Dismissal | എഡിഎമിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം പരീക്ഷാ ചോദ്യ പേപറിൽ; വിവാദത്തിന് പിന്നാലെ മഞ്ചേശ്വരം കാംപസിലെ അധ്യാപകനെ സർവകലാശാല പുറത്താക്കി
● എസ്എഫ്ഐയുടെ പരാതിയെ തുടർന്ന് നടപടി
● എൽഎൽബി മൂന്നാം സെമസ്റ്റർ പരീക്ഷയിലായിരുന്നു ചോദ്യം
● താത്കാലിക അധ്യാപകനാണ് പുറത്താക്കപ്പെട്ടത്
മഞ്ചേശ്വരം: (KasargodVartha) കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം പരീക്ഷാ പേപറിൽ ഉൾപ്പെടുത്തിയതിന് അധ്യാപകനെ സർവകലാശാല പുറത്താക്കി. കണ്ണൂർ യൂണിവേഴ്സിറ്റി മഞ്ചേശ്വരം കാംപസിലെ നിയമവിഭാഗം അധ്യാപകൻ ഷെറിൻ സി എബ്രഹാമിനെതിരെയാണ് നടപടിയെടുത്തത്.
എൽഎൽബി മൂന്നാം സെമസ്റ്റർ ഹ്യൂമൻ റൈറ്റ്സ് ലോ ആൻഡ് പ്രാക്ടീസ് വിഷയത്തിൽ കോളജ് തലത്തിൽ നടന്ന പരീക്ഷയിലാണ് ഈ ഏഴ് മാർകിനുള്ള വിവാദ ചോദ്യം ഉൾപ്പെടുത്തിയത്. ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും സംഭവങ്ങൾ അതേപടി ചോദ്യപേപറിലുണ്ട്.
'രാഷ്ട്രീയ നേതാവ് തെളിവുകളൊന്നും സമർപ്പിക്കാതെ പരസ്യമായി എഡിഎമിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു, ഇത് അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചു. ആത്മഹത്യക്കു പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് രാഷ്ട്രീയ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു, അവർ മുൻകൂർ ജാമ്യം അപേക്ഷിച്ചു. . ഈ കേസിലെ മനുഷ്യാവകാശ ആശങ്കകൾ ചിത്രീകരിക്കുകയും മനുഷ്യാവകാശ കാഴ്ചപ്പാടിൽ കേസ് തീരുമാനിക്കുകയും ചെയ്യുക', എന്നതാണ് ചോദ്യം.
ചോദ്യപേപർ വിവാദമായതോടെ എസ്എഫ്ഐ കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താത്കാലിക അധ്യാപകനെ പുറത്താക്കിയത്.
#KannurUniversity #EDMDeath #Controversy #ExamQuestion #Dismissal #Teacher #HumanRights #Law #Politics #Suicide #Allegation #KeralaNews