CITU Agitation | സൗജന്യ യാത്ര സ്റ്റിക്കര്‍: ഓട്ടോറിക്ഷാ തൊഴിലാളികൾ സംഘടിക്കുന്നു; സർക്കാർ നിർദേശം നടപ്പിലാവില്ല; പ്രതിഷേധത്തിൽ സിഐടിയുവും രംഗത്ത്

● തൊഴിലാളികൾ പ്രതിഷേധവുമായി സമര രംഗത്തിറങ്ങി
● പാർക്കിംഗ് സൗകര്യം ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
● തീരുമാനം തൊഴിലാളി വിരുദ്ധവുമാണെന്നാണ് സിഐടിയുവിന്റെ വാദം.
കാസർകോട്: (KasargodVartha) ഓട്ടോറിക്ഷകൾ ഫിറ്റ്നസ് പരിശോധനയ്ക്ക് പോകുമ്പോൾ 'സൗജന്യയാത്ര' എന്ന സ്റ്റിക്കർ പതിച്ചിരിക്കണമെന്ന റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ വിചിത്രമായ ഉത്തരവിനെതിരെ ഓട്ടോറിക്ഷ യൂണിയനുകൾ സംഘടിച്ച് സമര രംഗത്തിറങ്ങിയത് സർക്കാർ തീരുമാനത്തിന് തിരിച്ചടിയാവും. ഇടത് മുന്നണിയുടെ തൊഴിലാളി സംഘടനയായ സിഐടിയു തന്നെ സമരത്തിന് നേതൃത്വം നൽകുന്നത് കൊണ്ട് തന്നെ തീരുമാനം സർക്കാരിന് പുന:പരിശോധിക്കേണ്ടതായി വരും.
കഴിഞ്ഞ ദിവസം ജില്ലയിൽ വിവിധ ഇടങ്ങളിൽ ഓട്ടോറിക്ഷ തൊഴിലാളികൾ സംഘടിച്ച് ആർടിഒ ഓഫീസിലേക്ക് മാർച്ചും, വിവിധ ടൗണുകളിൽ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു.
ട്രാൻസ്പോർട്ട് അതോറിറ്റി ബന്ധപ്പെട്ടവരുമായി ഇക്കാര്യത്തിൽ വരും പോരായ്മകളിൽ ആശയവിനിമയം നടത്താതെയാണ് തീരുമാനം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.
ഇത് തൊഴിലാളി വിരുദ്ധവും, ജനാധിപത്യവിരുദ്ധവുമാണെന്നാണ് സിഐടിയുവിന്റെ വാദം. നിയമം പാലിച്ച് ഓടുന്ന തൊഴിലാളികൾക്ക് ഈ നിയമം വളരെ പ്രയാസകരമാണെന്ന് ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി കെ എസ് സുനിൽകുമാറും പ്രസിഡൻ്റ് രാജു എബ്രഹാമും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
കാസർകോട് ജില്ലയിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇപ്പോൾ തന്നെ ഓട്ടോറിക്ഷ തൊഴിലാളികൾ തൊഴിൽ ഭീഷണി നേരിടുന്നുണ്ട്. ഓട്ടോറിക്ഷകൾക്ക് എവിടെയും പാർക്കിംഗ് സൗകര്യം ഇല്ല. ടൗണുകളിൽ പോലും പാർക്കിംഗ് സൗകര്യമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പാർക്കിങ് നിയമലംഘനം എന്ന പേരിൽ അധികൃതർ ഓട്ടോറിക്ഷകളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് കുമ്പളയിൽ ഓട്ടോറിക്ഷ തൊഴിലാളികൾ കഴിഞ്ഞ കുറെ മാസങ്ങളായി സമര പാതയിലുമാണ്.
പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കുമ്പളയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ സംയുക്തമായി കുമ്പള ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ എല്ലാ ടൗണുകളിലും സമാനമായ പ്രശ്നങ്ങൾ ഓട്ടോറിക്ഷാ തൊഴിലാളികൾ നേരിടുന്നുമുണ്ട്. ഇതിനിടയിലാണ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനം തൊഴിലാളികളെ ചൊടിപ്പിച്ചിരിക്കുന്നത്.
അതിനിടെ യാത്രക്കാരിൽ നിന്ന് അമിതമായി ചാർജ് ഈടാക്കുന്നുവെന്ന പരാതിയും ഓട്ടോറിക്ഷ തൊഴിലാളികൾക്കെതിരെ ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ ഓട്ടോറിക്ഷക്കാരുടെ സമരത്തിന് ജനപിന്തുണ ലഭിക്കുന്നുമില്ല. ഓട്ടോറിക്ഷകളിൽ മീറ്റർ നിർബന്ധമാക്കണമെന്ന യാത്രക്കാരുടെ ആവശ്യവും ഇതുവരെ അധികൃതർക്ക് നടപ്പിലാക്കാൻ സാധിച്ചിട്ടുമില്ല. ‘മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ യാത്ര സൗജന്യം’ എന്ന സ്റ്റിക്കർ പതിപ്പിക്കാതെ ഫിറ്റ്നസ് പരിശോധനയ്ക്കെത്തിയ ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്ത് കഴിഞ്ഞദിവസം ചിലയിടങ്ങളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.
Auto rickshaw workers in Kasaragod protest against 'free ride' sticker mandate. CITU also joins the agitation. Workers cite various issues including lack of parking facilities.
#AutoProtest, #FreeRideSticker, #CITUAgitation, #Kasaragod, #AutoWorkers, #TransportAuthority