ദേശീയപാതയിൽ കൂട്ട വാഹനാപകടം; കാറിന് പിന്നിൽ ലോറിയും ബസുമിടിച്ചു, ഇരുചക്രവാഹന യാത്രക്കാരന് പരിക്ക്; യാത്രക്കാരെ എമർജൻസി എക്സിറ്റ് വാതിലിലൂടെ ഏണി വെച്ച് താഴെയിറക്കി അഗ്നിരക്ഷാസേന
● കല്ലങ്കൈ ദേശീയപാതയിൽ 2026 ഒക്ടോബർ 9 വെള്ളിയാഴ്ച പുലർച്ചെ 2.30-ഓടെയാണ് അപകടം നടന്നത്
● റോഡിൽ ചിതറിക്കിടന്ന പൊട്ടിയ ചില്ലുകൾ അഗ്നിരക്ഷാസേന കഴുകി വൃത്തിയാക്കി
● സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകു വർഗീസിൻ്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്
കാസർകോട്: (KasargodVartha) മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ കല്ലങ്കൈ ദേശീയപാതയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു. 2026 ഒക്ടോബർ 9 വെള്ളിയാഴ്ച പുലർച്ചെ 2.30-ഓടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് വാഹനങ്ങളുടെ ചില്ലുകൾ റോഡിൽ ചിതറിവീണതോടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
കാറിന് പിന്നിൽ ലോറിയും ബസുമിടിച്ചു
ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിൻ്റെ വശത്ത് ഇടിച്ചതോടെയാണ് അപകടങ്ങളുടെ തുടക്കമുണ്ടായത്. കാറിന് തൊട്ടുപിന്നാലെ എത്തിയ ലോറി കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടർന്ന് ലോറിയുടെ പിന്നിലുണ്ടായിരുന്ന, മൂകാംബികയിലേക്ക് പോകുകയായിരുന്ന കെ എ 51 എ ബി 4729 നമ്പർ ബസും ലോറിയിൽ ഇടിച്ചു.
ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ ചില്ലുകൾ പൊട്ടി റോഡിലേക്ക് ചിതറിവീണു. ഇതിനിടെ ഇതുവഴി കടന്നുപോവുകയായിരുന്ന ഇരുചക്രവാഹനയാത്രക്കാരൻ റോഡിൽ ചിതറിക്കിടന്ന ചില്ലുകൾ കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ഇരുചക്രവാഹനയാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്.
ഏണി ഉപയോഗിച്ച് യാത്രക്കാരെ പുറത്തിറക്കി
അപകടവിവരമറിഞ്ഞ് കാസർകോട് അഗ്നിരക്ഷാനിലയത്തിൽനിന്ന് വാഹനവും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് ബസിൻ്റെ മുൻവശത്തെ വാതിലിലൂടെ യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടായതോടെ അഗ്നിരക്ഷാസേന ഏണി ഉപയോഗിച്ച് എമർജൻസി എക്സിറ്റ് വാതിലിലൂടെ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.
റോഡ് കഴുകി വൃത്തിയാക്കി സേന
റോഡിൽ ചിതറിക്കിടന്ന പൊട്ടിയ ചില്ലുകൾ നീക്കം ചെയ്യുന്നതിനായി അഗ്നിരക്ഷാസേനയുടെ മറ്റൊരു വാഹനവും സ്ഥലത്തെത്തിയിരുന്നു. പൈപ്പിലൂടെ വെള്ളം ചീറ്റിച്ച് ചില്ലുകൾ റോഡിൻ്റെ വശങ്ങളിലേക്ക് നീക്കുകയും മറ്റ് വാഹനങ്ങൾക്ക് അപകടസാധ്യത ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്തു.
അഗ്നിരക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകു വർഗീസിൻ്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം എ വൈശാഖ്, പി സി സിറാജ്ജുദ്ദീൻ, രമേശ്, പ്രണവ്, ഹരികുമാർ, ഒ കെ പ്രജിത്, ജെ അനന്ദു, ഹോം ഗാർഡുമാരായ എ രാജേന്ദ്രൻ, സി വി സുഭാഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: A multiple-vehicle collision involving a car, lorry, bus, and a two-wheeler occurred on the national highway at Kallangai in Kasaragod early Friday morning.
#KasaragodNews #RoadAccident #KeralaFireForce #MogralPuthur #NationalHighway #TrafficAccident #MalayalamNews #RenuNews







