'ലഹരി കളിക്കളങ്ങളോട്': കാഞ്ഞങ്ങാട് ഫുട്ബോൾ ടൂർണമെന്റ് ശ്രദ്ധേയമായി!

● കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ 15 ടീമുകൾ പങ്കെടുത്തു.
● ബോധവൽക്കരണ റാലിയും മാർച്ച് പാസ്റ്റും നടന്നു.
● ഹോസ്ദുർഗ് സബ് ഇൻസ്പെക്ടർ ടി. അഖിൽ ഉദ്ഘാടനം ചെയ്തു.
● ലഹരി വിരുദ്ധ പ്രതിജ്ഞ കേഡറ്റുകൾ ഏറ്റുചൊല്ലി.
● കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരും പങ്കെടുത്തു.
കാഞ്ഞങ്ങാട്: (KasargodVartha) ‘ലഹരികളിക്കളങ്ങളോട്’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച്, നാശാമുക്ത് ഭാരത് അഭിയാൻ, ജില്ലാ പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട്, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എസ്.പി.സി. കേഡറ്റ് മിക്സഡ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കാഞ്ഞങ്ങാട് കൊവ്വൽ പള്ളി ജസ്റ്റ് ഫുട്‌സാൾ ഗ്രൗണ്ടിൽ നടന്നു.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ പതിനഞ്ച് എസ്.പി.സി. ടീമുകൾ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു. കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച ബോധവൽക്കരണ റാലിയും മാർച്ച് പാസ്റ്റും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ ടി.വി. മധുസൂദനൻ ഫ്ലാഗ് ഓഫ് ചെയ്തു.
ടർഫ് ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന മത്സരം ഹോസ്ദുർഗ് സബ് ഇൻസ്പെക്ടർ ടി. അഖിൽ കളിക്കാരുമായി പരിചയപ്പെട്ട് ഉദ്ഘാടനം ചെയ്തു. കോർ കമ്മിറ്റി കൺവീനർ സി. ഗോപികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജനമൈത്രി അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.പി.വി. രാജീവൻ, നാശാമുക്ത് ഭാരത് അഭിയാൻ ജില്ലാ കോർഡിനേറ്റർ ചിത്തിര പി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജനമൈത്രി ഓഫീസർ പ്രദീപൻ കോതോളി കേഡറ്റുകൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.പി.സി. അസിസ്റ്റന്റ് നോഡൽ ഓഫീസർ ടി. തമ്പാൻ സ്വാഗതവും എസ്.പി.സി. പ്രോജക്ട് കോർഡിനേറ്റർ ശ്യാം കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.
ആദ്യ മത്സരത്തിൽ ജി.എച്ച്.എസ്. ഹോസ്ദുർഗ്ഗും ജി.എച്ച്.എസ്. മാ ലോത്ത് കസബയും ഏറ്റുമുട്ടി. പരിപാടിയിൽ എസ്.പി.സി. ചുമതലയുള്ള കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരും ഡ്രിൽ ഇൻസ്ട്രക്ടർമാരും പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Kanhangad football tournament promoted 'Drugs Out, Sports In' message.
#Kanhangad #FootballTournament #AntiDrugCampaign #SPCKerala #YouthEmpowerment #KeralaSports