കാടിയംകുളം കണ്ണീർക്കുളമായി: റോഡിൽ മുട്ടറ്റം വെള്ളം, വിദ്യാർത്ഥികൾ ദുരിതത്തിൽ!

● കഴിഞ്ഞ വർഷം തയ്യാറാക്കിയ എസ്റ്റിമേറ്റിന് അനുമതിയില്ല.
● കാടിയംകുളം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി.
● കാടുകൾ നിറഞ്ഞ് ഇഴജന്തുക്കളുടെ താവളമായി.
● വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ ഇടപെട്ടു.
● പദ്ധതി പൂർത്തിയാക്കാൻ നാട്ടുകാരുടെ അടിയന്തിര ആവശ്യം.
മൊഗ്രാൽ: (KasargodVartha) കാടിയംകുളം സംരക്ഷിക്കുന്നതിനായി ചെറുകിട ജലസേചന വകുപ്പ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച പദ്ധതിക്ക് അനുമതിയും ഫണ്ടും ലഭിക്കാത്തതിനെത്തുടർന്ന് ദുരിതത്തിലായത് തൊട്ടടുത്ത സ്കൂളിലെയും അംഗൻവാടിയിലെയും വിദ്യാർത്ഥികൾ.
ശക്തമായ മഴയിൽ കാടിയംകുളം നിറഞ്ഞുകവിഞ്ഞതോടെ കെ കെ പുറം ലിങ്ക് റോഡിൽ മുട്ടോളം വെള്ളത്തിലാണ് വിദ്യാർത്ഥികൾ സ്കൂളിലേക്കും അംഗൻവാടിയിലേക്കും പോകുന്നതും വരുന്നതും. ഇത് രക്ഷിതാക്കളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ വർഷമാണ് ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് ചെറുകിട ജലസേചന വകുപ്പ് അധികൃതർ പദ്ധതി പ്രദേശം സന്ദർശിക്കുകയും എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുകയും ചെയ്തത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഫണ്ട് അനുവദിക്കാത്തതിനെത്തുടർന്ന് തുടർനടപടികളുണ്ടായില്ല. ഒരു കോടിയിലേറെ രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി കാടിയംകുളത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു.
വലിയ തോതിൽ ജലസ്രോതസ്സുള്ള പ്രദേശമാണ് മൊഗ്രാൽ കാടിയംകുളം. കടുത്ത വേനൽക്കാലങ്ങളിൽ പോലും കാടിയംകുളത്തിലെ വെള്ളം വറ്റാറില്ല. ശുദ്ധജലത്തിനും കൃഷി ആവശ്യങ്ങൾക്കുമായി ജില്ലാ പഞ്ചായത്തും ചെറുകിട ജലസേചന വകുപ്പും നേരത്തെ തയ്യാറാക്കിയ പദ്ധതികൾക്കൊന്നും നിലനിൽപ്പുണ്ടായില്ല. രണ്ട് പദ്ധതികളും പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു.
പദ്ധതി ഉപേക്ഷിക്കപ്പെട്ടതോടെ കാടിയംകുളം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. കാടുകൾ നിറഞ്ഞ് ഇഴജന്തുക്കളുടെ താവളമായി മാറിയത് തൊട്ടടുത്ത പ്രദേശവാസികൾക്ക് ദുരിതമായി. ഇതേത്തുടർന്നാണ് വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ ജില്ലാ പഞ്ചായത്തിനെ സമീപിച്ചത്.
കഴിഞ്ഞ വർഷം കാടുകൾ വെട്ടിമാറ്റി മാലിന്യ നിക്ഷേപം തടയാൻ കുളത്തിന് ചുറ്റും മതിലുകൾ കെട്ടി സംരക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും കാടുകൾ നിറഞ്ഞ് ജലസ്രോതസ്സ് മലിനമാവുകയും ചെയ്തിട്ടുണ്ട്. പദ്ധതി പൂർത്തിയാക്കാൻ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാടിയംകുളം വിഷയത്തിൽ സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നിലപാടിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Kadiyamkulam lake overflows, road submerged, students struggle.
#Kadiyamkulam #Mogral #Waterlogging #StudentHardship #KeralaFloods #InfrastructureFailure