Development | അടുത്ത 20 വർഷത്തെ കാഞ്ഞങ്ങാട് എങ്ങനെ? നഗരവികസനത്തിന് പുതിയ മാസ്റ്റർ പ്ലാൻ വരുന്നു!

● ഡ്രോൺ ഉപയോഗിച്ച് സർവേ ആരംഭിച്ചു.
● കേന്ദ്രസർക്കാരിന്റെ സഹായത്തോടെയാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്.
● അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാസ്റ്റർ പ്ലാൻ
കാഞ്ഞങ്ങാട്: (KasargodVartha) അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ഞങ്ങാട് നഗരസഭയ്ക്ക് പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് നഗരത്തിന്റെ വിവരങ്ങൾ ശേഖരിക്കുന്ന സർവേ ആരംഭിച്ചു. കുശാൽ നഗറിൽ നിന്നാണ് സർവേ ആരംഭിച്ചത്. വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുല്ല, വാർഡ് കൗൺസിലർ ആയിഷ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗം അസിസ്റ്റന്റ് ടൗൺ പ്ലാനർ ബൈജു പി.വി എന്നിവർ സർവേയ്ക്ക് നേതൃത്വം നൽകി.
സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള ഡെയിൽ എന്ന സ്ഥാപനമാണ് ഡ്രോൺ സർവേ നടത്തുന്നത്. പത്ത് ദിവസത്തിനുള്ളിൽ സർവേ പൂർത്തിയാകും. സർവേയുടെ അടിസ്ഥാനത്തിൽ സർവേ ഓഫ് ഇന്ത്യ നഗരസഭയുടെ ഭൂപടം തയ്യാറാക്കും. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. പരമാവധി 75 ലക്ഷം രൂപയാണ് പദ്ധതിയിൽ നഗരസഭകൾക്ക് അനുവദിക്കുക. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് രണ്ട് വർഷം സമയം എടുക്കും.
വരുന്ന 20 വർഷത്തേക്കുള്ള വികസന ആവശ്യങ്ങൾ കണ്ടെത്തി, അവക്കാവശ്യമായ പദ്ധതികൾ രൂപപ്പെടുത്തുന്നതിനാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. നഗരസഭയുടെ ഭൂമി ഫലപ്രദമായി ഉപയോഗിക്കുന്നതിനും പാതകൾ, പാലങ്ങൾ, മറ്റു നിർമ്മിതികൾ എന്നിവ ക്രമീകരിക്കുന്നതിനും ഗതാഗത ശൃംഖല ഒരുക്കുന്നതിനും കൃഷി, മൃഗസംരക്ഷണം, വ്യവസായം, ടൂറിസം തുടങ്ങിയവയ്ക്ക് അനുയോജ്യമായ മേഖലകൾ കണ്ടെത്തുന്നതിനും മാസ്റ്റർ പ്ലാൻ സഹായിക്കും.
സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നഗരസഭയ്ക്കായി തയ്യാറാക്കിയ കരട് മാസ്റ്റർ പ്ലാനിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയായിരിക്കും പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. എച്ച്.എൽ ശിവരാജ് കുമാർ, എം.ചരണ്‍ രാജ്, പ്രശാന്താ ഘോഷ്, വേണുഗോപാൽ എന്നിവർ ഡ്രോൺ സർവേയ്ക്ക് നേതൃത്വം നൽകുന്നു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ? കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ!
Kanhangad municipality is preparing a new master plan under the Amrit 2.0 project. A drone survey has been launched to collect city data. The master plan aims to identify development needs for the next 20 years and formulate necessary projects.
#Kanhangad #MasterPlan #UrbanDevelopment #Kerala #Amrit2.0 #DroneSurvey