Relocation Issue | കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെ പ്രസവ വിഭാഗം മാറ്റുന്നത് പിൻവലിക്കണം: കെ ജി എം ഒ എ
യോഗം സംസ്ഥാന പ്രസിഡന്റ് ഡോ. ടി എൻ സുരേഷ് ഉദ്ഘാടനം ചെയ്തു. നോർത്ത് സോൺ വൈസ് പ്രസിഡന്റ് ഡോ. മുരളിധരൻ എം. അദ്ധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട്: (KasargodVartha) ജില്ലാ ആശുപത്രിയിലെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന പ്രസവ വിഭാഗത്തെ അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റുന്ന തീരുമാനം പിൻവലിക്കണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ ജി എം ഒ എ) നോർത്ത് സോൺ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഐ എം എ ഹാളിൽ ചേർന്ന സംഘടനയുടെ ജനറൽ ബോഡി യോഗം ഈ ആവശ്യം ഉന്നയിച്ചു.
അമ്മയും കുഞ്ഞും ആശുപത്രിയിലെ സൗകര്യങ്ങളുടെ അപര്യാപ്തത കാരണം, ജില്ലാ ആശുപത്രിയിൽ ലഭിക്കുന്ന ഉന്നത നിലവാരമുള്ള പ്രസവ ചികിത്സ സേവനം അവിടെ ലഭ്യമാകില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. അമ്മയും കുഞ്ഞും ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെയുള്ള വിദഗ്ധ ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും നിയമിച്ച് ആശുപത്രിയെ ശക്തിപ്പെടുത്തണമെന്നും അല്ലാതെ മറ്റൊരു ആശുപത്രിയിലെ സേവനം നിർത്തി വെച്ച് കൊണ്ടാകരുത് എന്നും യോഗം ആവശ്യപ്പെട്ടു.
കാസർകോട് ജില്ലയിൽ കാലങ്ങളായി ഒഴിഞ്ഞുകിടക്കുന്ന സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ തസ്തികകൾ നികത്തുന്നതിനും, കാസർകോട്, വയനാട് ജില്ലകളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിനായി പ്രോത്സാഹനം നൽകുന്നതിനും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
യോഗം സംസ്ഥാന പ്രസിഡന്റ് ഡോ. ടി എൻ സുരേഷ് ഉദ്ഘാടനം ചെയ്തു. നോർത്ത് സോൺ വൈസ് പ്രസിഡന്റ് ഡോ. മുരളിധരൻ എം. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. സുനിൽ പി കെ, നോർത്ത് സോൺ ജോയിന്റ് സെക്രട്ടറി ഡോ. രാജേഷ് ഒ.ടി, മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. വിജയ കൃഷ്ണൻ, ഡോ. റൗഫ്, സംസ്ഥാന കമ്മിറ്റി അംഗം ഡോ. ജമാൽ അഹ് മദ്, ജില്ലാ സെക്രട്ടറി ഡോ. ഷിൻസി വി കെ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ മുൻകാല നേതാക്കളെ ആദരിച്ചു. തുടർവിദ്യാഭ്യാസ പരിപാടികളും കലാ പരിപാടികളും സംഘടിപ്പിച്ചു.