കണ്ണൂര്‍ യുണിവേഴ്‌സിറ്റി കലോത്സവത്തില്‍ കണ്ണൂര്‍ എസ് എന്‍ കോളേജ് മുന്നില്‍; പുറത്തെ സംഭവങ്ങളില്‍ വാചാലരാകുന്നവര്‍ നാട്ടിലെ സംഭവങ്ങളില്‍ മൗനം പാലിക്കുന്നു -ടി പത്മനാഭന്‍
Feb 16, 2017, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 16/02/2017) കണ്ണൂര്‍ യുണിവേഴ്‌സിറ്റി കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോള്‍ കണ്ണൂര്‍ എസ് എന്‍ കോളജ് മുന്നിട്ടുനില്‍ക്കുന്നു. പൊവ്വല്‍ എല്‍ബിഎസ് എന്‍ജിനിയറിങ് കോളജിലാണ് കലോത്സവം നടക്കുന്നത്. കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സാഹിത്യകാരന്‍ ടി പത്മനാഭന്‍ നിര്‍വ്വഹിച്ചു.
ഹൈദരാബാദ് കേന്ദ്രസര്‍വ കലാശാലയിലെ നീതിനിഷേധത്തെക്കുറിച്ച് വാചാലരാകുന്നവര്‍ തിരുവനന്തപുരം പേരൂര്‍ക്കടയിലെ സംഭവവികാസങ്ങളെക്കുറിച്ച് മൗനം അവലംബിക്കുകയാണെന്ന് ടി പത്മനാഭന്‍ പറഞ്ഞു. ലോ അക്കാദമി വിഷയത്തില്‍ എസ്എഫ്‌ഐയെ പേരെടുത്തുപറയാതെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം.
മഹത്തായ കാര്യത്തിനുവേണ്ടി ആരംഭിച്ച ഒരു ട്രസ്റ്റ് ഇന്നൊരു കുടുംബത്തിന്റെ മാത്രം സ്വത്തായി മാറി. വിദ്യാസമ്പന്നരെന്നും സോഷ്യലിസ്റ്റുകളെന്നും വിപ്ലവകാരികളെന്നും ഊറ്റം കൊള്ളുന്നവരുടെ നാട്ടിലാണ് ഇത്തരമൊരു സ്ഥിതിവിശേഷം. സാങ്കേതികവിദ്യയുടെ കാര്യത്തില്‍ മാത്രമല്ല, അഴിമതിയുടെ കാര്യത്തിലും നാട് ഏറെ പുരോഗമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോകം കണ്ട ഏറ്റവും വലിയ കൊള്ളയടിക്കാരിയുടെയും അവരുടെ തോഴിയുടെയും കഥകളാണ് ഇന്നു മാധ്യമങ്ങളില്‍ നിറയുന്നത്. ഈ കേസിലെ ഒന്നാം പ്രതിയെ ഇന്നും വാഴ്ത്തിപ്പാടുകയാണ് തമിഴ് ജനത. അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. ഇവിടുത്തെ സ്ഥാനാര്‍ഥികളില്‍ ബഹുഭൂരിഭാഗവും കൊലപാതകം അടക്കമുള്ള കേസുകളില്‍ വിചാരണകള്‍ നേരിടുന്നവരാണ്.
ലാളിത്യത്തിന്റെ പ്രതീകമായ ലാല്‍ ബഹദൂര്‍ ശാസ്ത്രിയെപ്പോലുള്ളവരുടെ വംശം ഇന്നു കുറ്റിയറ്റുപോയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ഘോരഘോരം പ്രസംഗിക്കുന്നത് നിരര്‍ഥകമാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ശ്രീനാരായണ കോളജ് 31 പോയിന്റുമായാണ് മുന്നിട്ടുനില്‍ക്കുന്നത്. 25 പോയിന്റ് നേടിയ പയ്യന്നൂര്‍ കോളജും 24 പോയിന്റു നേടിയ കാഞ്ഞങ്ങാട് നെഹ് റു കോളജും 22 പോയിന്റ് നേടിയ കാസര്‍കോട് ഗവ. കോളജുമാണ് തൊട്ടുപിന്നില്‍. സ്‌റ്റേജിതര മത്സരങ്ങളുടെ സമാപന സമ്മേളനം വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സമ്മാന വിതരണവും അദ്ദേഹം നിര്‍വഹിക്കും.
ഉദ്ഘാടന പരിപാടിയില്‍ എഴുത്തുകാരന്‍ പി വി ഷാജികുമാര്‍ മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഒ എം വിനോദ് അധ്യക്ഷതവഹിച്ചു. ചിത്രകാരന്‍ പി എസ് പുണിഞ്ചിത്തായ, മുളിയാര്‍ പഞ്ചായത്ത്പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഗീത ഗോപാലന്‍, പഞ്ചായത്തംഗം നബീസ മുഹമ്മദ്കുഞ്ഞി, കണ്ണൂര്‍ സര്‍വകലാശാല പ്രോവൈസ്ചാന്‍സ്‌ലര്‍ ഡോ. ടി അശോകന്‍, സിന്‍ഡിക്കേറ്റംഗം കെ രാജു, പത്മനാഭന്‍ കാവുമ്പായി, യൂനിയന്‍ ചെയര്‍മാന്‍ എം കെ വിഷ്ണു, ജനറല്‍ സെക്രട്ടറി ജില്‍മി വര്‍ഗീസ്, ബി വൈശാഖ്, എ അബ്ദുര്‍റഹ് മാന്‍, കെ രഹില്‍, ശരത് കെ ശശി സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kannur University, College, Kalolsavam, Povvel, Inauguration, Case, Accuse, Murder, N.A Nellikkunnu, Govt. College, Nehru College, Kannur university fest; S.M college lead.