Accident | മുസ്ലിം ലീഗ് നേതാവിനും ഭാര്യയ്ക്കും കർണാടക കെഎസ്ആർടിസി ബസ് ഇടിച്ച് പരുക്ക്
● മംഗൽപാടി മള്ളങ്കൈയിലാണ് സംഭവം
● അപകടം അധ്യാപികയായ ഭാര്യയെ സ്‌കൂടറിൽ കൊണ്ടുവിടുന്നതിനിടെ
● പൊലീസ് അന്വേഷണം ആരംഭിച്ചു
ഉപ്പള: (KasargodVartha) മുസ്ലിം ലീഗ് നേതാവും മംഗൽപാടി മുൻ പഞ്ചായത് പ്രസിഡന്റുമായ ശാഹുൽ ഹമീദിനെയും (45), ഭാര്യയും കുറിച്ചിപ്പള്ള സ്‌കൂളിലെ അധ്യാപികയുമായ ത്വാഹിറ (40) യെയും കർണാടക ആർടിസി ബസിടിച്ച് നിർത്താതെ പോയി. ബുധനാഴ്ച രാവിലെ 9.40 മണിയോടെ മംഗൽപാടി മള്ളങ്കൈയിലാണ് അപകടം.
ഭാര്യയെ സ്‌കൂളിലേക്ക് കൊണ്ടുവിടാൻ സ്‌കൂടറിൽ പോകുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. ബസ് നിർത്താതെ പോവുകയായിരുന്നുവെന്ന് ശഹ്റുൽ ഹമീദ് പറഞ്ഞു. അപകടം കണ്ട് ഓടിക്കൂടിയ പ്രദേശവാസികൾ ഇരുവരെയും ആദ്യം മംഗൽപാടി താലൂക് ആശുപത്രിയിലും, പരുക്ക് ഗുരുതരമായതിനാൽ പിന്നീട് കുമ്പള സഹകരണ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു
ശാഹുൽ ഹമീദിന്റെ കൈയെല്ല് പൊട്ടുകയും ദേഹമാസകലം പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടം വരുത്തിയ ഒരു കർണാടക ആർടിസി ബസിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ബസാണോ ഇവരെ ഇടിച്ചതെന്ന് വ്യക്തമല്ല.
#KarnatakaRTCaccident #Mangalpady #MuslimLeague #injured #hospital #KeralaNews