കക്കളംകുന്ന് വാർഡിൽ ഇഞ്ചോടിഞ്ച് മത്സരം: മുസ്ലിം ലീഗിന് പ്രധാന വെല്ലുവിളിയായി എസ്ഡിപിഐ
● പതിറ്റാണ്ടുകളായി മുസ്ലിം ലീഗ് വിജയിച്ചു വരുന്ന 'ഹരിത കോട്ട'യാണിത്.
● വികസന മുരടിപ്പാണ് എസ്ഡിപിഐയുടെയും ഇടതുപക്ഷത്തിൻ്റെയും പ്രധാന പ്രചാരണ വിഷയം.
● പഞ്ചായത്ത് ഭരണസമിതിയിലെ അഴിമതി വിവാദങ്ങൾ ലീഗിന് തിരിച്ചടിയാകുമെന്ന് എസ്ഡിപിഐ.
● എൽഡിഎഫ് സ്ഥാനാർത്ഥി ശശിധര പിയും ബിജെപി സ്ഥാനാർത്ഥി ദേവിക പിയും മത്സരരംഗത്ത്.
കുമ്പള: (KasargodVartha) പഞ്ചായത്തിലെ മൂന്നാം വാർഡായ കക്കളംകുന്നിൽ പോരാട്ടം കനക്കുകയാണ്. മുസ്ലിം ലീഗിന്റെ മണ്ഡലം സെക്രട്ടറി എ കെ ആരിഫ് മത്സരിക്കുന്ന വാർഡിൽ എസ്ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസർ ബംബ്രാണയാണ് എതിരാളി. രണ്ട് പ്രമുഖ നേതാക്കൾ തമ്മിലുള്ള ഈ മത്സരം കൊണ്ട് കക്കളംകുന്ന് വാർഡ് ശ്രദ്ധേയമാവുകയാണ്.
വാർഡിൽ എൽഡിഎഫും ബിജെപിയും ശക്തമായി മത്സരരംഗത്തുണ്ടെങ്കിലും രാഷ്ട്രീയ പോരാട്ടം പ്രധാനമായും മുസ്ലിം ലീഗും എസ്ഡിപിഐയും തമ്മിലാണെന്നാണ് വിലയിരുത്തൽ. ഇതിന്റെ വീറും വാശിയും വാർഡിലെ പ്രചാരണങ്ങളിൽ പ്രകടവുമാണ്.
പതിറ്റാണ്ടുകളായി മുസ്ലിം ലീഗ് വിജയിച്ചു വരുന്ന വാർഡാണ് കക്കളംകുന്ന്. ഇവിടെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് എസ്ഡിപിഐയും, സിപിഎമ്മും, ബിജെപിയും പ്രചാരണം നടത്തുന്നത്.
പഞ്ചായത്ത് ഭരണസമിതിയിൽ കഴിഞ്ഞ പ്രാവശ്യം പ്രസിഡന്റ് പദവി ഈ വാർഡിന് കിട്ടിയിട്ടും അടിസ്ഥാന സൗകര്യ വികസനം ഒരുക്കിയിട്ടില്ലെന്ന് എതിർ സ്ഥാനാർഥികൾ ആരോപിക്കുന്നുണ്ട്.
എന്നാൽ മുസ്ലിം ലീഗിന്റെ ഹരിത കോട്ടയായ കക്കളംകുന്നിൽ ഒരുപാട് വികസന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. 'അത് വോട്ടർമാർ നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ട്. മാത്രമല്ല കുമ്പളയിൽ പൊതുസമ്മതനും ശക്തനായ സ്ഥാനാർഥി കൂടിയാണ് എ കെ ആരിഫ്. ഹരിത കോട്ടയ്ക്ക് ഒരു ഇളക്കവും സംഭവിക്കാൻ പോകുന്നില്ല' എന്ന് യുഡിഎഫ് പ്രവർത്തകരും നേതാക്കളും പറയുന്നു.
കഴിഞ്ഞ ഭരണസമിതിക്കെതിരായ ഭരണവിരുദ്ധ വികാരവും, മുസ്ലിം ലീഗ് പ്രവർത്തകർ തന്നെ ആരോപണമുയർത്തിയ അഴിമതി വിവാദങ്ങളും വാർഡിൽ മുസ്ലിം ലീഗിന് തിരിച്ചടിയാകുമെന്ന് എസ്ഡിപിഐ പ്രവർത്തകർ പറയുന്നു.
മത്സരരംഗത്ത് ബിജെപി രംഗത്തിറക്കിയിരിക്കുന്നത് ദേവിക പിയെയാണ്. ശശിധര പിയാണ് സിപിഎം സ്ഥാനാർഥി. വാർഡ് വിഭജനത്തെ തുടർന്ന് കക്കളംകുന്ന് വാർഡിൽ ബിജെപിക്കും സിപിഎമ്മിനും വോട്ട് ബാങ്കുള്ള പ്രദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, ഇവിടെ പാർട്ടികൾക്ക് വോട്ട് വർധനവ് ഉണ്ടായിട്ടുണ്ടെന്നും ഇത് തങ്ങൾക്ക് അനുകൂല ഘടകമാണെന്നും ബിജെപിയും സിപിഎമ്മും പറയുന്നുണ്ട്.
കുമ്പള കക്കളംകുന്നിലെ ഈ ഇഞ്ചോടിഞ്ച് പോരാട്ടത്തെക്കുറിച്ചുള്ള വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ. നിങ്ങളുടെ പ്രവചനം കമൻ്റ് ചെയ്യുക.
Article Summary: Kumbla's Kakkalamkunnu ward sees a tight contest between Muslim League's secretary and SDPI's president, with development issues being central.
#KumblaElection #Kakkalamkunnu #MuslimLeague #SDPI #KeralaLocalPolls #Kasaragod






