Exclusive | 'കളക്കാത്ത സന്ദനമേറെ..' എന്ന ഒറ്റ സിനിമാ ഗാനത്തിലൂടെ നഞ്ചിയമ്മ അട്ടപ്പാടിയുടെ തലവര മാറ്റിയെന്ന് പളനി സ്വാമി കാസർകോട് വാർത്തയോട്
● ഇടുക്കി ജില്ലയിലെ അട്ടപ്പാടിയിലെ ട്രൈബൽ കലകൾ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ 20 വർഷം മുമ്പ് രൂപീകരിച്ച ആസാദ് കലാ സംഘത്തെ നയിക്കുന്നത് പളനി സ്വാമിയാണ്.
● അയ്യപ്പനും കോശിയും എന്ന സിനിമയിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ഫൈസൽ എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു.
ഉദിനൂർ: (KasargodVartha) 'കളക്കാത്ത സന്ദനമേറെ വെഗുവോക പൂത്തിറിക്കൊ', എന്ന അയ്യപ്പനും കോശിയും സിനിമയിലെ ഒറ്റ ഗാനത്തിലൂടെ നഞ്ചിയമ്മ അട്ടപ്പാടിയുടെ തലവര മാറ്റിയെന്ന് ഗോത്രവർഗ കലാകാരനും സിനിമാ നടനുമായ പളനി സ്വാമി കാസർകോട് വാർത്തയോട് വെളിപ്പെടുത്തി. ഉദിനൂരിൽ നടന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഇരുള നൃത്തത്തിൽ വെന്നികൊടി പാറിച്ച ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്‌കൂളിന് വേണ്ടി പരിശീലകനായി എത്തിയതായിരുന്നു അദ്ദേഹം.
ഇടുക്കി ജില്ലയിലെ അട്ടപ്പാടിയിലെ ട്രൈബൽ കലകൾ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ 20 വർഷം മുമ്പ് രൂപീകരിച്ച ആസാദ് കലാ സംഘത്തെ നയിക്കുന്നത് പളനി സ്വാമിയാണ്. ഇദ്ദേഹത്തിന്റെ ഭാര്യ ശോഭയും മകൾ അനു പ്രശോഭിനിയുമടക്കമുള്ളവർ ഇതിൻ്റെ പ്രവർത്തകരാണ്. ഇരുള നൃത്ത കലാകാരനും മലയാളസിനിമയിൽ ചെറിയതും ശ്രദ്ധേയവുമായ 10 ലധികം വേഷങ്ങൾ കൈാര്യം ചെയ്യുകയും കലാരംഗത്ത് സജീവമായി കൊണ്ടിരിക്കുകയും ചെയ്യുന്ന നടനുമാണ് പളനി സ്വാമി.
അയ്യപ്പനും കോശിയും എന്ന സിനിമയിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ഫൈസൽ എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. അട്ടപ്പാടിയിൽ ഈ സിനിമ ചിത്രീകരണം നടന്നപ്പോഴാണ് സിനിമയിൽ ബിജു മേനോൻ കൈകാര്യം ചെയ്ത അയ്യപ്പൻ എന്ന കഥാപാത്രത്തിൻ്റെ ഭാര്യയായ ട്രൈബൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന രംഗത്ത് ട്രൈബൽ ഗാനം വേണമെന്ന് സംവിധായകൻ പളനി സ്വാമിയോട് പറഞ്ഞതോടെയാണ് നഞ്ചിയമ്മയുടെ അടുത്തേക്ക് അവസരം എത്തിച്ചേരാൻ സാഹചര്യം ഒരുങ്ങിയത്.
ഇരുള ഗോത്രവർഗ സമൂഹത്തിന്റെ കലയായ ഇരുള നൃത്തം അവതരിപ്പിക്കുന്ന സംഘമായിരുന്നു അട്ടപ്പാടിയിലെ ആസാദ് കലാ സംഘം. ഈ സംഘത്തിലെ കലാകാരിയായ നഞ്ചിയമ്മ പാടിയ അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിലെ കലക്കാത്ത എന്ന് തുടങ്ങുന്ന ടൈറ്റിൽ ഗാനം മലയാളികൾ ഒന്നടകങ്കം ഏറ്റെടുക്കുകയും ഈ ഗാനം ആലപിച്ച നഞ്ചിയമ്മയ്ക്ക് ദേശീയ സിനിമാ അവാർഡ് ലഭിക്കുകയും ചെയ്തു.
കർത്താട്സ് 2015-ൽ ട്രൈബൽ കലയുടെ ഉന്നമനത്തിനായി നടത്തിയ സെമിനാറിൻ്റെ ഭാഗമായാണ് 10 കലകൾ സ്‌കൂൾ കലോത്സവങ്ങളിൽ ഉൾപ്പെടുത്തണമെന്ന് സർകാരിനോട് ആവശ്യപ്പെട്ടത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മംഗലം കളി, ഇരുള നൃത്തം, പളിയ നൃത്തം, മലപ്പുളിയാട്ടം, പണിയനൃത്തം എന്നിങ്ങനെ അഞ്ച് കലാരൂപങ്ങൾ സ്‌കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയത്. ഇത് അട്ടപ്പാടിയിലെ തന്നെ പോലുള്ള കലാകാരൻമാർക്ക് ഒരു പാട് സന്തോഷം പകർന്ന തീരുമാനമായിരുന്നു.
2006-ൽ ഒരു പരിപാടിയിൽ വെച്ചാണ് ബന്ധുകൂടിയായ നഞ്ചിയമ്മ ചേച്ചിയുടെ പാട്ട് കേട്ടത്. തുടർന്നാണ് തങ്ങളുടെ കലാട്രൂപിൽ ചേച്ചിയേയും ഉർപ്പെടുത്തിയതെന്ന് പളനി സ്വാമി പറഞ്ഞു. അതുവരെ ചേച്ചി ആടുമാടുകളെ മേയ്ക്കുന്ന ജോലിയാണ് ചെയ്തു വന്നത്. ഫോക്‌ലോർ അകാദമി, കിർത്താട്സ്, ടൂറിസം വകുപ്പ് 14 ജില്ലയിലും നടത്തിവന്ന ഉത്സവ് എന്നിവയിലടക്കം 300 ലധികം വേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലും പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും പളനി സ്വാമി കൂട്ടിച്ചേർത്തു.
#Nanjiyamma #TribalArts #PalaniSwamy #AyyappanumKoshiyum #KeralaCinema #TribalMusic