കളനാട്ടെ യുവാവിനെയും സുഹൃത്തിനെയും ബന്ദിയാക്കി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു
May 21, 2012, 17:46 IST
പയ്യന്നൂര്‍: കളനാട് സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും ഒരു സ്ത്രീയെ കരുവാക്കി പഴയങ്ങാടി ഏഴോത്തെ ഒരു വീട്ടില്‍ ബന്ദികളാക്കി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു. കളനാട് സ്വദേശി നിസാറും സുഹൃത്തുമാണ് ചതിയില്‍പ്പെട്ടത്. പഴയങ്ങാടിക്കടുത്ത ഏഴോത്ത് താമസിക്കുന്ന ഒരു സ്ത്രീയില്‍ നിന്ന് കടംവാങ്ങിയ പണം തിരിച്ചുകിട്ടാനുള്ള ശ്രമത്തിനിടയിലാണ് യുവാക്കള്‍ കെണിയില്‍പ്പെട്ടത്. ഈ സ്ത്രീ യുവാക്കളില്‍ നിന്ന് 30,000 രൂപ കടംവാങ്ങിയിരുന്നു. പണം തിരിച്ചുതരാമെന്ന് പറഞ്ഞ സ്ത്രീ നിസാറിനോടും സുഹൃത്തിനോടും ഏഴോത്തുള്ള വീട്ടിലേക്ക് എത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം സ്ത്രീയുടെ വീട്ടിലെത്തിയ യുവാക്കളെ അവിടെ കാത്തിരിക്കുകയായിരുന്ന ഒരു സംഘം വീട്ടിനകത്താക്കി മുറിയില്‍ അടച്ചിട്ടു.
സ്ത്രീയെ ചുറ്റിപ്പറ്റി കെണിയില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം പുറത്ത് വിടണമെങ്കില്‍ 20 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടു. യുവാക്കള്‍ പണം നല്‍കാനാവില്ലെന്ന് പറഞ്ഞെങ്കിലും സംഘം ഇവരെ ഭീഷണിപ്പെടുത്തി. ഒടുവില്‍ 10 ലക്ഷം രൂപ നല്‍കാമെന്ന് നിസാറും സുഹൃത്തും സമ്മതിച്ചു. പിന്നീട് 5 ലക്ഷം രൂപ യുവാക്കള്‍ ബന്ദിയാക്കിയ സംഘത്തിന് കൈമാറി. ബാക്കി പണം പിന്നീട് തരാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നിസാറിനെയും സുഹൃത്തിനെയും വിട്ടയക്കുകയായിരുന്നു. ഇവരുടെ പാസ്പോര്‍ട്ടും മറ്റ് യാത്രാരേഖകളും സംഘം കൈവശപ്പെടുത്തി.
ബാക്കി പണം നല്‍കാതെ ഇവ തിരിച്ച് നല്‍കില്ലെന്ന് സംഘം വാശിപിടിച്ചു. സംഭവത്തെ കുറിച്ച് പിന്നീട് നിസാര്‍ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് പാസ്പോര്‍ട്ട് വാങ്ങിക്കാന്‍ ഈ വീട്ടിലെത്തിയ സമയത്ത് ഈ വീട്ടിലുണ്ടായിരുന്ന ചട്ടഞ്ചാല്‍ സ്വദേശി കെ ആരിഫിനെ(32) പോലീസ് കുടുക്കി. യുവാക്കളെ ബന്ദികളാക്കിയ സംഘത്തില്‍ ഏഴ് പേര്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. പഴയങ്ങാടി എസ്ഐ എം അനിലിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
Keywords: Kalanad Native, Cheated, Payyannur, Kasaragod