Translation | പൂതപ്പാട്ടിന് കന്നഡ പരിഭാഷയൊരുക്കി ഡോ. സുഷമ ശങ്കർ; 'ഭൂതദഹാഡു' ജനുവരി 7-ന് കാസർകോട്ട് പ്രകാശനം ചെയ്യും
● ചടങ്ങിൽ കന്നഡ പയസ്വിനി പ്രശസ്തി സമ്മാനിക്കും.
● ഇടശ്ശേരി ഗോവിന്ദൻ നായരുടെ കൃതിയാണ് പൂതപ്പാട്ട്.
● കെ വി കുമാരൻ മാസ്റ്റർ പുസ്തക പ്രകാശനം നിർവഹിക്കും.
കാസർകോട്: (KasargodVartha) മലയാളത്തിന്റെ പ്രിയ കവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ അനശ്വര കൃതി 'പൂതപ്പാട്ടി'ന്റെ കന്നഡ പരിഭാഷയായ 'ഭൂതദഹാഡു' ജനുവരി ഏഴിന് കാസർകോട്ട് പ്രകാശനം ചെയ്യും. ബെംഗ്ളൂറിലെ ഡോ. സുഷമ ശങ്കർ ആണ് കന്നഡയിലേക്ക് മൊഴി മാറ്റിയത്.
കൊല്ലം സ്വദേശിയായ ഡോ. സുഷമ ശങ്കർ പഠനാവശ്യങ്ങൾക്കായി ബംഗളൂരുവിൽ എത്തുകയും അവിടെ കന്നഡ ഭാഷ പഠിക്കുകയും കുപ്പം സർവകലാശാലയിൽ നിന്ന് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. ബംഗളൂർ വൈറ്റ്ഫീൽഡിൽ സരസ്വതി എജ്യുക്കേഷൻ ട്രസ്റ്റ് എന്ന വിദ്യാഭ്യാസ സ്ഥാപനവും അവർ നടത്തുന്നു. കന്നഡ, മലയാളം ഭാഷകളിലായി ഇരുപതോളം കൃതികൾ അവർ രചിച്ചിട്ടുണ്ട്. കൂടാതെ, തമിഴ്, തെലുങ്ക് ഭാഷകളിൽ നിന്നും വിവർത്തനങ്ങളും നടത്തിയിട്ടുണ്ട്.
ഒ.എൻ.വിയുടെ 'ഭൂമിക്കൊരു ചരമഗീതം', 'അക്ഷരം', അക്കിത്തത്തിന്റെ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം', 'ഇടിഞ്ഞു പൊളിഞ്ഞ ലോകം', ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' എന്നിവയാണ് പ്രധാനമായും മലയാളത്തിൽ നിന്ന് കന്നഡയിലേക്ക് വിവർത്തനം ചെയ്ത കൃതികൾ. കന്നഡ കവി ദൊഡ്ഡ രംഗേഗൗഡരുടെ 'യുഗവാണി' കവിതാസമാഹാരം, 'സുബ്രഹ്‌മണ്യ ഭാരതിയുടെ കുയിൽ പാട്ട് ഒരു വിലയിരുത്തൽ' (പ്രൊഫ. ന. സുബ്ബുറെഡ്ഡിയാർ) എന്നിവയും തമിഴിൽ നിന്ന് ജ്ഞാനപീഠ പുരസ്‌കാര ജേതാവ് സി. നാരായണ റെഡ്ഡിയുടെ 'വിശ്വംഭര' മഹാകാവ്യം തെലുങ്കിൽ നിന്ന് മലയാളത്തിലേക്കും അവർ വിവർത്തനം ചെയ്തിട്ടുണ്ട്.
'അമ്മ ദൈവം', 'ആർദ്രസ്‌നേഹം', 'ഞാൻ മലയാളി', 'അച്ഛൻ തമ്പുരാൻ', 'പുഞ്ചിരിമല കരയുമ്പോൾ' എന്നീ കവിതാ സമാഹാരങ്ങളും, 'നിഴലും നിലാവും' കഥാസമാഹാരവും, 'അച്ഛന്റെ കല്യാണം' എന്ന നോവലും മലയാളത്തിലെ പ്രധാന കൃതികളാണ്. 'മൊദമൊദല ഗെരഗളു', 'അന്നക്കൊട്ട കന്നഡമണ്ണ്' എന്നിവയാണ് കന്നഡയിലെ കൃതികൾ. കുട്ടികളുടെ കന്നഡ മാസികയായ 'തൊദൽനുടി'യുടെ ചീഫ് എഡിറ്ററുമാണ് ഡോ. സുഷമ ശങ്കർ.
ജനുവരി ഏഴിന് വൈകുന്നേരം അഞ്ച് മണിക്ക് നുള്ളിപ്പാടി സീതമ്മ - പുരുഷ നായക കന്നഡ ഭവൻ ഗ്രന്ഥാലയത്തിൽ വെച്ചാണ് ചടങ്ങ് നടക്കുന്നത്. പ്രശസ്ത വിവർത്തകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ വി കുമാരൻ മാസ്റ്റർ പുസ്തക പ്രകാശനം നിർവഹിക്കും. കന്നഡ ഭവൻ ഗ്രന്ഥാലയം പ്രസിഡന്റ് ഡോ. വാമൻ റാവു ബേക്കൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കോലാർ സുവർണഭൂമി ഫൗണ്ടേഷൻ, റോട്ടറി ക്ലബ്ബ്, കന്നഡ ഭവന ഗ്രന്ഥാലയം എന്നിവ സംയുക്തമായി നൽകുന്ന കന്നഡ പയസ്വിനി പ്രശസ്തി ഈ പരിപാടിയിൽ ഡോ. സുഷമ ശങ്കറിന് സമ്മാനിക്കും. കവയിത്രി, വിവർത്തക, ഗ്രന്ഥകാരി, അധ്യാപിക, സംഘാടക എന്നീ നിലകളിൽ പ്രശസ്തയാണ് ഡോ. സുഷമ ശങ്കർ. അക്കിത്തം, ഒ.എൻ.വി. തുടങ്ങിയ പ്രമുഖ കവികളുടെ കൃതികൾ കന്നഡയിലേക്ക് വിവർത്തനം ചെയ്തതിലൂടെ അവർ ശ്രദ്ധേയയായി.
മഹാകവി കുവെംപുവിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ അവാർഡ് ഏർപ്പെടുത്തിയതെന്ന് കന്നഡ ഭവന ഗ്രന്ഥാലയം പ്രസിഡന്റ് ഡോ. വാമൻ റാവു ബേക്കൽ, സന്ധ്യാ റാണി ടീച്ചർ എന്നിവർ അറിയിച്ചു.
#Poothappattu #KannadaTranslation #KeralaLiterature #BookRelease #Kasargod #DrSushamaShankar