city-gold-ad-for-blogger

വികസന സ്വപ്നങ്ങൾക്ക് കുതിപ്പേകേണ്ട കരിന്തളം യോഗ-പ്രകൃതിചികിത്സാ കേന്ദ്രം 7 വർഷമായി തറക്കല്ലിൽ; 80 കോടിയുടെ പദ്ധതി ഫയലിൽ ഉറങ്ങുന്നു

₹80-crore Karinthalam Yoga and Naturopathy Research Centre project remains stalled 7 years after foundation stone laying.
Photo: Arranged

● കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള ഗവേഷണകേന്ദ്രത്തിനായി 2019 ഫെബ്രുവരി മൂന്നിനാണ് തറക്കല്ലിട്ടത്
● കിനാനൂർ-കരിന്തളം പഞ്ചായത്തിലെ തോളേനി പ്രദേശത്തെ 15 ഏക്കർ ഭൂമിയാണ് സംസ്ഥാന സർക്കാർ ഇതിനായി വിട്ടുനൽകിയത്
● 80 കോടി രൂപ ചെലവിൽ 100 കിടക്കകളോടുകൂടിയ ആധുനിക ആശുപത്രി സമുച്ചയം നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം
● മൂന്ന് വർഷത്തിനകം നിർമാണം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും പണികൾ ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല

-കുഞ്ഞിക്കണ്ണൻ മുട്ടത്ത്

നീലേശ്വരം: (KasargodVartha) ജില്ലയിലെ ആരോഗ്യ-ചികിത്സാരംഗത്തിന് പ്രതീക്ഷ നൽകിയ കേന്ദ്ര സർക്കാർ പദ്ധതിയായ കരിന്തളം യോഗ-പ്രകൃതിചികിത്സാ ഗവേഷണകേന്ദ്രം ഏഴ് വർഷം പിന്നിട്ടിട്ടും യാഥാർഥ്യമായില്ല.

ആഘോഷപൂർവം തറക്കല്ലിട്ട പദ്ധതി ഇപ്പോഴും ഫയലുകളിൽ മാത്രം ഒതുങ്ങി നിൽക്കുമ്പോൾ, പ്രവൃത്തി ഉദ്ഘാടനം ചെയ്ത ശിലാഫലകം പോലും പഞ്ചായത്ത് ഓഫീസിലെ ഒരു മുറിയിൽ സൂക്ഷിച്ച നിലയിലാണ്.

പദ്ധതി ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങിയില്ല

കേന്ദ്ര ആയുഷ് മന്ത്രാലയത്തിൻ്റെ കീഴിൽ ആരംഭിക്കാനിരുന്ന ഗവേഷണകേന്ദ്രത്തിനായി 2019 ഫെബ്രുവരി മൂന്നിനാണ് തറക്കല്ലിട്ടത്. അന്നത്തെ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കും സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജയും, റവന്യൂ മന്ത്രിയും സ്ഥലം എംഎൽഎയുമായിരുന്ന ഇ ചന്ദ്രശേഖരൻ അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങ് ജനപങ്കാളിത്തത്തോടെയും ഉത്സവാന്തരീക്ഷത്തിലുമാണ് നടന്നത്.

എന്നാൽ പിന്നീട് പദ്ധതി ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കരിന്തളം വില്ലേജിൽ റീസർവേ നമ്പർ 89/1-ൽപ്പെട്ട തോളേനി പ്രദേശത്തെ 15 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി സംസ്ഥാന സർക്കാർ വിട്ടുനൽകിയത്. 100 രൂപ പാട്ടനിരക്കിൽ 30 വർഷത്തേക്കാണ് ഭൂമി അനുവദിച്ചത്.

80 കോടി രൂപ ചെലവിൽ 100 കിടക്കകളോടുകൂടിയ ആധുനിക ആശുപത്രി സമുച്ചയം നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. മൂന്ന് വർഷത്തിനകം നിർമാണം പൂർത്തിയാക്കുമെന്നും അന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

₹80-crore Karinthalam Yoga and Naturopathy Research Centre project remains stalled 7 years after foundation stone laying.

കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യം

യോഗയും പ്രകൃതിചികിത്സയും കൂടുതൽ ജനങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി രൂപകൽപ്പന ചെയ്തത്. സ്വകാര്യ മേഖലയിൽ സാധാരണ യോഗ-നാചുറോപ്പതി ചികിത്സയ്ക്ക് ഒരാൾക്ക് ദിവസേന 2000 രൂപയ്ക്കുമുകളിൽ ചെലവാകുമ്പോൾ, കരിന്തളത്ത് പദ്ധതി യാഥാർഥ്യമായാൽ 500 രൂപ നിരക്കിൽ ചികിത്സ ലഭ്യമാക്കാനാകുമെന്നായിരുന്നു വിലയിരുത്തൽ.

മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്ക് സൗജന്യ ചികിത്സയും ലഭ്യമാക്കുമെന്ന വാഗ്ദാനവും നൽകിയിരുന്നു. ഒന്നാം എൻഡിഎ സർക്കാരിൻ്റെ കാലത്താണ് പദ്ധതി പ്രഖ്യാപിച്ചത്. പിന്നീട് രണ്ടാം എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തിയിട്ടും, തറക്കല്ലിട്ട അതേ മന്ത്രി വീണ്ടും ആയുഷ് വകുപ്പിൻ്റെ ചുമതല വഹിച്ചിട്ടും പദ്ധതിക്ക് ജീവൻ വെച്ചില്ലെന്ന വിമർശനവുമുണ്ട്. ഈ വിഷയം രാജ്മോഹൻ ഉണ്ണിത്താൻ എംപി പാർലമെൻ്റിൽ ഉന്നയിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാരിൽ നിന്ന് തുടർനടപടികളൊന്നും ഉണ്ടായില്ലെന്നാണ് ആരോപണം.

നിരാശയിൽ പ്രദേശവാസികൾ

പദ്ധതിയുടെ അനിശ്ചിതത്വം പ്രദേശവാസികളിലും ആരോഗ്യരംഗത്തും നിരാശ സൃഷ്ടിച്ചിരിക്കുകയാണ്. കരിന്തളത്തെ ദേശീയ തലത്തിലെ യോഗ-പ്രകൃതിചികിത്സാ കേന്ദ്രമാക്കി മാറ്റാമായിരുന്ന പദ്ധതി ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടത് ദൗർഭാഗ്യകരമാണെന്ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാനും നാട്ടുകാരനുമായ പാറക്കോൽ രാജൻ പറഞ്ഞു.

പ്രഖ്യാപിച്ച പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടൽ നടത്തണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുകയാണ്.

ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്യൂ. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. 

Article Summary: The 80-crore Karinthalam Yoga-Naturopathy Research Centre in Kasaragod remains a non-starter seven years after its foundation stone was laid, leaving locals disappointed.

#KasaragodNews #Karinthalam #YogaResearchCentre #AyushMinistry #KeralaNews #DevelopmentIssues

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia