കര്‍ഷകസംഘം പഞ്ചദിന സത്യഗ്രഹം വെള്ളിയാഴ്ച സമാപിക്കും
Apr 26, 2012, 22:15 IST
കാസര്‍കോട്: രാജ്യത്തെ കാര്‍ഷികമേഖല തകര്‍ക്കുന്നതിനെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തി കര്‍ഷകസംഘം പഞ്ചദിന സത്യഗ്രഹം വെള്ളിയാഴ്ച സമാപിക്കും. ഇതിനകം പ്രക്ഷോഭത്തിന് ലഭിച്ച ജനപിന്തുണ വ്യക്തമാക്കുന്നത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ആഴമാണ്. സത്യഗ്രഹത്തിന്റെ നാലാംദിനമായ വ്യാഴാഴ്ച യുവജന പ്രസ്ഥാനങ്ങളടക്കം അഭിവാദ്യവുമായി സമരപ്പന്തലിലെത്തി. കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എം ജോസഫ് സമരത്തിന് അഭിവാദ്യമര്‍പ്പിച്ചു.
ഉമ്മന്‍ചാണ്ടി അധികാരത്തിലെത്തിയതോടെ സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ തിരിച്ചെത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിച്ച അഞ്ചുവര്‍ഷവും കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കിയിരുന്നു. രാജ്യത്തെ കാര്‍ഷിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ നയമാണ്.
ആഗോളവല്‍ക്കരണത്തിന്റെ ഫലമായി കോര്‍പറേറ്റുകള്‍ കാര്‍ഷികമേഖല കീഴടക്കി. ഇതിന്റെ ഭാഗമായി കാര്‍ഷികോല്‍പാദനം കുറഞ്ഞു. കാര്‍ഷിക വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കടം എഴുതിത്തള്ളിയത് കൊണ്ടുമാത്രം കൃഷിക്കാരന് ഗുണമില്ല. മറിച്ച് കൃഷി ലാഭകരമാക്കണം. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ലാഭകരമായ വില ലഭിക്കുംവിധം ഉല്‍പാദനച്ചെലവ് കുറക്കാന്‍ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ജോസഫ് പറഞ്ഞു.
തൃക്കരിപ്പൂര്‍ എംഎല്‍എ കെ കുഞ്ഞിരാമന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, സിഐടിയു സംസ്ഥാന വൈസ്പ്രസിഡന്റ് എ കെ നാരായണന്‍, കെഎസ്കെടിയു ജില്ലാപ്രസിഡന്റ് കെ കുഞ്ഞിക്കണ്ണന്‍ നായര്‍, ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് മധു മുതിയക്കാല്‍, എകെജിസിടിഎ ജില്ലാസെക്രട്ടറി കെ വിജയന്‍, മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം സുമതി, എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാസെക്രട്ടറി എം രാജഗോപാലന്‍, കെഎംഎസ്ആര്‍എ ജില്ലാസെക്രട്ടറി വി സി മാധവന്‍, പി അമ്പാടി, കെ ഭുജംഗഷെട്ടി എന്നിവര്‍ സംസാരിച്ചു.
![]() |
എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയ അന്ധവിദ്യാര്‍ഥി മണിക്ക് കര്‍ഷകസംഘം ജില്ലാപ്രസിഡന്റ് സി എച്ച് കുഞ്ഞമ്പു ഉപഹാരം നല്‍കുന്നു |
സമരത്തെ അഭിവാദ്യം ചെയ്ത് കര്‍ഷകസംഘം കാറഡുക്ക, കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റികളുടെയും ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷന്‍ ജില്ലാകമ്മിറ്റികള്‍, സിഐടിയു ഉദുമ ഏരിയാകമ്മിറ്റി, ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ സംഘടനകളുടെ പ്രകടനം നടന്നു.
എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയ എസ്എഫ്ഐ കാസര്‍കോട് ഏരിയാകമ്മിറ്റി അംഗവും അന്ധ വിദ്യാര്‍ഥിയുമായ കെ പി മണിക്ക് കര്‍ഷകസംഘം ജില്ലാപ്രസിഡന്റ് സി എച്ച് കുഞ്ഞമ്പു ഉപഹാരം നല്‍കി. മധു മുതിയക്കാല്‍, ശങ്കര്‍റൈ എന്നിവര്‍ ഗാനങ്ങളാലപിച്ചു. വെള്ളിയാഴ്ച ബേഡകം, ഉദുമ ഏരിയാകമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനം നടക്കും.
Keywords: Karshakasangam strike, Kasaragod