Endosulfan Victim | 5 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന കാറഡുക്ക സഹകരണ സംഘത്തിലെത്തിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മയെ പണം നല്‍കാതെ തിരിച്ചയച്ചതായി പരാതി
*ജീവിത മാര്‍ഗം പെന്‍ഷന്‍ മാത്രം.
*നിക്ഷേപം നഷ്ടപ്പെടുമോയെന്ന് ആശങ്ക.
*സഹോദരിയുടെ ചികിത്സയ്ക്കും മരുന്നിനുമായി എന്ത് ചെയ്യുമെന്നറിയാതെ കുഴങ്ങി.
കാറഡുക്ക: (KasargodVartha) അഞ്ചുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന കാറഡുക്ക സഹകരണ സംഘത്തിലെത്തിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയെ പണം നല്‍കാതെ തിരിച്ചയച്ചതായി പരാതി. നിക്ഷേപിച്ച പണത്തില്‍നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിക്കാനെത്തിയ എന്‍ഡോസള്‍ഫാന്‍ ഇരയ്ക്ക് 5000 രൂപ മാത്രം നല്‍കി മടക്കി അയച്ചുവെന്നാണ് പരാതി. ഇതോടെ ഇടപാടുകാരുടെ പ്രതിഷേധം ശക്തമാകുകയാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ 58 കാരിയും കര്‍മ്മംതൊടി മുണ്ടോള്‍ സ്വദേശിയുമായ ലക്ഷ്മിക്ക് സുപ്രീംകോടതി വിധി പ്രകാരം ആശ്വാസ ധനമായി കിട്ടിയ അഞ്ച് ലക്ഷം രൂപ കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോ ഓപറേറ്റീവ് സൊസൈറ്റിയിലായിരുന്നു നിക്ഷേപിച്ചത്. ഇതില്‍ ചികിത്സയ്ക്കും മറ്റുമായി പിന്‍വലിച്ചതിന്റെ ബാക്കി രണ്ടര ലക്ഷം രൂപ നീക്കിയിരിപ്പുണ്ട്. അര്‍ബുദ ബാധിതയായ സഹോദരി നാരായണിയുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ സൊസൈറ്റിയില്‍ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്ന് ലക്ഷ്മി ആരോപിച്ചു.
ഇപ്പോള്‍ ആശുപത്രിയിലുള്ള സഹോദരിയുടെ ചികിത്സയ്ക്കും മരുന്നിനുമായി എന്ത് ചെയ്യുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഇവര്‍. ലക്ഷ്മിയും സഹോദരി മീനാക്ഷിയും അര്‍ബുദ ബാധിതയായ നാരായണിയും മാത്രമാണ് വീട്ടിലുള്ളത്. ജീവിത മാര്‍ഗം പെന്‍ഷന്‍ മാത്രമാണ്. നിക്ഷേപം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ഇവരിപ്പോള്‍.
ലക്ഷ്മിയുടെ അവസ്ഥ മനസ്സിലാക്കിയതോടെ മറ്റ് നിക്ഷേപകരും പണം ആവശ്യപ്പെട്ട് സംഘത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. അതേസമയം കേസിലെ പ്രതിയും ലോകല്‍ കമിറ്റി അംഗവുമായ കെ രതീശനും കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ജബ്ബാറും ഒളിവില്‍തന്നെയാണ്. ഇവര്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടിലേക്കാണ് സംഘത്തില്‍നിന്ന് വെട്ടിച്ചെടുത്ത പണം ഒഴുക്കിവിട്ടതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.