city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മരണക്കുഴിയായി കാസർകോട്-കാഞ്ഞങ്ങാട് റോഡ്; ജനരോഷം ആളിക്കത്തി; ഒടുവിൽ കുഴിയടയ്‌ക്കൽ തുടങ്ങി; ദുരിതത്തിന് അറുതിയാകുമോ?

A symbolic image of a hospital with a broken generator, representing power issues.
Photo: Arranged

● നിരവധി അപകട മരണങ്ങൾക്ക് കാരണമായ റോഡ്.
● ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജോലി തുടങ്ങി.
● മേഘാ കൺസ്ട്രക്ഷൻസ് സൗജന്യമായാണ് പണി നടത്തുന്നത്.
● യൂത്ത് ലീഗ്, അഭിഭാഷകൻ പരാതി നൽകിയിരുന്നു.
● 1.3 കി.മീ. ദൂരത്തിൽ 136 കുഴികളുണ്ടെന്ന് സർവേ.
● 339 കുഴികളുണ്ടെന്ന് അഭിഭാഷകൻ പരാതിപ്പെട്ടു.
● ഇരുചക്രവാഹന യാത്രക്കാർക്ക് കൂടുതൽ അപകടം.

കാസർകോട്: (KasargodVartha) കാലവർഷം ആരംഭിച്ചതോടെ കാസർകോട് ജില്ലയിലെ റോഡുകൾ യാത്രക്കാർക്ക് മരണക്കെണിയായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച്, കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിലൂടെയുള്ള യാത്ര ദുരിതയാതനകൾ നിറഞ്ഞ നരകതുല്യമായ അനുഭവമായി. കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ചന്ദ്രഗിരി പാലം വഴിയുള്ള ഈ പ്രധാന പാത ഇപ്പോൾ പൂർണ്ണമായും ഗതാഗതയോഗ്യമല്ലാതായിരിക്കുന്നു. അഗാധമായ കുഴികളും പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളും കാരണം ദിനംപ്രതി നിരവധി അപകടങ്ങളാണ് ഈ റോഡിൽ സംഭവിക്കുന്നത്. റോഡുകളുടെ ശോച്യാവസ്ഥ കാരണം കാസർക്കോട്ടെ ജനങ്ങൾ ദുരിതക്കയത്തിലായിരിക്കുമ്പോൾ, അധികാരികളും ജനപ്രതിനിധികളും കണ്ണടച്ചത് വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. ഒടുവിൽ, ഈ ജനകീയ ആവശ്യങ്ങൾക്ക് പ്രതീക്ഷ നൽകിക്കൊണ്ട്, ജില്ലാ കളക്ടറുടെ നിർദേശപ്രകാരം കാഞ്ഞങ്ങാട്-കാസർകോട് കെ.എസ്.ടി.പി. റോഡിലെ കുഴിയടയ്‌ക്കൽ ജോലികൾ ആരംഭിച്ചു.


 A symbolic image of a hospital with a broken generator, representing power issues.

അപകട പരമ്പരയും പൊലിഞ്ഞ ജീവനുകളും

ഈ റോഡിലെ ശോച്യാവസ്ഥ കാരണം നിരവധി ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ മാസം നാലിന് രാത്രി റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ ബേക്കൽ, മലാംകുന്ന് തല്ലാണിയിലെ മീൻപിടിത്ത തൊഴിലാളി എ. അനന്തു (26) ദാരുണമായി മരിച്ചത് കാസർകോടിനെ ഞെട്ടിച്ചിരുന്നു. കാസർകോട് സിനിമാ തിയേറ്ററിൽ നിന്ന് മടങ്ങുന്ന വഴി തായൽ കളനാട് ബസ് സ്റ്റോപ്പിന് സമീപം റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ അനന്തുവും സുഹൃത്തുക്കളും സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 

അനന്തുവിന് അപകടം സംഭവിച്ച അതേ സ്ഥലത്ത്, ദിവസങ്ങൾക്കുള്ളിൽ വീണ്ടും അപകടമുണ്ടായി. മെയ് 21 ബുധനാഴ്ച രാത്രി ബൈക്ക് കുഴിയിൽ വീണ് വടംവലി അസോസിയേഷൻ ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാൽ, കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പറ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. കാസർകോട് പ്രസ് ക്ലബ്ബിന്റെ വടംവലി മത്സരത്തിൽ പങ്കെടുത്ത് തിരിച്ചുവരുമ്പോഴായിരുന്നു ഈ അപകടം. പരിക്കേറ്റ ഇരുവരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മാസങ്ങൾക്ക് മുമ്പ് പ്രവാസി യുവാവ് ചെമ്മനാട്ട് ബൈക്ക് കുഴിയിൽ വീണുണ്ടായ അപകടത്തിൽ മരിച്ചിരുന്നു.

ഏറ്റവും ഒടുവിൽ മെയ് 31ന് മേല്പറമ്പിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ പ്രവാസി യുവാവ് പാലക്കുന്ന് കരിപ്പൊടിയിലെ ശുഐബ് (26) ആണ് മരിച്ചത്.

ദിനേന രാപകൽ വ്യത്യാസമില്ലാതെ നിരവധി ചെറുതും വലുതുമായ അപകടങ്ങളാണ് ഈ റോഡിൽ ഉണ്ടാകുന്നത്. റോഡുകളുടെ ശോച്യാവസ്ഥ കാരണം ഗുരുതരമായും അല്ലാതെയും പരിക്കേറ്റവരുടെ എണ്ണം ഇതിലും എത്രയോ ഇരട്ടിയാണ്. ഈ റോഡിലുണ്ടായ അപകടങ്ങളിൽ പരിക്കേറ്റ് അരജീവിതങ്ങളായ അനേകം പേർ ഇന്നും പേരിന് ജീവനോടെയുണ്ട്.

A symbolic image of a hospital with a broken generator, representing power issues.

പ്രതിഷേധവും അധികൃതരുടെ മൗനവും

ഈ റോഡിലെ കുഴികളെക്കുറിച്ച് പലരും പല രീതിയിൽ പരാതി നൽകിയിട്ടുണ്ട്. ഒപ്പം മുസ്ലിം യൂത്ത് ലീഗും ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകൻ എ. രാധാകൃഷ്ണനും നേരത്തെ അധികാരികൾക്ക് പരാതി നൽകിയിരുന്നു. ചെമ്മനാട് ചന്ദ്രഗിരി പാലം മുതൽ ചളിയംകോട് പാലം വരെയുള്ള 1.3 കിലോമീറ്റർ ദൂരത്തിൽ മാത്രം 33 വലിയ കുഴികളും 103 ചെറിയ കുഴികളുമടക്കം 136 കുഴികളുണ്ടെന്നാണ് യൂത്ത് ലീഗ് സർവേയിൽ കണ്ടെത്തിയത്. കാഞ്ഞങ്ങാട്ടുനിന്ന് കാസർകോട്ടേക്ക് പോകുന്ന വഴിയിൽ ചെറുതും വലുതുമായ 339 കുഴികളുണ്ടെന്നാണ് അഭിഭാഷകനായ എ. രാധാകൃഷ്ണൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജി സാനു പണിക്കർക്ക് പരാതി നൽകിയിരുന്നത്. നാലും അതിലധികം ചക്രങ്ങളുള്ള വാഹനങ്ങൾ കെ.എസ്.ടി.പി. റോഡിലെ കുഴികളിൽ പതിക്കുന്നുണ്ടെന്നും, പാതിയോളം കുഴികളിൽ പതിക്കാതെ ഈ റോഡിലൂടെ ഒരു വാഹനത്തിനും യാത്ര സാധ്യമല്ലെന്നും അഭിഭാഷകൻ രാധാകൃഷ്ണൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കാഞ്ഞങ്ങാട് റോട്ടറി ക്ലബ് പ്രസിഡൻ്റ് കൂടിയായ അദ്ദേഹം പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ എതിർകക്ഷിയാക്കിയാണ് പരാതി നൽകിയത്.

ജനരോഷം ശക്തമായിട്ടും പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഇത്രയുംകാലം ഈ വിഷയത്തിൽ മൗനം അവലംബിക്കുകയായിരുന്നു. പ്രസ്താവനകൾ മാത്രം നടത്തി അവർ കൈകഴുകുകയായിരുന്നു. മാധ്യമങ്ങളും സാമൂഹ്യ പ്രവർത്തകരും നടത്തിയ ശക്തമായ ഇടപെടലുകൾ മാത്രമാണ് ഈ വിഷയത്തിൽ അധികൃതരുടെ പരിഗണനയിലെത്തിയത്. രാഷ്ട്രീയ മുതലെടുപ്പിന് മാത്രം പ്രസ്താവനകൾ നടത്തുന്നത് എന്തിനുവേണ്ടിയാണെന്നാണ് പൊതുജനങ്ങളുടെ ചോദ്യം.

A symbolic image of a hospital with a broken generator, representing power issues.

കുഴിയടയ്‌ക്കൽ ജോലികൾക്ക് തുടക്കമായി

മാധ്യമങ്ങൾ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന അപകടവാർത്തകൾ കൂടി പരിഗണിച്ചാണ് ജില്ലാ കളക്ടർ അടിയന്തരമായി കുഴിയടയ്‌ക്കാൻ നിർദ്ദേശിച്ചത്. മേഘാ കൺസ്ട്രക്ഷൻസ് എന്ന കമ്പനി സൗജന്യമായാണ് ഈ പണികൾ ഏറ്റെടുത്ത് തുടങ്ങിയത്. ദേശീയ പാതയുടെ ഒരു റീച്ച് നിർമ്മാണം ഈ കമ്പനിയാണ് ഏറ്റെടുത്ത് നടത്തുന്നത്.  കെ എസ് ടി പി പാത കാഞ്ഞങ്ങാട് വരെ കുഴിയടയ്‌ക്കൽ തുടരും. പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് മേൽനോട്ട ചുമതലയും നൽകിയിട്ടുണ്ട്. ഈ നടപടികൾ റോഡിൻ്റെ ശോച്യാവസ്ഥയ്ക്ക് താൽക്കാലിക പരിഹാരമെങ്കിലും നൽകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

പാതിവഴിയായ വികസന പ്രഖ്യാപനങ്ങളും വില്ലനായ അറ്റകുറ്റപ്പണികളും

കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാത അത്യാധുനിക രീതിയിൽ നവീകരിച്ചിട്ട് ഒമ്പത് വർഷത്തിൽ താഴെ മാത്രമേ ആകുന്നുള്ളൂ. കാസർകോട് പ്രസ് ക്ലബ് ജങ്ഷൻ മുതൽ കാഞ്ഞങ്ങാട് സൗത്ത് വരെയുള്ള ചന്ദ്രഗിരി റൂട്ടിൽ തണൽമരങ്ങളെല്ലാം വെട്ടിമാറ്റി 2013 ജൂണിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് നിർമ്മാണ പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. 2015 ഏപ്രിൽ 23-നാണ് നിർമ്മാണ പ്രവർത്തനം ഔദ്യോഗികമായി പൂർത്തിയാക്കിയത്. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനപാത ഔദ്യോഗികമായി തുറന്നുകൊടുത്തത്. തണൽമരങ്ങൾ വെച്ചുപിടിപ്പിച്ചും വഴിവിളക്കുകൾ സ്ഥാപിച്ചും മനോഹരമാക്കുമെന്ന് അന്ന് കെ.എസ്.ടി.പി. അധികാരികൾ പറഞ്ഞിരുന്നെങ്കിലും അതൊന്നും നടന്നില്ല.

റോഡ് നവീകരിച്ചിട്ടും മറ്റ് പല പ്രഖ്യാപനങ്ങളും പാതിവഴിയിലായി. ഇതിനിടെ റോഡ് വീണ്ടും പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്തു. ആദ്യം പുത്തൻ റോഡിലെ അമിതവേഗതയായിരുന്നു അപകടങ്ങൾക്ക് കാരണമായതെങ്കിൽ പിന്നീട് 'പാതാളക്കുഴികൾ' പ്രധാന വില്ലനായി മാറി. ചെറുതും വലുതുമായ കുഴികളിൽപ്പെട്ട് ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതലും മരണപ്പെട്ടത്. വാഹനങ്ങളുടെ കൂട്ടിയിടിയിലും നിരവധി ജീവനുകൾ പൊലിഞ്ഞു.

Workers filling potholes on the Kanhangad-Kasaragod state highway.

യാത്രാദുരിതവും ഗതാഗതക്കുരുക്കും

ചെമ്മനാട്, ചേറ്റുകുണ്ട്, കളനാട് ഭാഗങ്ങളിലാണ് റോഡിൻ്റെ സ്ഥിതി ഏറ്റവും പരിതാപകരമായിട്ടുള്ളത്. ഈ ഭാഗങ്ങളിലൂടെയുള്ള യാത്ര പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. വാഹനങ്ങൾ കുഴികളിൽ വീണ് കേടുപാടുകൾ സംഭവിക്കുന്നതും, യാത്രികർക്ക് പരിക്കേൽക്കുന്നതും പതിവ് കാഴ്ചയായി. രാത്രിയിൽ ഡ്രൈവർമാർക്ക് കുഴികൾ കാണാൻ പ്രയാസമുള്ളതിനാൽ വലിയ അപകടങ്ങളാണ് ഉണ്ടായിക്കൊണ്ടിരുന്നത്. ഇരുചക്രവാഹന യാത്രക്കാർ രാത്രിയിൽ കുഴികളിൽ ഇടിച്ചുള്ള നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കെ.എസ്.ടി.പി. റോഡ് ദേശീയപാതയിൽ നിന്നുള്ള സൗകര്യപ്രദമായ കുറുക്കുവഴിയായതിനാൽ ടാങ്കറുകളും കണ്ടെയ്‌നറുകളും അടക്കം വലിയ വാഹനങ്ങൾ ഈ റോഡിനെ ആശ്രയിക്കുന്നത് കുഴികൾ വർദ്ധിക്കാൻ കാരണമായി. കർണാടകയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള യാത്രക്കാർ ദേശീയപാതയ്ക്ക് പകരം ഈ സംസ്ഥാനപാതയെയാണ് ഉപയോഗിക്കുന്നത്. ഇത്തരം വലിയ വാഹനങ്ങൾക്ക് റൂട്ട് പരിചയമില്ലാത്തതിനാൽ പലപ്പോഴും വെട്ടിക്കാൻ കഴിയാതെ വന്ന് റോഡ് ഗതാഗതം സ്തംഭിക്കുന്ന സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട്.

തായൽ കളനാട്ടിലെ വളവിന് തൊട്ടുപിന്നാലെയുള്ള കുഴികൾ പലപ്പോഴും അപകടങ്ങൾക്ക് വഴിയൊരുക്കി. ഡ്രൈവർമാർ അടുത്തെത്തുന്നതുവരെ കുഴികൾ കാഴ്ചയിൽ നിന്ന് മറഞ്ഞിരുന്നത് അപകടസാധ്യത വർദ്ധിപ്പിച്ചു. ഇതുവരെ നിരവധി ഇരുചക്രവാഹനങ്ങൾ ഇവിടുത്തെ കുഴികളിൽ മാത്രം അപകടത്തിൽപ്പെട്ടിട്ടുണ്ട്. റോഡരികിലൂടെ സഞ്ചരിക്കുന്ന കാൽനടയാത്രക്കാരും അപകടങ്ങളിൽപ്പെട്ടിരുന്നു. വാഹനങ്ങൾ പലപ്പോഴും കുഴികൾ വെട്ടിക്കാൻ റോഡിന് പുറത്തേക്ക് തിരിയുന്നത് അപകടസാധ്യത ഗണ്യമായി വർദ്ധിപ്പിച്ചു. വാഹനഗതാഗതത്തിൽ നിന്ന് കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി അകലം പാലിക്കാനുള്ള സ്ഥലപരിമിതിയും പലയിടത്തുമുണ്ടായിരുന്നു. പ്രാദേശിക റോഡുകൾ പോലും മെച്ചപ്പെട്ട നിലയിലാണെന്നും കെ.എസ്.ടി.പി. റോഡിലെ കുഴികൾ വാഹനയാത്രക്കാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നുവെന്നും പരാതികളുയർന്നിരുന്നു.

പ്രതിഷേധവും തുടർനടപടികളും

ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കാസർകോട് ഏരിയ കമ്മിറ്റി പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് അടിയന്തിര നിവേദനം നൽകി. കാസർകോട് പ്രസ് ക്ലബ്ബ് ചന്ദ്രഗിരി പാലം വഴി കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള റോഡ് ഗതാഗത്യോഗ്യമല്ലാതായിരിക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്ന തരത്തിൽ അതീവ ഗുരുതരമായ സ്ഥിതിയിലാണ് ഇപ്പോൾ ഈ റോഡുകൾ. കറന്തക്കാട് മുതൽ തളങ്കര വരെയുള്ള റോഡിൻ്റെ സ്ഥിതിയും സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നു എന്നും യൂണിയൻ ചൂണ്ടിക്കാട്ടി. എത്രയും വേഗത്തിൽ റോഡിൻ്റെ അറ്റകുറ്റപ്പണികൾ തീർത്ത് സഞ്ചാരയോഗ്യമാക്കാനും, മനുഷ്യജീവൻ സംരക്ഷിക്കാനുമുള്ള അടിയന്തിര നടപടികൾ ഉണ്ടാകണമെന്ന് യൂണിയൻ നിവേദനത്തിലൂടെ ശക്തമായി ആവശ്യപ്പെട്ടു. ഏരിയ പ്രസിഡണ്ട് എ.ആർ. ധന്യവാദ്, സെക്രട്ടറി ഷാഫി ചാലക്കുന്ന്, ഡിവിഷൻ സെക്രട്ടറി സുരേഷ് പാറക്കട്ട, ത്രിവേണി രവി പെരുമ്പള എന്നിവർ നിവേദനം നൽകുന്നതിൽ പങ്കെടുത്തു.

കെ.എസ്.ടി.പി. റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും മരണക്കുഴികൾ അടിയന്തരമായി നികത്തണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. ഉദുമ മണ്ഡലം കമ്മിറ്റി ജൂൺ അഞ്ചിന് ചെമ്മനാട് ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എം.എൽ. അശ്വിനി ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സർക്കാർ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പ്രൊജക്ടുകളുടെ സെൽഫിയല്ല പൊതുമരാമത്ത് മന്ത്രി എടുക്കേണ്ടതെന്ന് എം.എൽ. അശ്വിനി പറഞ്ഞു. പകരം, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ടുകളുടെ (കെ.എസ്.ടി.പി.) നിലവിലെ അവസ്ഥ നേരിട്ടറിയാൻ മന്ത്രി തയ്യാറാകണം. പ്രളയസമയത്ത് കേരളത്തിന് എന്നും കൈത്താങ്ങാകാറുള്ള തീരദേശ ജനതയെ സംസ്ഥാന സർക്കാർ പൂർണ്ണമായും അവഗണിക്കുകയാണെന്നും അശ്വിനി കുറ്റപ്പെടുത്തി. ആറ് വർഷങ്ങൾക്ക് ശേഷവും റോഡിൻ്റെ പൂർണ്ണമായ അറ്റകുറ്റപ്പണികൾ നടത്തി റീ ടാർ ചെയ്യാൻ വൈകുന്നത് ഈ അവഗണനയുടെ തെളിവാണെന്നും അവർ ചൂണ്ടിക്കാട്ടി. കെ.എസ്.ടി.പി. റോഡിൽ പൊലിയുന്ന ഓരോ ജീവൻ്റെയും പൂർണ്ണ ഉത്തരവാദിത്തം പിണറായി സർക്കാരിനാണെന്നും എം.എൽ. അശ്വിനി തൻ്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എൻ. ബാബുരാജ് ധർണ്ണയിൽ മുഖ്യപ്രഭാഷണം നടത്തി. ഉദുമ മണ്ഡലം വൈസ് പ്രസിഡൻ്റ് തമ്പാൻ അച്ചേരി അദ്ധ്യക്ഷത വഹിച്ചു. സദാശിവൻ മണിയങ്ങാനം, നാരായണൻ വടക്കിനിയ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. ഉദുമ മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രദീപ് കൂട്ടക്കനി സ്വാഗതവും, എ.എം. മുരളീധരൻ നന്ദിയും പറഞ്ഞു.

ധർണ്ണാനന്തരമുണ്ടായ പ്രതിഷേധ പ്രകടനത്തിന് സൗമ്യ പത്മനാഭൻ, രതീഷ് വി.എ., വിനിൽ കുമാർ, മുരളി അച്ചേരി, ഓംപ്രസാദ് തുടങ്ങിയ ബി.ജെ.പി. നേതാക്കളും പ്രവർത്തകരും നേതൃത്വം നൽകി. റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന ശക്തമായ ആവശ്യമുയർത്തിയാണ് ബി.ജെ.പി. ഈ ധർണ്ണ സംഘടിപ്പിച്ചത്.

തകർന്ന റോഡിലെ വാഹന പരിശോധന

പരിതാപകരമായ ഈ റോഡരികിൽ വെച്ചാണ് ട്രാഫിക് പോലീസും മോട്ടോർ വാഹന വകുപ്പും സർക്കാരിന് വരുമാനം കൂട്ടാനായി വാഹന പരിശോധന നടത്തുന്നത് എന്നത് വിരോധാഭാസമാണ്. ജനങ്ങൾ കൃത്യമായി റോഡ് നികുതി അടയ്ക്കുമ്പോഴും, യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും അവർക്ക് ലഭ്യമാകുന്നില്ല. ഈ വിഷയത്തിൽ ഒരു കമ്മീഷനും ചോദ്യം ഉന്നയിക്കുന്നില്ല, ഒരു കോടതിയും ഇടപെടുന്നില്ല. മഴയ്ക്ക് മുമ്പെങ്കിലും ഒരു താത്കാലിക അറ്റകുറ്റപ്പണി നടത്താൻ പോലും പൊതുമരാമത്ത് വകുപ്പ് തയ്യാറായില്ല എന്നത് അതീവ ഗൗരവതരമായ വിഷയമായിരുന്നു. ഭീമമായ റോഡ് ടാക്സ് മേടിച്ച് പോക്കറ്റിലിട്ടാണ് പുക പരിശോധന കടലാസ് ഇല്ലാത്തതിനും മറ്റുമായി പാവപ്പെട്ട ബൈക്ക് യാത്രികൻ്റെ പിച്ച ചട്ടിയിൽ കയ്യിട്ട് വാരാൻ അധികൃതർ ഉദ്യോഗസ്ഥരെ ക്വോട്ട നിശ്ചയിച്ച് പറഞ്ഞുവിടുന്നത്.

കുഴിയടപ്പ് മാത്രം പോരാ; 36 കോടിയുടെ റീടാർ എന്ന് യാഥാർത്ഥ്യമാകും?

കെ.എസ്.ടി.പി. റോഡ് റീടാർ ചെയ്യുന്നതിന് 36 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനുള്ള അനുമതി ഉടൻ ഉണ്ടാകുമെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നുണ്ട്. കാസർകോട്ടെ റോഡുകളുടെ ഈ ദുരവസ്ഥയിൽ അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് പൊതുസമൂഹത്തിൻ്റെ ആവശ്യം. ഇനിയും ഒരു ജീവൻ റോഡിൽ പൊലിയാതെ, അധികാരികൾ കണ്ണ് തുറക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കാസർകോട്ടെ ജനങ്ങൾ. ജനങ്ങളുടെ നികുതി പണത്തിന് എന്ത് വിലയാണുള്ളതെന്ന ചോദ്യം ഈ റോഡുകൾ ഉയർത്തുന്നു. ഏറെ തിരക്കേറിയ ചെമ്മനാട് വഴിയുള്ള കെ.എസ്.ടി.പി. റോഡിൽ വലുതും ചെറുതുമായ നിരവധി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴയ്ക്ക് മുൻപുതന്നെ ഇവിടെ കുഴികൾ ഉണ്ടായിരുന്നു. പാലത്തിലും കുഴികൾ കാണാം. വേഗത്തിൽ പോകുന്ന വാഹനങ്ങൾ കുഴികളിൽ വീഴുമ്പോൾ അപകടങ്ങൾ സംഭവിക്കുന്നു. കളനാട് വരെ ഇത്തരത്തിലുള്ള നിരവധി കുഴികളുണ്ട്.

'ആരുമില്ലേ ശ്രദ്ധിക്കാൻ?': കാസർകോട് റോഡ് ദുരിതത്തിൽ ജനങ്ങളുടെ നിലവിളി

ജനപ്രതിനിധികളും നേതാക്കളും ഉദ്യോഗസ്ഥരും തങ്ങളുടെ തിരക്കുകൾക്കിടയിൽ ജനങ്ങൾ അനുഭവിക്കുന്ന ഇത്തരം ദുരിതങ്ങൾ കാണാനും അവ പരിഹരിക്കാനുമുള്ള സമയം കൂടി കണ്ടെത്തിയില്ലെങ്കിൽ ജനങ്ങളുടെ ദുരിതം ഇനിയും ഇരട്ടിക്കുമെന്നതാണ് യാഥാർത്ഥ്യം. റോഡ് പണി തുടങ്ങിയില്ലെങ്കിൽ വലിയ സമരങ്ങൾ നടത്തുമെന്ന് മുമ്പ് മത്സരിച്ച് വീരവാദം മുഴക്കിയ രാഷ്ട്രീയ പാർട്ടി നേതാക്കൾ മഴ തുടങ്ങുന്നതിന് മുമ്പ് വരെ മൗനം പാലിച്ചത് വലിയ ജനരോഷത്തിന് കാരണമായിരുന്നു. ഈ നാടിൻ്റെ ദുരിതം ശ്രദ്ധിക്കാൻ ആരുമില്ലേ എന്ന ചോദ്യമാണ് ഓരോ കാസർകോട്ടുകാരനും ഉന്നയിക്കുന്നത്. ഏതായാലും സൗജന്യമായി കിട്ടുന്ന കുഴി അടപ്പിൽ തൽക്കാലം കാസർകോട്ടുകാർക്ക് ആശ്വസിക്കാം.

കാഞ്ഞങ്ങാട്-കാസർകോട് പാതയിലെ 'മരണക്കുഴികൾ' അടയ്‌ക്കുന്നത് യാത്രക്കാർക്ക് എത്രത്തോളം ആശ്വാസകരമാകും? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.



Article Summary: Pothole-filling work has begun on the Kanhangad-Kasaragod state highway, known for numerous accidents, after a directive from the District Collector. Megha Constructions is undertaking the work for free. The road was last upgraded less than nine years ago but has deteriorated, causing fatalities, especially among two-wheeler riders.

#KasaragodRoads, #PotholeRepair, #Kanhangad, #RoadSafety, #KeralaInfrastructure, #AccidentPrevention

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia