40 വർഷത്തെ ബീഡിതെറുപ്പിന് വിരാമം; കെ പ്രേമലത ദിനേശ് കമ്പനിയിൽനിന്ന് വിരമിക്കുന്നു
● 18-ാമത്തെ വയസ്സിലാണ് ജോലിക്ക് ചേർന്നത്.
● തുച്ഛമായ വേതനം മാത്രം ലഭിച്ചിട്ടും ജീവിതത്തോട് പൊരുതി മക്കളെ പഠിപ്പിച്ചു.
● സ്ഥാപനത്തിൽ ഇന്ന് 37 തൊഴിലാളികൾ മാത്രമാണ് അവശേഷിക്കുന്നത്.
● തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് സ്നേഹബന്ധത്തെയും കൂട്ടായ്മയെയുമാണ് ബാധിക്കുന്നത്.
തൃക്കരിപ്പൂർ: (KasargodVartha) നാല്പത് വർഷത്തെ നീണ്ട സേവനത്തിന് ശേഷം ദിനേശ് ബീഡി കമ്പനിയിലെ തൊഴിലാളിയായ കെ പ്രേമലത വ്യാഴാഴ്ച (25.09.2025) വിരമിക്കുന്നു. തുച്ഛമായ വേതനം മാത്രം ലഭിച്ചിട്ടും ജീവിതത്തോട് പൊരുതി, രണ്ട് പെൺമക്കളെ പഠിപ്പിച്ച് വിവാഹിതരാക്കി അയച്ച പ്രേമലത, സഹപ്രവർത്തകരുടെ സ്നേഹാശംസകൾ ഏറ്റുവാങ്ങി കമ്പനിയോട് വിടപറയുകയാണ്.
പേക്കടം സ്വദേശിനിയായ ഇവർ 18-ാമത്തെ വയസ്സിലാണ് ബീഡി തെറുപ്പ് ജോലിക്ക് ചേർന്നത്. തൃക്കരിപ്പൂർ ദിനേശ് ബീഡി കമ്പനി ബ്രാഞ്ചിലാണ് പ്രേമലത ജോലി ചെയ്തിരുന്നത്. ഒരുകാലത്ത് നൂറുകണക്കിന് തൊഴിലാളികൾ നിറഞ്ഞിരുന്ന ഈ സ്ഥാപനത്തിൽ ഇന്ന് 37 പേർ മാത്രമാണ് അവശേഷിക്കുന്നത്. ഓരോരുത്തരായി വിരമിക്കുമ്പോൾ ബീഡി തൊഴിലാളികളുടെ കൂട്ടായ്മയും സ്നേഹബന്ധവുമാണ് ഇല്ലാതാവുന്നത്.
ബീഡി തെറുപ്പ് ഉപജീവനമാർഗമാക്കിയ 70 ശതമാനത്തോളം പേർ കൂടുതൽ വേതനം ലഭിക്കുന്ന മറ്റു തൊഴിൽ മേഖലകളിലേക്ക് ചേക്കേറിയപ്പോഴും, തൻ്റെ ജീവിതത്തിൻ്റെ ഭാഗമായ ഈ തൊഴിൽ ഉപേക്ഷിക്കാൻ പ്രേമലതയ്ക്ക് കഴിഞ്ഞില്ല. തൊഴിലിൻ്റെ മാന്യത കാത്തുസൂക്ഷിച്ച ഒരു ജീവിതത്തിൻ്റെ പ്രതിരൂപമാണ് വൈക്കത്തെ പ്രേമലത.

ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാലയിലെ വനിതാ കമ്മിറ്റി അംഗം കൂടിയായ പ്രേമലത നല്ലൊരു വായനക്കാരിയാണ്. വൈക്കത്തെ കെ വി നാരായണനാണ് ഭർത്താവ്. കെ നിഷ, കെ ജീഷ എന്നിവരാണ് മക്കൾ.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: K Premalatha retires after 40 years of service at Dinesh Beedi Company in Kerala.
#DineshBeedi #Retirement #KeralaNews #Trikkarippur #Premalatha #BeediWorkers






