Arrested | കാറഡുക്ക അഗ്രികള്‍ചറല്‍ സൊസൈറ്റിയിലെ കോടികളുടെ തട്ടിപ്പ്; 3 പേര്‍ അറസ്റ്റില്‍
*പ്രതിയുടെ സ്വിച് ഓഫ് ചെയ്ത മൊബൈല്‍ ഫോണില്‍ വിളിക്കുമ്പോള്‍ മലയാളത്തിലും കന്നടയിലും മാറി മാറി അറിയിപ്പുകള്‍ ലഭിക്കുന്നു.
*2 മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
*പാര്‍ടിയെയും വെട്ടിലാക്കി.
മുള്ളേരിയ: (KasargodVartha) കാറഡുക്ക അഗ്രികള്‍ചറല്‍ സൊസൈറ്റിയില്‍ നിന്ന് അഞ്ചുകോടിയോളം രൂപ തട്ടിപ്പ് നടത്തി മുങ്ങിയ സി പി എം ലോകല്‍ കമിറ്റി അംഗവും ബാങ്കിന്റെ സെക്രടറിയുമായ കെ രതീശന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് സംഘത്തിലെ കണ്ണികളാണെന്ന സൂചന പുറത്തുവന്നു. കേസുമായി ബന്ധപ്പെട്ട് രതീശന്റെ മൂന്ന് സുഹൃത്തുക്കളെ വ്യാഴാഴ്ച (16.05.2024) വൈകുന്നേരത്തോട് കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനില്‍ കുമാര്‍, ഗഫൂര്‍, ബേകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബശീര്‍ എന്നിവരാണ് പിടിയിലായത്. സൊസൈറ്റിയില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണം ഇവരാണ് പണയംവെച്ചതെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് സംഘത്തിലെ കണ്ണികളാണ് ഇത്തരമൊരു വലിയ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം, സെക്രടറി രതീശന്‍ ബെംഗ്ളൂറില്‍ രണ്ട് ഫ്ളാറ്റ് വാങ്ങിയതായും വയനാട്ടില്‍ പലയിടങ്ങളിലായി സ്ഥലം വാങ്ങികൂട്ടിയതായും സൂചന പുറത്തുവരുന്നുണ്ട്. ഇതിന്റെ ചില രേഖകള്‍ യുവാവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായും വിവരമുണ്ട്. 4.76 കോടി രൂപയുടെ തട്ടിപ്പാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതുകൂടാതെ മറ്റെന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
രതീശന്‍ രണ്ട് തവണകളിലായി സത്താര്‍ എന്നയാളുടെ അകൗണ്ടിലേക്ക് പണമയച്ചിട്ടുണ്ട്. ഒരു തവണ 60 ലക്ഷം രൂപയും പിന്നീട് 40 ലക്ഷം രൂപയുമാണ് അയച്ചത്. സത്താറും രതീശനും തമ്മിലുള്ള ബന്ധം സംബന്ധിച്ചുള്ള അന്വേഷണമാണ് പൊലീസ് ഇപ്പോള്‍ നടത്തുന്നത്. നേരത്തെ ബെംഗ്‌ളൂറിലേക്ക് ഒളിവില്‍പോയ രതീശന്‍ നിലവില്‍ കര്‍ണാടക - കേരള അതിര്‍ത്തി പ്രദേശത്താണുള്ളതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്വിച് ഓഫ് ചെയ്ത മൊബൈല്‍ ഫോണില്‍ വിളിക്കുമ്പോള്‍ മലയാളത്തിലും കന്നടയിലും മാറി മാറി അറിയിപ്പുകള്‍ ലഭിക്കുന്നതാണ് ഈ സംശയത്തിന് കാരണം. യുവാവ് ബോധപൂര്‍വം അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ മൊബൈല്‍ ഫോണ്‍ അതിര്‍ത്തി പ്രദേശത്ത് വെച്ചതാണോയെന്ന സംശയവും ഉയരുന്നുണ്ട്.
അതി സമര്‍ഥമായാണ് രതീശന്‍ സൊസൈറ്റിയില്‍ നിന്നും പണം തട്ടിയെടുത്തിട്ടുള്ളത്. രതീശന് ബെംഗ്‌ളൂറിലെ ചിലരുമായാണ് ബന്ധമുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. കേസന്വേഷണം കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ഡി വൈ എസ് പി ഷിബു പാപച്ചന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സൊസൈറ്റിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ കെ ലസിക വ്യക്തമാക്കി.
സി പി എം നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം ക്രമക്കേടുകള്‍ പാര്‍ടിയെയും വെട്ടിലാക്കിയിട്ടുണ്ട്. സൊസൈറ്റിയില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ വിമുഖത പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് പാര്‍ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.