കാഞ്ഞങ്ങാട്ട് മറിഞ്ഞ ടാങ്കറിൽ നിന്നും ഗ്യാസ് ചോർന്നു: ദേശീയപാതയിൽ അതീവ ജാഗ്രത, കൂടുതൽ സേനാംഗങ്ങൾ എത്തി
● ചോർച്ച അടയ്ക്കാൻ ശ്രമങ്ങൾ തുടരുന്നു.
● മൂന്ന് വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി.
● ദേശീയപാതയിലെ ഗതാഗതം പൂർണ്ണമായി നിരോധിച്ചു.
● സമീപ പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
കാഞ്ഞങ്ങാട്: (KasargodVartha) ദേശീയപാതയിൽ കൊവ്വൽ സ്റ്റോറിന് സമീപം വ്യാഴാഴ്ച വൈകിട്ട് മറിഞ്ഞ പാചകവാതക ടാങ്കർ ലോറി ഉയർത്തുന്നതിനിടെ ഗ്യാസ് ചോർച്ചയുണ്ടായതായി വ്യക്തമായി. ഇതേ തുടർന്ന് കൂടുതൽ ഫയർ എൻജിനുകൾ സ്ഥലത്തെത്തിച്ചു. കാസർകോട്, കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ഫയർ എൻജിനുകൾ എത്തിച്ചത്. ചോർച്ച അടയ്ക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ടാങ്കർ ഉയർത്തുന്ന ജോലികൾ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ആരംഭിച്ചപ്പോഴാണ് ചോർച്ചയുടെ സൂചന ലഭിച്ചത്. ഉടൻ തന്നെ ജോലികൾ നിർത്തിവെച്ച് സുരക്ഷാ നടപടികൾ ഊർജ്ജിതമാക്കി. അപകടത്തെത്തുടർന്ന് മൂന്ന് വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും, പ്രദേശത്ത് പ്രാദേശിക അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഗ്യാസ് കമ്പനി അധികൃതർ, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ദ്ധർ എന്നിവരടങ്ങിയ സംഘം ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ഉയർത്തി ഗ്യാസ് മറ്റൊരു ടാങ്കറിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്. ആശയവിനിമയ ബന്ധങ്ങൾ വിച്ഛേദിച്ചതിനാൽ സ്ഥലത്തെ വിവരങ്ങൾ പുറത്ത് ലഭിക്കുന്നതിൽ പരിമിതികളുണ്ട്. ആരെയും അപകടസ്ഥലത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല. ചോർച്ച പൂർണ്ണമായി അടച്ച ശേഷം മാത്രമേ ടാങ്കർ ഉയർത്തി ഗ്യാസ് മാറ്റാൻ സാധിക്കൂ.
ദേശീയപാത വഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. വാഹനങ്ങളെ വഴിതിരിച്ച് വിട്ട് സുരക്ഷ ഉറപ്പാക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം ഉൾപ്പെടെ വിച്ഛേദിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അംഗനവാടികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ പൊതുസ്ഥാപനങ്ങൾക്കും വെള്ളിയാഴ്‌ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുക.
Article Summary: Gas leak from overturned tanker in Kanhangad, high alert issued.
#Kanhangad #GasLeak #NationalHighway #KeralaNews #TankerAccident #Emergenc






