കരിന്തളത്ത് കേന്ദ്ര യോഗ-നാച്ചുറോപതി സെൻ്ററിന് 8 വർഷങ്ങൾക്ക് ശേഷം ആയുഷ് മന്ത്രാലയം ടെൻഡർ ക്ഷണിച്ചു; പദ്ധതിയുടെ ചെലവ് 80 കോടി; കാസർകോട് വാർത്ത ഇംപാക്ട്!
● 100 കിടക്കകളോട് കൂടിയ അത്യാധുനിക ആശുപത്രി സമുച്ചയവും റിസർച്ച് ബ്ലോക്കുമാണ് ഈ വലിയ പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്
● മുൻപ് 2019-ലാണ് അന്നത്തെ കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് നായിക് ഈ വിപ്ലവകരമായ പദ്ധതിക്ക് ഔദ്യോഗികമായി തറക്കല്ലിട്ടത്
● പദ്ധതി വൈകുന്നതിനെതിരെ ഡോ. ഷിൻജി ഉൾപ്പെടെയുള്ളവർ സെൻട്രൽ കൗൺസിലുമായി നിരന്തരം ബന്ധപ്പെട്ട് ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു
● പദ്ധതി പ്രദേശം അവഗണനയിലാണെന്ന കാസർകോട് വാർത്തയുടെ പ്രത്യേക ഇംപാക്ട് റിപ്പോർട്ടിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ വേഗത്തിലുള്ള നീക്കം
-കുഞ്ഞിക്കണ്ണൻ മുട്ടത്ത്
നീലേശ്വരം: (KasargodVartha) വർഷങ്ങളായി തറക്കല്ലിൽ ഒതുങ്ങി കാട് മൂടിക്കിടന്ന കരിന്തളത്തെ കേന്ദ്ര യോഗ-നാച്ചുറോപതി റിസർച്ച് സെൻ്റർ പദ്ധതിക്ക് വീണ്ടും പ്രതീക്ഷയുണർന്നു.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സിസിആർവൈഎൻ (CCRYN) രണ്ട് ദിവസം മുൻപാണ് പദ്ധതിയുടെ നിർമാണത്തിനായി ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഇതോടെ എട്ട് വർഷത്തിലേറെയായി നിലച്ചുപോയ പദ്ധതിക്ക് വീണ്ടും ചലനം വെക്കുകയാണ്.
100 കിടക്കകളോട് കൂടിയ ആശുപത്രി
കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ പത്തേക്കർ പാറപ്പുറത്താണ് സംസ്ഥാനത്തെ ആദ്യ കേന്ദ്ര യോഗ-നാച്ചുറോപതി റിസർച്ച് സെൻ്റർ ഉയരുന്നത്. 100 കിടക്കകളോട് കൂടിയ ആശുപത്രി സമുച്ചയമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ആകെ 9,434.93 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വിവിധ ബ്ലോക്കുകളടങ്ങിയ സമുച്ചയം നിർമിക്കുക. പദ്ധതിയുടെ ഭാഗമായി 2093.72 ചതുരശ്ര മീറ്ററിൽ ട്രീറ്റ്മെൻ്റ് ബ്ലോക്ക്, 2364.94 ചതുരശ്ര മീറ്ററിൽ ഇൻപേഷ്യൻ്റ് അക്കമഡേഷൻ ബ്ലോക്ക്, 930.4 ചതുരശ്ര മീറ്ററിൽ യോഗ ബ്ലോക്ക്, 505.28 ചതുരശ്ര മീറ്ററിൽ ഡോക്ടേഴ്സ് അക്കമഡേഷൻ എന്നിവ ഉൾപ്പെടെയുള്ള കെട്ടിടങ്ങളാണ് നിർമിക്കുക.
അഡ്മിനിസ്ട്രേഷൻ, ഒപി ബ്ലോക്ക്, ഡയറ്റ് ബ്ലോക്ക്, ജീവനക്കാർക്കുള്ള താമസസൗകര്യങ്ങൾ, ബാച്ചിലേഴ്‌സ് അക്കമഡേഷൻ, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തറക്കല്ലിട്ടത് 2019-ൽ
2019-ലാണ് അന്നത്തെ കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് നായിക് പദ്ധതിക്ക് തറക്കല്ലിട്ടത്. 80 കോടി രൂപ ചെലവിൽ മൂന്ന് വർഷത്തിനകം നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു അന്ന് ഉദ്ഘാടന വേദിയിലുണ്ടായ പ്രഖ്യാപനം.
എന്നാൽ തറക്കല്ലിടലിന് ശേഷം തുടർനടപടികൾ നിലച്ചതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. വർഷങ്ങൾ പിന്നിട്ടിട്ടും സ്ഥലമൊട്ടാകെ കാട് മൂടിയ നിലയിലായിരുന്നു.
ഇതിനിടെയാണ് പദ്ധതിയെ വീണ്ടും സജീവമാക്കാൻ വിവിധ തലങ്ങളിൽ ഇടപെടലുകൾ നടന്നത്. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ അംഗവും ഐവൈജിഎംഎ മുൻ സംസ്ഥാന പ്രസിഡൻ്റുമായ ഡോ. ഷിൻജി, യോഗ-നാച്ചുറോപതി സെൻട്രൽ കൗൺസിലുമായി നിരന്തരം ബന്ധപ്പെട്ട് പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നു. ഒടുവിൽ ടെൻഡർ നടപടികളിലേക്ക് കടന്നത് പ്രദേശവാസികൾക്കും ആരോഗ്യരംഗത്തിനും ആശ്വാസമായി.
സംസ്ഥാനത്ത് ആദ്യമായാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിൽ ഇത്തരമൊരു യോഗ-നാച്ചുറോപതി റിസർച്ച് സെൻ്റർ യാഥാർഥ്യമാകുന്നത്.
കാസർകോട് ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് മുന്നേറ്റമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും ആരോഗ്യ പ്രവർത്തകരും. ഗ്രാമീണ മേഖലയിലെ ആരോഗ്യ രംഗത്തും ടൂറിസത്തിനും പ്രകൃതി ചികിത്സാരംഗത്തിനും പദ്ധതി പുതിയ സാധ്യതകൾ തുറക്കുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസം പദ്ധതി മുടങ്ങി കിടക്കുന്നതായും പദ്ധതി പ്രദേശം കാട് മൂടിക്കിടക്കുന്നതിനെക്കുറിച്ചും കാസർകോട് വാർത്ത അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ടെൻഡർ നടപടികൾ ആരംഭിച്ചതെന്നതും ശ്രദ്ധേയമാണ്.
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതൽ വികസന വാർത്തകൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജില്‍ ഈ വാര്‍ത്തയുടെ താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Eight years after its foundation was laid, the Central AYUSH Ministry has invited tenders for the 80-crore Central Yoga-Naturopathy Research Centre in Karinthalam, Kasaragod, reviving hopes for the stalled project.
#KasaragodNews #Karinthalam #YogaResearchCentre #AyushMinistry #KeralaDevelopment #Naturopathy






