്തിയ ചർച്ചയെ തുടർന്ന് 64 പേർക്കുള്ള കെട്ടിടമെന്നത്, 28 പേർക്കുള്ള കെട്ടിടമാക്കി ചുരുക്കുകയുമായിരുന്നു. ഇതാണ് ഇപ്പോൾ ഉദ്ഘാടനത്തിനു സജ്ജമായിരിക്കുന്നത്.
35 സ്ക്വയർഫീറ്റ് വിസ്തീർണത്തിലാണ് ഓരോ മുറികളും തയാറാക്കിയിരിക്കുന്നത്. നേരത്തേ വലിച്ചു തുറക്കുന്ന വാതിലുകളുള്ള മുറികളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അവയെല്ലാം ഷടർ മുറികളാക്കി മാറ്റിയിട്ടുണ്ട്. നഗരത്തിൽ തെരുവു കച്ചവടം നടത്തുന്ന കുറച്ചു പേർ മേൽവാടകയ്ക്ക് മറ്റുള്ളവർക്ക് കച്ചവടം ചെയ്യാൻ നൽകുന്നുവെന്ന് ആക്ഷേപം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ചെയർമാൻ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു. 5X5 വിസ്തീർണമുള്ള സ്ഥലത്ത് തെരുവു കച്ചവടം നടത്താനാണ് നഗരസഭ അനുമതി നൽകിയത്.
അനുവദിച്ചതിൽ കൂടുതൽ സ്ഥലത്ത് കച്ചവടം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ പറഞ്ഞു. തെരുവു കച്ചവടക്കാരെ നഗരത്തിൽ നിന്നും ഒഴിപ്പിക്കുന്നതോടെ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും തടസങ്ങളില്ലാതെ സഞ്ചരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നഗരത്തിലെ പല ഓവുചാലുകളും തകർന്നു കിടക്കുന്നതായുള്ള പരാതി പരിഹരിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. പഴയ ബസ്സ്റ്റാൻഡ് ട്രാഫിക് ജംഗ്ഷൻ മുതൽ ഓവു ചാലുകൾ ശരിയാക്കുന്നതിന് എംഎൽഎ തുക ഉപയോേഗപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ദേശീയ പാതയുടെ നിർമാണ പ്രവർത്തനം കഴിയാതെ മറ്റു ഓവുചാലുകൾ ശരിയാക്കുന്നതിന് തടസമുണ്ടെന്നും ചെയർമാൻ വിശദീകരിച്ചു.