city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; 2 കാസര്‍കോട് സ്വദേശികള്‍ ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെ കുറ്റപത്രം

കൊച്ചി: (www.kasargodvartha.com 24.04.2016) കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി അഞ്ചരക്കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്തിയ കേസില്‍ അഞ്ച് പേര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ) സീനിയര്‍ സൂപ്രണ്ടും പാലക്കാട് സ്വദേശിയുമായ കെ പി പ്രകാശന്‍, മലപ്പുറം സ്വദേശിയും എയര്‍പോര്‍ട്ടിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ എറ്റെടുത്ത അപ്‌ഷോട് യൂട്ടിലിറ്റി സര്‍വീസസ് മാനേജരുമായ പി മനോജ്, കാസര്‍കോട് സ്വദേശി പി സി നൗഷാദ്, സ്വര്‍ണം കടത്തിയ തിരുവനന്തപുരം സ്വദേശിനി സുഷ സുധാകരന്‍, കാസര്‍കോട് സ്വദേശിനി മുസ്‌റിയ മുനീര്‍ എന്നിവര്‍ക്കെതിരെയാണ് എറണാകുളം സി ബി ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2014 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി മൂന്നുതവണയായി 22 കിലോഗ്രാം സ്വര്‍ണം കടത്തിയെന്നാണ് കേസ്. പി സി നൗഷാദ് ഏഴര ലക്ഷം രൂപ കൈക്കൂലി നല്‍കി പ്രകാശനെ വശത്താക്കിയെന്നും സ്വര്‍ണം പുറത്ത് കടത്താനുള്ള സൗകര്യം മനോജ് ഒരുക്കിക്കൊടുത്തുവെന്നും സി ബി ഐ കണ്ടെത്തി.

ദുബൈയില്‍ നിന്നുള്ള വിമാനത്തിലെത്തിയ സ്ത്രീകള്‍ കൈയിലെ ബാഗിലാണ് സ്വര്‍ണം കൊണ്ടുവന്നത്. അതിനുശേഷം വിമാനത്താവളത്തിലെ കക്കൂസില്‍ ഇത് നിക്ഷേപിച്ചു. പ്രകാശനും മനോജും ചേര്‍ന്ന് ഇതെടുത്ത് സുരക്ഷാ പരിശോധനയില്ലാതെ പുറത്തെത്തിച്ച് നൗഷാദിന് കൈമാറുന്നതായിരുന്നു കള്ളക്കടത്തിന്റെ രീതി.

2014 നവംബര്‍ രണ്ടിന് 97 ലക്ഷം രൂപ വിലമതിക്കുന്ന നാലു കിലോഗ്രാം സ്വര്‍ണവും, നവംബര്‍ 15ന് 1.87 കോടി രൂപ വിലമതിക്കുന്ന എട്ട് കിലോ സ്വര്‍ണവും, ഡിസംബര്‍ ഏഴിന് 2.68 കോടി രൂപ വിലമതിക്കുന്ന 10 കിലോ സ്വര്‍ണവുമാണ് ഇവര്‍ ഈ വിധത്തില്‍ കടത്തിയത്.

ഒടുവില്‍ ഡിസംബര്‍ ഏഴിനാണ് സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ സംഘം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്‌സിന്റെ പിടിയിലായത്. തുടര്‍ന്ന് കേസ് സി ബി ഐ ഏറ്റെടുക്കുകയായിരുന്നു. എ ബൈജുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; 2 കാസര്‍കോട് സ്വദേശികള്‍ ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെ കുറ്റപത്രം


Keywords : Kochi, Airport, Gold, Court, Kasaragod, Karipur Airport, Charge Sheet, CBI, Karipur gold smuggling: Charge sheet against 5.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia