കറന്തക്കാട് – റെയിൽവേ സ്റ്റേഷൻ റോഡിൻ്റെ ആദ്യ റീച്ച് പണി പുനരാരംഭിച്ചതോടെ സർവത്ര പരാതി; റോഡിന് നടുവിലെ മാൻഹോൾ തകർന്നു, കൈവരി ആടുന്നു
● കഴിഞ്ഞ മഴക്കാലത്ത് തിടുക്കപ്പെട്ട് ടാർ ചെയ്ത ഭാഗം തകർന്ന് തരിപ്പണമായിരുന്നു.
● സ്വകാര്യ ടെലികോം കമ്പനിക്ക് കേബിളിടാൻ നിർമ്മിച്ച മാൻ ഹോളാണ് ട്രാഫിക്ക് സർക്കിളിന് സമീപം തകർന്നത്.
● ഒന്നര കിലോമീറ്റർ ദൂരമുള്ള ആദ്യ റീച്ചിന് പൊതുമരാമത്ത് വകുപ്പിൻ്റെ 5 കോടി രൂപയാണ് അനുവദിച്ചത്.
● ബിറ്റുമിൻ മെക്കാഡവും ബിറ്റുമിൻ കോൺക്രീറ്റും ഉൾപ്പെടുത്തിയാണ് പ്രധാന നിർമാണം.
● ഡ്രെയ്‌നേജ് നിർമ്മാണം, വൈദ്യുതി തൂണുകൾ മാറ്റൽ, വാട്ടർ അതോറിറ്റിയുടെ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കൽ എന്നിവ പുരോഗമിക്കുന്നു.
കാസർകോട്: (KasargodVartha) കറന്തക്കാട്–റെയിൽവേ സ്റ്റേഷൻ റോഡിൻ്റെ ആദ്യ റീച്ചിൻ്റെ പണി പുനരാരംഭിച്ചതോടെ വാഹനയാത്രക്കാരും പൊതുജനങ്ങളും പരാതിയുടെ കെട്ടഴിക്കുന്നു.
കഴിഞ്ഞ മഴക്കാലം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പകുതിയോളം ഭാഗം തിടുക്കപ്പെട്ട് ടാറിംഗ് ചെയ്തിരുന്നു.എന്നാൽ മഴയോടെ ടാർ ചെയ്തതെല്ലാം തകർന്ന് തരിപ്പണമായി.മഴ മാറിയതോടെ ഇപ്പോൾ റോഡിന്റെ പണി വീണ്ടും ആരംഭിച്ചതോടെയാണ് വീണ്ടും പരാതികൾ ഉയരാൻ തുടടങ്ങിയത്.
റോഡിന് നടുവിൽ നിർമിച്ച മാൻഹോൾ തകർന്നതും, നടപ്പാതയ്ക്ക് വേണ്ടി നിർമ്മിച്ച കൈവരി ആടാൻ തുടങ്ങിയതുമാണ് തട്ടിക്കൂട്ട് പണിയാണെന്ന ആക്ഷേപം ഉയരാൻ തുടങ്ങിയത്.
സ്വകാര്യ ടെലികോം കമ്പനിക്ക് കേബിളിടാൻ നിർമ്മിച്ച മാൻ ഹോളണ് ട്രാഫിക്ക് സർക്കിളിന് സമീപം തകർന്നിരിക്കുന്നത്. ഫുട്പാത്തിന് വേണ്ടി നിർമ്മിച്ച കൈവരി തായലങ്ങാടി ഭാഗത്ത് അപകടകരമായി ആടുന്നതും വാഹനയാത്രയ്ക്കും കാൽനടയാത്രയ്ക്കും ഭിഷണിയായി മാറിയിരിക്കുകയാണ്.
കറന്തക്കാട് മുതൽ റെയിൽവേ സ്‌റ്റേഷൻ വരെയുള്ള പൊതുമരാമത്ത് വകുപ്പ് റോഡിന്റെ വീതി കൂട്ടി നവീകരിക്കുന്ന ആദ്യ റീച്ചിൻ്റെ പണിയാണ് ഇപ്പോൾ നടക്കുന്നത്. ബിറ്റുമിൻ മെക്കാഡവും ബിറ്റുമിൻ കോൺക്രീറ്റും ഉൾപ്പെടുത്തി ആണ് പ്രധാന നിർമാണം. കറന്തക്കാട്–ക്ലോക്ക് ടവർ വരെ ഒന്നര കിലോമീറ്റർ ദൂരം ആദ്യ റീച്ചിൽ പൊതുമരാമത്ത് വകുപ്പിന്റെ 5 കോടി രൂപയും അവിടെ നിന്ന് റെയിൽവേ സ്‌റ്റേഷൻ തെരുവത്ത് റോഡുവരെ രണ്ടാം റീച്ചിൻ്റെ 700 മീറ്റർ ദൂരം കാസർകോട് വികസന പാക്കേജിലെ 5 കോടി രൂപയും ഉപയോഗിച്ചാണ് വികസനം മുന്നോട്ട് പോകുന്നത്.
നൂറ് കണക്കിന് വാഹനങ്ങളും കാൽനടയാത്രികരും നിരന്തരമായി ഉപയോഗിക്കുന്ന ഈ റോഡ് മാസങ്ങളായി തകർന്ന നിലയിലായിരുന്നു. പല ഇടങ്ങളിലും വാഹനങ്ങൾക്കുപോലും കടന്ന് പോകാൻ പ്രയാസമുണ്ടാകുന്ന കുണ്ടും കുഴിയും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
പണി പൂർത്തിയായാൽ കാസർകോട്–പള്ളം റോഡ് ജംക്‌ഷൻ മുതൽ ക്ലോക്ക് ടവർ വരെ നടപ്പാത, ഇന്റർലോക്ക്, മെക്കാഡം ടാറിങ് എന്നിവയോടെ ടൗണിന് പുതുജീവൻ ലഭിക്കുമെന്ന പ്രതീക്ഷയും ഉയർന്നിരുന്നു.

ഡ്രെയ്നേജ് പണി പുരോഗമിക്കുന്നു
ട്രാഫിക് സർക്കിൾ മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വരെ കട ഉടമകൾ സ്വമേധയാ വിട്ടുനൽകിയ ഒന്നര മീറ്റർ സ്ഥലത്താണ് പുതിയ ഡ്രെയ്നേജ് നിർമാണം ഏതാണ്ട് പൂർത്തിയായി വരുന്നത്.ഫണ്ട് പരിമിതമായതിനാൽ ഏറ്റവും പഴക്കം ചെന്നതും തകർന്നതുമായ ഡ്രെയ്നേജ് മാത്രമാണ് മാറ്റി പുതുതായി പണിയുന്നത്. 1.2 മീറ്റർ വീതിയുള്ള ഡ്രെയ്നേജും നടപ്പാതയും ഉൾപ്പെടുത്തി നിർമാണമാണ് പുരോഗമിക്കുന്നത്. വ്യാപാരികൾ വിട്ടു കൊടുക്കുന്ന സ്ഥലത്തിന്റെ ലഭ്യത അനുസരിച്ചാണ് പ്രവൃത്തികൾ മുന്നോട്ട് പോകുന്നത്.
ഡ്രെയ്നേജിന് മുകളിൽ നടപ്പാത പണി
ഡ്രെയ്നേജിന് മുകളിലെ നടപ്പാതയും ഒരേസമയം നടക്കുകയാണ്. ചില ഭാഗങ്ങളിൽ ജോലി പൂർത്തിയാകാനുണ്ട്. അതോടൊപ്പം വാട്ടർ അതോറിറ്റിയുടെ 160 എംഎം പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലിയും നടക്കുന്നു. ഒരു മീറ്ററിലധികം താഴ്ചയിലാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. വീടുകളിലേക്കുള്ള 20 എംഎം കണക്ഷനും മാറ്റി പുതിയ ലൈനിൽ ബന്ധിപ്പിക്കും.
കടകൾ പൊളിച്ചു നീക്കൽ, വൈദ്യുതി തൂണുകൾ മാറ്റൽ
റോഡിന്റെ ഇരുഭാഗത്തും കടകൾ പൊളിച്ചു നീക്കി സ്ഥലത്ത് പുതിയ കടകൾ പണിതിട്ടുണ്ട്. വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. പൈപ്പ് ലൈൻ പണികൾ ഏതാണ്ട് പൂർത്തിയായതോടെയാണ് ടാറിംഗ് തുടങ്ങിയിരിക്കുന്നത്.
കറന്തക്കാട് റോഡ് പണിയിലെ അപാകതകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക. വാർത്ത മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.
Article Summary: Karinthakkad road work restart faces complaints about defects.
#KasaragodRoad #PWDWork #RoadSafety #ManholeDanger #Karinthakkad #LocalNews






