city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളനാട് പുഴയുടെ സംരക്ഷണത്തിനായി പഞ്ചായത്തും നാട്ടുകാരും ഒരുമിച്ചു; ഉത്സവപ്പൊലിമയില്‍ നൂമ്പില്‍ പുഴയ്ക്ക് പുതുജീവന്‍, ആദ്യഘട്ട ശുചീകരണപ്രവര്‍ത്തനം തുടങ്ങി

കളനാട്: (www.kasargodvartha.com 08.01.2020) ഹരിത കേരളം മിഷന്റെ 'ഇനി ഞാനൊഴുകട്ടെ' പദ്ധതിയുടെ ഭാഗമായി ചെമ്മനാട് പഞ്ചായത്തിലെ നീര്‍ച്ചാലുകള്‍ക്ക് പുതുജീവന്‍. കളനാട് നൂമ്പില്‍ പുഴ പുനരുജ്ജീവനത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമായി. രാവിലെ ആരംഭിച്ച പുനരുജ്ജീവന പ്രവര്‍ത്തനം പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ദേവദാസ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ മുജീബ് കളനാട് സംസാരിച്ചു.

പ്രകൃതിസ്രോതസുകള്‍ വരും തലമുറയ്ക്ക് കൂടി കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും കല്യാണവീടുകളില്‍ നിന്നടക്കമുള്ള വീട്ടുമാലിന്യങ്ങള്‍ പുഴയില്‍ തള്ളുമ്പോള്‍ അത് നമ്മുടെ നിത്യജീവിതത്തെ തന്നെയാണ് ബാധിക്കുന്നതെന്ന് എല്ലാവരും മനസിലാക്കണമെന്നും കല്ലട്ര അബ്ദുല്‍ ഖാദര്‍ പറഞ്ഞു. പാലത്തില്‍ നിന്ന് നൂമ്പില്‍ പുഴയുടെ കൈവരികളായ തോടുകളിലേക്ക് പലരും മാലിന്യങ്ങള്‍ വലിച്ചെറിയുന്നുണ്ടെന്ന പരാതി ലഭിച്ചിട്ടുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി ആവശ്യമെങ്കില്‍ പാലത്തിന് സമീപം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളനാട് പുഴയുടെ സംരക്ഷണത്തിനായി പഞ്ചായത്തും നാട്ടുകാരും ഒരുമിച്ചു; ഉത്സവപ്പൊലിമയില്‍ നൂമ്പില്‍ പുഴയ്ക്ക് പുതുജീവന്‍, ആദ്യഘട്ട ശുചീകരണപ്രവര്‍ത്തനം തുടങ്ങി


 
ചട്ടഞ്ചാലില്‍ നിന്ന് ആരംഭിച്ച് മാക്കോട് വെച്ച് മറ്റൊരു തോടുമായി ചേര്‍ന്ന് നൂമ്പില്‍ പുഴയായി മാറി അറബിക്കടലില്‍ ചേരുന്ന കൈവഴിയാണിത്. പലരും കൈതോടുകളിലും മറ്റും തള്ളുന്ന മാലിന്യങ്ങള്‍ ഈ പുഴയില്‍ അടിഞ്ഞുകൂടി ഒഴുക്ക് തന്നെ തടസപ്പെട്ടിരിക്കുകയാണ്. നാട്ടുകാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ക്ലബ്, സംഘടനാ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി വന്‍ ജനകീയ പങ്കാളിത്തത്തോടെയാണ് പ്രവൃത്തികള്‍ നടന്നത്.

നമ്മുടെ ജലസ്രോതസുകള്‍ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം പുഴയില്‍ തള്ളുന്നതിനാല്‍ ജൈവ സമ്പത്തും മത്സ്യസമ്പത്തുമെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പഞ്ചായത്ത് പരിധിയിലുള്ള എല്ലാ പുഴകളും തോടുകളും മാലിന്യമുക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ജനുവരി 15ന് ശേഷം പഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പിലാക്കും. പഞ്ചായത്ത് സെക്രട്ടറി ദേവദാസ് പറഞ്ഞു.

നൂമ്പില്‍ പുഴയിലും പരിസരത്തും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും അടുത്ത വാര്‍ഷിക പദ്ധതികളില്‍ ഇക്കാര്യം പരിഗണിക്കുമെന്നും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണിടിച്ചില്‍ തടയുന്നതിനായി നൂമ്പില്‍ പുഴയുടെ ഇരുവശത്തും കയര്‍ഭൂവസ്ത്രം വിരിക്കുന്നതിനും തടയണ നമിര്‍മിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ടെന്ന് മഹാത്മ ഗാന്ധി ദേശീയ ഗ്രീമണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍ അമൃത ബാലകൃഷ്ണന്‍ വ്യക്തമാക്കി.

ഹരിത കേരളം മിഷന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 'ഇനി ഞാന്‍ ഒഴുകട്ടെ' എന്ന പേരില്‍ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പിനായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. വേനല്‍കാലത്ത് തോടുകളിലും മറ്റും വെള്ളം വറ്റിയ ശേഷം സ്‌കൂള്‍ കുട്ടികളുള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് കൊണ്ട് ബാക്കിയുള്ള സ്ഥലങ്ങള്‍ കൂടി ശുചീകരിക്കും. ഈ പ്രദേശത്തുകാരുടെ പ്രധാന കുടിവെള്ള സ്രോതസ് കൂടിയാണ് നൂമ്പില്‍ പുഴ. പഞ്ചായത്ത് അംഗങ്ങളായ മണികണ്ഠന്‍, അബ്ദുര്‍ റഹ് മാന്‍, കെ കൃഷ്ണന്‍, അബ്ദുല്ലക്കുഞ്ഞി ഉലൂജി, മുന്‍ അംഗങ്ങളായ ജമീല, തമ്പാന്‍ അച്ചേരി, മനാഫ് ആലിച്ചേരി, കളനാട് ഹൈദ്രോസ് ജമാഅത്ത് ട്രഷറര്‍ ശരീഫ് കളനാട്, കൃഷി ഓഫീസര്‍ ദിനേഷ് പി തുടങ്ങിയവര്‍ സംബന്ധിച്ചു.

keywords:  kasaragod, Kalanad, news, Programme, Chemnad, Kalanad noombil river revival program started 



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia