city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നരേന്ദ്രമോഡിയും ഉമ്മന്‍ചാണ്ടിയും ഭരണഘടനയെ വെല്ലുവിളിക്കുന്നു: കാനം രാജേന്ദ്രന്‍

കാസര്‍കോട്: (www.kasargodvartha.com 06/09/2015) പ്രധാനമന്ത്രി നരേന്ദ്രമോഡിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഭരണഘടനയെ വെല്ലുവിളിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ജനാധിപത്യ മര്യാദകള്‍ ഇവര്‍ പാലിക്കുന്നില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കാസര്‍കോട് പ്രസ്‌ക്ലബില്‍ ഞായറാഴ്ച രാവിലെ നടന്ന 'മീറ്റ് ദി പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറുന്നവര്‍ ഭരണഘടനയുമായി ബന്ധമില്ലാത്ത സംഘടനകള്‍ നടത്തുന്ന യോഗങ്ങളില്‍ പങ്കെടുത്ത് സര്‍ക്കാര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്ന ദയനീയ കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മറ്റു കേന്ദ്ര മന്ത്രിമാരും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ഇവര്‍ ആര്‍ എസ് എസ് യോഗങ്ങളില്‍ പോയി ഗവണ്‍മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച് ചെയ്ത് തീരുമാനമെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.

ജനാധിപത്യ സംവിധാനത്തെ ഏകാധിപത്യ രീതിയിലേക്ക് മാറ്റുന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും പണക്കാരെയും കോര്‍പറേറ്റുകളെയും സഹായിക്കുന്ന നിലപാടുകളുമായി മുന്നോട്ട് പോവുകയും ചെയ്യുകയാണെന്ന് കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. ഭരണ ഘടനയെ അട്ടിമറിക്കുന്ന സമീപനമാണ് കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പരമാവധി നീട്ടിവെക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടമറിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഭരണഘടനയ്ക്ക് അനുസൃതമായി തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഹൈക്കോടതി നിലപാടിനെ പോലും വെല്ലുവിളിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ താത്പര്യം കാണിക്കാത്തതിന് പിന്നില്‍ പരാജയ ഭീതിയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ ഭീഷണിപ്പെടുത്തി തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനാണ് യു ഡി എഫിന്റെ ശ്രമമെന്ന് കാനം പറഞ്ഞു.

വിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കാന്‍ കൊണ്ടുപിടിച്ച നീക്കങ്ങളാണ് യു ഡി എഫ് സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തില്‍ നിലവിലുള്ള 16 സര്‍വകലാശാലകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ പുതിയ സ്വകാര്യ സര്‍വകലാശാലകള്‍ സര്‍ക്കാര്‍ തുടങ്ങുന്നതിലെ ഔചിത്യം മനസിലാകുന്നില്ല. ഉള്ളവയുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യാതെ സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങുന്നത് വിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കാന്‍ വേണ്ടി തന്നെയാണെന്നും കാനം പറഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സെപ്തംബര്‍ രണ്ടിന് നടന്ന പണിമുടക്ക് അതിന് മുന്നോടിയാണെന്നും കാനം വ്യക്തമാക്കി. ഇ. ചന്ദ്രശേഖരന്‍ എം എല്‍ എ, സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവരും കാനം രാജേന്ദ്രനോടൊപ്പമുണ്ടായിരുന്നു.
നരേന്ദ്രമോഡിയും ഉമ്മന്‍ചാണ്ടിയും ഭരണഘടനയെ വെല്ലുവിളിക്കുന്നു: കാനം രാജേന്ദ്രന്‍

Keywords:  Kasaragod, Kerala, Press meet, Press Club, Kanam Rajendran, BJP, RSS, Oommen Chandy, Narendra modi, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia