Road Condition | കന്യപ്പാടി-മുണ്ട്യത്തടുക്ക റോഡ് മെകാഡം ചെയ്യണമെന്ന ആവശ്യം ശക്തം; യാത്രാദുരിതത്തിന് വേണം അറുതി
● റോഡിന്റെ ദുരിതാവസ്ഥ കാരണം യാത്രക്കാർ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു.
● കുണ്ടും കുഴിയും നിറഞ്ഞ ഈ വഴിയിലൂടെ വാഹനങ്ങൾ കടന്നുപോകാൻ ഏറെ പ്രയാസമാണ്.
● റോഡിന്റെ ദുരിതാവസ്ഥക്ക് ഉടൻ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
ബദിയഡുക്ക: (KasargodVartha) കന്യപ്പാടി-മുണ്ട്യത്തടുക്ക റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായി. ഉക്കിനടുക്ക മെഡികൽ കോളജിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള പ്രധാന മാർഗമായിട്ടും ഈ റോഡ് അറ്റകുറ്റപ്പണികൾ നടത്താതെ കാട് കയറി കിടക്കുകയാണ്. റോഡിന്റെ ദുരിതാവസ്ഥ കാരണം യാത്രക്കാർ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു.
നീർച്ചാൽ മുതൽ കന്യപ്പാടി വരെ, മുണ്ട്യത്തടുക്ക റോഡിന്റെ ഏതാനും ഭാഗങ്ങൾ മുൻപ് മെക്കാഡം ചെയ്തിരുന്നു. എന്നാൽ കന്യപ്പാടി മുതൽ പള്ളം ടൗൺ വരെ പുത്തിഗെ റോഡുമായി ബന്ധിപ്പിക്കുന്ന ഏഴ് കിലോമീറ്റർ ഭാഗം ഇപ്പോഴും പഴയ രൂപത്തിൽ തന്നെ തുടരുകയാണ്. കുണ്ടും കുഴിയും നിറഞ്ഞ ഈ വഴിയിലൂടെ വാഹനങ്ങൾ കടന്നുപോകാൻ ഏറെ പ്രയാസമാണ്. വീതി കുറവായതുകൊണ്ട് തന്നെ വലിയ വാഹനങ്ങൾക്കും, ബസുകൾക്കും ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
കാസർകോട് ഗവ. മെഡികൽ കോളജ് സ്ഥിതി ചെയ്യുന്ന ഉക്കിനടുക്കയിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡാണിത്. റോഡ് മെകാഡം ചെയ്ത് വീതി കൂട്ടുകയാണെങ്കിൽ, ചെർക്കള-കല്ലടുക്ക അന്തർസംസ്ഥാന പാതയിൽ നിന്ന് മെഡികൽ കോളജ് വഴി എൽക്കാന-പള്ളം പുത്തിഗെ റോഡിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. ഇത് യാത്ര സമയം കുറയ്ക്കുകയും യാത്രാസുഖം വർധിപ്പിക്കുകയും ചെയ്യും.
മുണ്ട്യത്തടുക്ക റൂട്ടിൽ പതിനഞ്ചോളം ബസുകൾ നൂറിലധികം ട്രിപുകൾ നടത്തുന്നുണ്ട്. രണ്ട് എയ്ഡഡ് യു പി, എൽ പി സ്കൂളുകൾ, മെഡികൽ കോളജ്, സർകാർ പ്രാഥമിക ആരോഗ്യ കേന്ദ്രം, ബാങ്കുകൾ, അക്ഷയ കേന്ദ്രം എന്നിവ ഈ പ്രദേശത്ത് പ്രവർത്തിക്കുന്നു. കർണാടകയിലെ വിട്ള-പുത്തൂർ ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും ഈ റൂട് ഉപയോഗപ്രദമാണ്. ദിനംപ്രതി ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ ഈ വഴി കടന്നുപോകുന്നു.
ഇത്രയധികം പ്രാധാന്യമുള്ള ഒരു റോഡിന്റെ ശോചനീയാവസ്ഥ അധികാരികൾ കാണാതെ പോകുന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നു. റോഡിന്റെ ദുരിതം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തണമെന്നും എത്രയും പെട്ടെന്ന് റോഡ് മെകാഡം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിന് റോഡിന്റെ ചുമതല കൈമാറണമെന്ന ആവശ്യവും ശക്തമായി ഉയർന്നിട്ടുണ്ട്.
അതേസമയം, വരാനിരിക്കുന്ന സാമ്പത്തിക വർഷത്തെ ബജറ്റിൽ ഈ പദ്ധതി ഉൾപ്പെടുത്തുമെന്നും അതിനായുള്ള തുക നീക്കിവെക്കുമെന്നും ജില്ലാ പഞ്ചായത് അധികാരികൾ അറിയിച്ചിട്ടുണ്ട്. അധികാരികളുടെ ഈ ഉറപ്പിൽ പ്രതീക്ഷ അർപ്പിച്ച് കാത്തിരിക്കുകയാണ് നാട്ടുകാർ. റോഡിന്റെ ദുരിതാവസ്ഥക്ക് ഉടൻ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
#KasargodNews, #RoadCondition, #Infrastructure, #RoadRepair, #PublicDemand, #KanyappadiMundythadukka