പ്ലാസ്റ്റിക് കവറുകളും മറ്റ് അവശിഷ്ടങ്ങളും; ജലാശയങ്ങളിൽ വീണ്ടും മാലിന്യക്കൂമ്പാരം; സംസ്ഥാന പാതയിൽ കളനാട് കലുങ്കിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം; 'തൂഫാൻ' മോഡലിൽ കർശന നടപടിയും
● മാലിന്യം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുന്നതും ദുർഗന്ധം വമിക്കുന്നതും പകർച്ചവ്യാധി ഭീതി പരത്തുന്നു
● മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കല്ലട്ര അബ്ദുൽ ഖാദർ, സുഫൈജ അബൂബക്കർ എന്നിവരുടെ കാലത്ത് ക്യാമറകൾ സ്ഥാപിച്ചിരുന്നു
● നിരീക്ഷണ ക്യാമറകൾ വന്നതോടെ മുൻപ് ഈ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നതിൽ വലിയ കുറവുണ്ടായിരുന്നു
● കുറ്റക്കാർക്കെതിരെ ലഹരി മാഫിയകൾക്കെതിരെയുള്ള 'തൂഫാൻ' ഓപ്പറേഷൻ പോലെ ശക്തമായ നടപടി വേണം
കളനാട്: (KasargodVartha) മഴക്കാലത്ത് വെള്ളം സുഗമമായി ഒഴുകിപ്പോകേണ്ട ഓവുചാലുകളിലും ജലാശയങ്ങളിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നത് നാട്ടുകാർക്ക് വലിയ ദുരിതമായി മാറുന്നു. കാസർകോട് കളനാട് ടൗണിലെ കലുങ്കിനടുത്താണ് ഈ പ്രവണത ഇപ്പോൾ വീണ്ടും വർധച്ചിരിക്കുന്നത്. മുൻപ് കളനാട് പാലത്തിന് സമീപം തോട്ടിൽ ഉണ്ടായ ഈ അവസ്ഥ ശക്തമായ ഇടപെടലിനെ തുടർന്ന് പരിഹരിക്കപ്പെട്ട പ്രശ്നമാണ് ഇപ്പോൾ കലുങ്കിന് സമീപം വീണ്ടും തലപൊക്കിയിരിക്കുന്നത്. പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മാലിന്യക്കൂമ്പാരമായി തോട്
കെഎസ്ടിപി റോഡിലെ കളനാട് ടൗണിൽ കലുങ്കിന് താഴ്ഭാഗത്താണ് രാത്രിയുടെ മറവിൽ വ്യാപകമായി മാലിന്യം വലിച്ചെറിയുന്നത്. തെളിനീരൊഴുകിയിരുന്ന ഈ തോട്ടിലേക്ക് മാലിന്യം തള്ളുന്നത് നീരൊഴുക്കിന് തടസ്സമാകുന്നുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ പെരുകുകയും രൂക്ഷമായ ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. ഇത് പ്രദേശത്ത് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ കാരണമാകുമെന്ന വലിയ ഭീതിയിലാണ് നാട്ടുകാർ.
പരിസരപ്രദേശങ്ങളിലെ ചില ക്വാർട്ടേഴ്സുകളിൽ നിന്നും വീടുകളിൽ നിന്നും പ്ലാസ്റ്റിക് കവറുകളിലാക്കി വാഹനത്തിൽ വന്ന് കലുങ്കിന് താഴേക്ക് വലിച്ചെറിയുന്നുവെന്നാണ് പ്രധാന പരാതി. നിലവിൽ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ വന്ന് തള്ളുന്നവരെ കണ്ടെത്താൻ സിസിടിവി സംവിധാനമില്ലാത്തതും പ്രതിസന്ധിയാണ്.

മുൻ പ്രസിഡൻ്റുമാരുടെ നടപടി
മുൻപ് കളനാട് പാലത്തിനടിയിലും മറ്റ് പ്രധാന ജലാശയങ്ങളിലും സമാനമായ രീതിയിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ളവ തള്ളുന്ന പ്രശ്നമുണ്ടായിരുന്നു. അന്ന് ഈ വിഷയം കാസർകോട് വാർത്ത റിപ്പോർട്ട് ചെയ്യുകയും ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലട്ര അബ്ദുൽ ഖാദർ പ്രദേശങ്ങളിൽ സിസിടിവി സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് അധികാരത്തിലെത്തിയ മുൻ പ്രസിഡൻ്റ് സുഫൈജ അബൂബക്കറിൻ്റെ ഭരണസമിതിയാണ് കളനാട്, ചെമ്മനാട്, ചന്ദ്രഗിരി പാലം ഉൾപ്പെടെയുള്ള പ്രധാന പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. ക്യാമറകൾ വന്നതോടെ ഈ പ്രദേശങ്ങളിൽ തള്ളുന്ന പ്രവണതയിൽ വലിയ കുറവുണ്ടായിരുന്നു. ഇതിനുപുറമെ, തോടുകൾ ശുചീകരിക്കുന്നതിനുള്ള ബൃഹത്തായ കാമ്പയിനും അന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കിയിരുന്നു. ഈ മാതൃകയിലാണ് ഇപ്പോഴും പ്രശ്നപരിഹാരം ഉണ്ടാകേണ്ടതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
'തൂഫാൻ' മോഡൽ നടപടി വേണം
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കക്കൂസ് അവശിഷ്ടങ്ങൾ പോലും ദേശീയപാതയിലേക്ക് തള്ളുന്ന സംഭവങ്ങൾ ഈയിടെ ഉണ്ടായിട്ടുണ്ട്. അധികൃതർ ഇതിനെതിരെ നടപടി കർശനമാക്കേണ്ടതുണ്ട്. വലിച്ചെറിയുന്നവരെ പിടികൂടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻഫോഴ്സ്മെൻ്റ് സ്ക്വാഡും അടിയന്തരമായി തയ്യാറാകണമെന്നാണ് ആവശ്യം. ലഹരി മാഫിയകൾക്കെതിരെ സർക്കാർ സ്വീകരിച്ച 'തൂഫാൻ' ഓപ്പറേഷൻ പോലെ, പൊതുസ്ഥലങ്ങളിൽ നിയമം ലംഘിക്കുന്നവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്തതും ശക്തവുമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, ക്വാർട്ടേർസുകൾ തുടങ്ങിയ പാർപ്പിട കേന്ദ്രങ്ങളെ കണ്ടെത്തി വേണ്ട നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വിശേഷങ്ങൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Waste dumping under culverts on KSTP road in Kalanad has resurfaced.
#KasargodVartha #Kalanad #ChemnadPanchayat #WasteManagement #KeralaNews #PublicHealth #KSTPRoad #AparnaNews






