Danger | റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് കര്‍ണാടക വിദ്യാർഥികളുടെ അപകട യാത്ര; 5 പേരും, കാറും കസ്റ്റഡിയില്‍
റാണിപുരത്ത് നിന്ന് പനത്തടിയിലേക്കുള്ള യാത്രക്കിടെയാണ് യുവാക്കള്‍ കാറിന്റെ ഡികി ഉയര്‍ത്തി അവിടെ ഇരുന്ന് അതിവേഗം യാത്ര ചെയ്തത്
കാഞ്ഞങ്ങാട്: (KasargodVartha) സാഹസിക കാര്‍ യാത്രക്കിടെ അടുത്തിടെ ഒരു വിദ്യാര്‍ഥി മരിച്ച റാണിപുരത്ത് വീണ്ടും ഇത്തരം കാര്‍ യാത്ര നടത്തിയ കര്‍ണാടക സ്വദേശികളായ അഞ്ച് വിദ്യാര്‍ഥികളെ രാജപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ച കെ എ 21 സെഡ് 1003 നമ്പര്‍ സ്വിഫ്റ്റ് കാറും പൊലീസ് പിടികൂടി.
കഴിഞ്ഞ ആഴ്ച കാറിന്റെ വാതിലിൽ കയറിയിരുന്ന് സെല്‍ഫി വീഡിയോ പകര്‍ത്തി യാത്ര ചെയ്യവേ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കര്‍ണാടക സൂറത്കല്‍ എന്‍ ഐ ടി വിദ്യാര്‍ഥി അരിബുദ്ദീന്‍ (22) മരിച്ചിരുന്നു. അപകടമേഖലയായ പനത്തടി റാണിപുരം റോഡില്‍ ഇത്തരം സാഹസിക യാത്രകള്‍ പതിവാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇവര്‍ തന്നെയാണ് ദൃശ്യം പകര്‍ത്തി പൊലീസിന് അയച്ചുകൊടുത്തതും.
റാണിപുരത്ത് നിന്ന് പനത്തടിയിലേക്കുള്ള യാത്രക്കിടെയാണ് യുവാക്കള്‍ കാറിന്റെ ഡികി ഉയര്‍ത്തി അവിടെ ഇരുന്ന് അതിവേഗം യാത്ര ചെയ്തത്. പിന്നാലെ എത്തിയ വാഹനത്തിലുണ്ടായിരുന്നവരാണ് വീഡിയോ പകര്‍ത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് മാലക്കല്ലില്‍ നിന്ന് കാറും, യാത്ര ചെയ്ത അഞ്ച് വിദ്യാര്‍ഥികളെയും കസ്റ്റഡിയിലെടുത്തു. മേഖലയില്‍ അപകടം പതിവായ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കിയതായി രാജപുരം പൊലീസ് പറഞ്ഞു.