Nostalgia | 'ജാതി-മത വേർതിരിവില്ല; ഈദ്, ഓണം, ക്രിസ്തുമസ് എല്ലാം ഒരുമിച്ച് ആഘോഷിച്ചു', സൗഹാർദത്തിന്റെ കാസർകോടൻ ജീവിതം പങ്കുവെച്ച് വിരമിച്ച ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഭാര്യ
● കസിപിസിആർഐയിലെ ശാസ്ത്രജ്ഞനായ ഡോ. പി കെ ദാസിന്റെ മകളാണ്.
● 'എല്ലാവരും ഒന്നിച്ചു ജീവിച്ചിരുന്ന സമൂഹത്തിലായിരുന്നു വളർന്നത്'
● ചന്ദ്രചൂഡും കൽപന ദാസും ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളെ ദത്തെടുത്തിട്ടുണ്ട്
കാസർകോട്: (KasargodVartha) സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് ഞായറാഴ്‌ച പദവിയിൽ നിന്ന് വിരമിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ കൽപന ദാസ് കാസർകോടൻ ജീവിതത്തെക്കുറിച്ച് പങ്കുവെച്ചതോടെ, അത് വലിയ ചർച്ചയായിരിക്കുകയാണ്. കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായിരുന്ന ഡോ. പി കെ ദാസിന്റെ മകളായ കൽപന ദാസിന്റെ കുട്ടിക്കാലം കാസർകോടിന്റെ മണ്ണിലായിരുന്നു.
മത, ജാതി വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചു ജീവിച്ചിരുന്ന ഒരു സമൂഹത്തിലായിരുന്നു താൻ വളർന്നതെന്ന് ഡി വൈ ചന്ദ്രചൂഡിനെക്കുറിച്ച് സുപ്രീം കോടതിയുടെ സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് റിസർച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പിൽ കൽപന ദാസ് പറയുന്നു. കേരളത്തിൽ ജീവിച്ചിരുന്ന കാലത്ത് ഈദ്, ഓണം, ക്രിസ്‌മസ് തുടങ്ങിയ എല്ലാ ആഘോഷങ്ങളും വിവിധ മതത്തിൽപ്പെട്ട കുടുംബ സുഹൃത്തുക്കളുമായി ഒന്നിച്ചാണ് ആഘോഷിച്ചിരുന്നത്.
ഈദ് ദിനത്തിൽ മുസ്ലിം സുഹൃത്തുക്കളുടെ വീട്ടിൽ പോയി അവർക്കൊപ്പം വെജിറ്റേറിയൻ ഭക്ഷണം കഴിക്കുക, ദീപാവലിയുടെ കാലത്ത് മുസ്ലിം സുഹൃത്തുക്കൾ തങ്ങളുടെ വീട്ടിലെ ആഘോഷത്തിൽ പങ്കെടുക്കുക തുടങ്ങിയ അനുഭവങ്ങൾ അവർ തുറന്നുപറയുന്നുണ്ട്. ഹിന്ദുവാണെന്ന് അറിയാമായിരുന്നു. എന്നാൽ വിവിധ മതങ്ങൾക്ക് അവരുടേതായ ഉത്സവങ്ങളുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് പറഞ്ഞ അവർ കുട്ടികാലത്തെ അനുഭവങ്ങൾ ജീവിതത്തെ സമ്പന്നമാക്കിയെന്ന് വ്യക്തമാക്കുന്നു.
കാഞ്ഞങ്ങാട് ദുർഗ ഹൈസ്കൂളിൽ എസ്എസ്എൽസി പഠനത്തിന് ശേഷം കാസർകോട് ഗവ. കോളജിലും, മംഗ്ളുറു സൈന്റ് അലോഷ്യസ് കോളജിലുമായിരുന്നു കൽപന ദാസ് തന്റെ പ്രീ ഡിഗ്രിയും ഡിഗ്രിയും പൂർത്തിയാക്കിയത്.
ചന്ദ്രചൂഡിന്റെ ഭാര്യ
ഡി വൈ ചന്ദ്രചൂഡിന്റെ വ്യക്തിജീവിതം ഉയർച്ച താഴ്ചകളാൽ നിറഞ്ഞതാണ്. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ രശ്മി കാൻസർ ബാധിച്ച് 2007-ൽ മരണപ്പെട്ടു. തുടർന്ന് അടുത്ത വർഷം അച്ഛനും വിടവാങ്ങി. ഈ വ്യക്തിഗത നഷ്ടങ്ങൾ അദ്ദേഹത്തെ വല്ലാതെ ബാധിച്ചു. പിന്നീട് അദ്ദേഹം കൽപന ദാസിനെ വിവാഹം ചെയ്തു. 2008-ലാണ്, അഭിഭാഷകയായ 49 കാരിയായ കൽപന ദാസ് അദ്ദേഹത്തിന്റെ സഖിയായത്.
'ഞങ്ങൾ രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണ്. അവൾ എന്റെ ജീവിതത്തിലെ ശക്തിയാണ്. ഞങ്ങൾ ഒന്നും മറച്ചുവെക്കാതെ എല്ലാം പരസ്പരം പങ്കുവെക്കുന്നു. അവളുടെ ഈ ഗുണങ്ങൾ എന്നെ മികച്ച മനുഷ്യനാക്കാൻ സഹായിച്ചു', കൽപനയെക്കുറിച്ച് സംസാരിക്കവെ ഒരു അഭിമുഖത്തിൽ ചന്ദ്രചൂഡ് പറഞ്ഞു,
കൽപനയോട് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് ആദ്യമായി പറഞ്ഞപ്പോൾ അവൾ അതിൽ ഞെട്ടിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
തെങ്ങേൽ ആദ്യം കണ്ടുമുട്ടിയത് യാദൃശ്ചികമായിട്ടായിരുന്നു, അതും മുംബൈയിൽ വെച്ച്. വിവാഹത്തെക്കുറിച്ച് അന്ന് കൽപന ഗൗരവമായി ചിന്തിച്ചിട്ടില്ലായിരുന്നു. അവൾ അന്ന് ഒരു ഏകാകിയായ സ്ത്രീയായിരുന്നു, അതുകൊണ്ട് ആരെങ്കിലും തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് കേൾക്കുന്നത് അവൾക്ക് അപ്രതീക്ഷിതമായിരുന്നുവെന്നും ചന്ദ്രചൂഡ് പറയുന്നു.
വിവാഹ മോതിരമല്ലാതെ മറ്റൊരു ആഭരണവും അണിയില്ലെന്ന ഉറപ്പ് വാങ്ങിയ ശേഷമായിരുന്നു കൽപന ദാസ് തന്നെ വിവാഹം ചെയ്തതെന്ന് കഴിഞ്ഞദിവസം ബാർ അസോസിയേഷൻ നൽകിയ യാത്രയയപ്പിൽ ചന്ദ്രചൂഡ് പറഞ്ഞു. 'അവൾ അത്തരത്തിലുള്ള ഒരു സ്ത്രീയാണ്, സ്വഭാവവും കരുത്തും ഉള്ള ഒരു സ്ത്രീയാണ്' എന്ന വാക്കുകൾ കൽപന ദാസിന്റെ വ്യക്തിത്വത്തെ എത്രമാത്രം അദ്ദേഹം മനസ്സിലാക്കുന്നു എന്നതിന്റെ തെളിവാണ്.
ഡി വൈ ചന്ദ്രചൂഡിന് ആദ്യ ഭാര്യ രശ്മിയിൽ അഭിനവ്, ചിന്തൻ എന്നീ രണ്ട് ആൺമക്കളുണ്ട്. മൂത്ത മകൻ അഭിനവ് ബോംബെ ഹൈകോടതിയിൽ അഭിഭാഷകനായാണ് പ്രവർത്തിക്കുന്നത്. രണ്ടാമത്തെ മകൻ ചിന്തൻ യു കെയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. ഡി വൈ ചന്ദ്രചൂഡും കൽപന ദാസും പ്രിയങ്ക, മഹി എന്നിങ്ങനെ പേരുകളുള്ള ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളെ ദത്തെടുത്തിട്ടുണ്ട്.
#KalpanaDas #Kasaragod #CJIChandrachud #KeralaRoots #Unity #Reflections