Controversy | കളരിപ്പയറ്റ് അസോസിയേഷനെതിരെ പ്രതിഷേധം ശക്തം; 45 പരാതികൾ കത്തിച്ച് ചാരം തേജസ്വിനി പുഴയിൽ ഒഴുക്കുമെന്ന് ഗുരുക്കന്മാർ
● അർഹരായ കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്ന് ആരോപണം
● ജില്ലാ സ്പോർട്സ് കൗൺസിലിന് മുന്നിൽ പ്രതിഷേധം
● പ്രതിഷേധ കളരിപ്പയറ്റും പ്രതിഷേധജ്വാലയും സംഘടിപ്പിച്ചു.
കാസർകോട്: (KasargodVartha) കളരിപ്പയറ്റ് അസോസിയേഷനെതിരെ പ്രതിഷേധം ശക്തം. കളരിപ്പയറ്റ് സംരക്ഷണ മഹാസമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ ജില്ലാ സ്പോർട്സ് കൗൺസിലിന് മുൻപിൽ പ്രതിഷേധ കളരിപ്പയറ്റും പ്രതിഷേധജ്വാലയും സംഘടിപ്പിച്ചു. അർഹരായ കുട്ടികളെ ജില്ലാതല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരപരിപാടി സംഘടിപ്പിച്ചത്.
പ്രതിഷേധ കളരിപ്പയറ്റും പ്രതിഷേധ ജ്വാലയും നടത്തിയ ശേഷം ജില്ലാ സ്പോട്‌സ് കൗൺസിലിനും സംസ്ഥാന സ്പോർട്സ് കൗൺസിലിനും നൽകിയ 45 പരാതികളുടെ കോപ്പി കത്തിച്ച് തേജസ്വിനി പുഴയിൽ ഒഴുക്കുമെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ കളരിഗുരുക്കൻമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കെ വി മുഹമ്മദ് ഗുരുക്കൾ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. ടി വി സുരേഷ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു.
2020-ലെ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പ്രകാരം, ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പിരിച്ചുവിട്ട് പുന:സംഘടിപ്പിക്കണമെന്ന നിർദേശം നിലനിൽക്കുകയാന്നെന്ന് കളരി ഗുരുക്കന്മാർ പറയുന്നു. അർഹരായ കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്ന പരാതിയിൽ പല തവണ ജില്ലാ, സംസ്ഥാന സ്പോർട്സ് കൗൺസിലുകൾക്ക് നിവേദനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
ഈ സാഹചര്യത്തിൽ, 2019 നവംബർ 6 മുതൽ 2024 സെപ്റ്റംബർ 25 വരെ നൽകിയ 45 പരാതികൾ കത്തിച്ച്, അതിന്റെ ചാരം തേജസ്വിനിപ്പുഴയിൽ ഒഴുക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
#Kalaripayattu #Kerala #Protest #Sports #Education #India