Celebration | ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു; വര്‍ണാഭമായി ശോഭയാത്രകള്‍
കാസര്‍കോട്: (KasargodVartha) ജില്ലയില്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പ്രാര്‍ഥനകളും സംഘടിപ്പിച്ചു. വിവിധയിടങ്ങളില്‍ ദ്വാപരയുഗ സ്മരണകള്‍ ഉണര്‍ത്തി നടന്ന ശോഭയാത്രകള്‍ വര്‍ണാഭമായി. വീഥികളില്‍ ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമെല്ലാം അണിനിരന്ന ഘോഷയാത്രകള്‍ കാഴ്ചക്കാരെ ആകര്‍ഷിച്ചു.
ശ്രീകൃഷ്ണന്റെ അവതാരകഥകളുടെ ദൃശ്യാവിഷ്‌കരണം, വാദ്യമേളങ്ങള്‍, കലാരൂപങ്ങള്‍, ഭജനസംഘങ്ങള്‍ എന്നിവയും ഘോഷയാത്രയ്ക്ക് ശോഭ പകര്‍ന്നു. ഘോഷയാത്രകളില്‍ പങ്കെടുത്തവര്‍ക്ക് പ്രസാദവും വിതരണം ചെയ്തു. കൂടാതെ, വിവിധ സാംസ്‌കാരിക പരിപാടികളും നടന്നു.
കാസര്‍കോട്, ബോവിക്കാനം, ബേഡകം, കുണ്ടംകുഴി, മുന്നാട്, കുറ്റിക്കോല്‍, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, നീലേശ്വരം, പള്ളിക്കര, കോട്ടപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഘോഷയാത്രകള്‍ നടന്നു. ശ്രീകൃഷ്ണ, മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ രാവിലെ മുതല്‍ വിശേഷാല്‍ പൂജകളും ഉണ്ടായിരുന്നു.
#KrishnaJanmashtami #Kasaragod #Kerala #Hinduism #Festival #India