city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വികസന ഫണ്ട് അന്തര്‍സംസ്ഥാന പാതക്കും റെയില്‍വ്വേക്കും വരെ ഉപയോഗിച്ചു: കെ കുഞ്ഞിരാമന്‍ എംഎല്‍എ

സ്ഥാനാര്‍ത്ഥിയോടൊപ്പം / പ്രതിഭാരാജന്‍

(www.kasargodvartha.com 06.05.2016) സ്ഥാനാര്‍ത്ഥിയോടൊപ്പം പരിപാടിയില്‍ ഉദുമയുടെ എംഎല്‍എയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ കെ കുഞ്ഞിരാമനോടൊപ്പമായിരുന്നു വ്യാഴാഴ്ച. രാവിലെ കുട്ടപ്പുന്നയില്‍ നിന്നും ആരംഭിച്ച പര്യടനം രാത്രി ഏറെ വൈകുംവരെ നീണ്ടു. സ്ഥാനാര്‍ത്ഥി കൂട്ടപ്പുന്നയിലേക്കെത്തിച്ചേരുമ്പോഴേക്കും ഐഎന്‍എല്ലിന്റെ പ്രാതിനിധ്യമായി ബി കെ അബ്ദുര്‍ റഹ് മാന്‍ മാഷ് പ്രസംഗിക്കുന്നു. മണി ഒമ്പത് തികഞ്ഞിട്ടില്ല. വെയില്‍ കനത്തിട്ടുണ്ട്. വിയര്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഏറെയും തങ്ങളുടെ നേതാവിനെ കാണാനെത്തിയ ഒരു കൂട്ടം കൂലിത്തൊഴിലാളികള്‍. അവര്‍ പണി നിര്‍ത്തി വന്നു ചേര്‍ന്നിരിക്കുന്നു. വോട്ടു ചോദിക്കാനല്ല, നിങ്ങളുടെ സുഹൃത്തുക്കളോടും പരിചയക്കാരോടും പറഞ്ഞു ചെയ്യിക്കാനാണ് ഇവിടെ നിങ്ങളെ വിളിച്ചു വരുത്തിയിരിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി മണികണ്ഠന്‍ ഓര്‍മ്മിപ്പിക്കുന്നു.

പ്രസംഗം കഴിഞ്ഞു. മൊട്ടപ്പാറയായിരുന്ന കുട്ടപ്പന്നയില്‍ നിന്നും വികസനത്തിന്റെ ഇരമ്പല്‍ പോലെ തടിമില്ലില്‍ നിന്നും യന്ത്രത്തിന്റെ ആരവം കേള്‍ക്കാം. തൊട്ടടുത്തു നായനാരുടെ കാലത്ത് നടപ്പില്‍ വന്ന മൈലാട്ടി സബ്‌സ്‌റ്റേഷന്‍ പകല്‍ നേരത്തും നിന്നു കത്തുന്നു. ദാഹം തീരാത്ത വേഴാമ്പലിനേപ്പോലെ മൈലാട്ടി സ്പിന്നിങ്ങ് മില്‍ അരികില്‍ത്തന്നെ. ഇവിടമൊക്കെ താണ്ടി നേരെ ഈയ്യലടുക്കത്തേക്ക്. സഖാവ് കണ്ണേട്ടന്‍ ചുവപ്പിച്ച മണ്ണിലേക്ക്. കടുത്ത വേനല്‍ തിന്നു വിരിഞ്ഞ മെയ്മാസപ്പുക്കള്‍ ചിരിച്ചു നില്‍ക്കുന്ന തണലിലുടെ ചുവപ്പിന്റെ ലഹരിയില്‍ സ്ഥാനാര്‍ത്ഥി പൂര്‍വ്വാധികം സന്തോഷത്തോടെ മുന്നോട്ട്. ചുറ്റും വിജയാരവം. മാപ്പിളപ്പാട്ടിന്റെ ശീലുകള്‍, മുദ്രാവാക്യം വിളികള്‍. ഈയ്യലടുക്കത്ത് ഇറങ്ങിയപ്പോള്‍ മോരിന്‍വെള്ളം റെഡി. വെള്ളമില്ലാതിരുന്ന കൊടും പാറയില്‍ കെ വി കുഞ്ഞിരാമന്റെ കാലത്ത് ബിആര്‍ഡിസി അനുവദിച്ചു തന്ന ജലസംഭരണി തലയുയര്‍ത്തി അരികില്‍ തന്നെ. മുക്കുണ്ടില്‍ പാലം ഉടന്‍ വരും. എല്ലവരുടേയും ഊഴത്തിനു ശേഷം സ്ഥാനാര്‍ത്ഥിയുടെ നന്ദി പ്രസംഗം.

എസ്റ്റിമേറ്റ് റെഡിയായിക്കഴിഞ്ഞു. ഒന്നരക്കോടി കെട്ടി വെച്ചു. ചട്ടഞ്ചാലുകാര്‍ക്കാണ് കരാറ്. ഉടന്‍ പണി തുടങ്ങും. പറഞ്ഞാല്‍ തീരില്ല വികസനം. മുന്ന് വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി മോഹനേക്കാള്‍ കുടുതല്‍, ആകെ 440 കോടി തന്റെ മണ്ഡലത്തില്‍ ചിലവഴിച്ചിട്ടുണ്ട്. ചിലവഴിച്ച പദ്ധതികളുടെ കഥ പറയാന്‍ ഒട്ടേറെയുണ്ട്. പക്ഷെ സ്ഥാനാര്‍ത്ഥിക്ക് നേരമില്ല. സമയം വൈകുന്നു. ജാഥാ ലീഡറുടെ മൂക്കു കയറുണ്ട്. ഓരോ ഇടങ്ങളിലും അളന്നു മുറിച്ചു മാത്രം സംസാരം. തെരെഞ്ഞെടുപ്പ് കമ്മറ്റി അച്ചടിച്ചു വിതരണം ചെയ്ത സചിത്ര ലഘുലേഖ വായിച്ചു മനസിലാക്കിക്കൊള്ളാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ട് അടുത്ത കേന്ദ്രത്തിലേക്ക്.

നേരെ ചാമുണ്ടിയുടെ സന്നിധിയിലേക്ക്. അതസ്ഥിതര്‍ക്ക് വേണ്ടി പോരടിച്ച തെയ്യങ്ങള്‍ നിതൃസ്മൃതി ഉണര്‍ത്തുന്ന പെരുന്തട്ടയില്‍ നിന്നും ചുവപ്പിന്റ മണ്ണിലേക്ക്. പള്ളിക്കരയുടെ മോസ്‌കോ എന്നറിയപ്പെടുന്ന കുതിരക്കോടിലേക്ക് പ്രചരണ സംഘം നീങ്ങി. മുമ്പേ പറന്നെത്തിയ പക്ഷിയേപ്പോല്‍ ഡിവൈഎഫ്‌ഐയുടെ ജില്ലാ സെക്രട്ടറി മണികണ്ഠന്‍ പ്രസംഗിക്കുന്നു. ഞങ്ങള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ അടുത്ത ജൂണ്‍ മാസം മുതല്‍ തന്നെ ക്ഷേമ പെന്‍ഷന്‍ തുക ചുരുങ്ങിയത് 1000 രുപയാക്കുമെന്ന് മണികണ്ഠന്‍. അതു വീട്ടിലെത്തിച്ചു തരും. സ്ഥാനാര്‍ത്ഥി നന്ദി പറയുമ്പോള്‍ പറഞ്ഞു. നിങ്ങളുടെ സഹായത്തോടു കുടി ഞാന്‍ നടത്തിയ വികസനം വലതുരാഷ്ട്രീയവും അംഗീകരിക്കുന്നു. കുഞ്ഞാലിക്കുട്ടി മേല്‍പ്പറമ്പില്‍ വന്നു. പ്രസംഗിച്ചു. എംഎല്‍എയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലല്ലോ. ഞങ്ങളിറക്കിയ ബഹുവര്‍ണ ബുക്ക്‌ലെറ്റ് നോക്കു. ലീഗിന്റെ നേതാക്കള്‍ എന്നെ ലഡു തീറ്റി സന്തോഷിപ്പിക്കുന്ന ചിത്രം അതില്‍കാണാം. എന്നോടൊപ്പം എനിക്കു വോട്ടു ചെയ്തവരുടെ കുടിയുള്ള അംഗീകാരമാണത്.

അരവമംഗലത്തപ്പന്റെ മണ്ണില്‍, ആലിങ്കാലിലായിരുന്നു അടുത്ത സ്വീകരണം. സ്ഥാനാര്‍ത്ഥി എത്തുന്നതിനു മുമ്പെ അവിടം സ്വീകരണത്തിനു പുറമെ സാംസ്‌കാരിക യോഗം നടക്കുന്നുണ്ടായിരുന്നു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ പ്രസംഗിക്കുന്നു. തച്ചങ്ങാട് സ്‌കുളിലെ വിദ്യാര്‍ത്ഥിനി സിന്ധുവിന്റെ കവിതാ പുസ്തകം, മണി അരവത്ത് പി കെ ശ്രിമതി ടീച്ചറെക്കുറിച്ചെഴുതിയ പുസതകങ്ങളെല്ലാം സ്ഥാനാര്‍ത്ഥി പര്യടനത്തില്‍ ഉടനീളം കൊണ്ടു നടന്നു. സര്‍ഗാത്മതത്വം നിന്നു പെയ്തപ്പോള്‍ ആലിങ്കാലിലെ ചുടിന് തണുപ്പിന്റെ രുചി. നേരെ പൊടിപ്പുളത്തിലേക്ക്. വിയര്‍ക്കാന്‍ പോലും ഒരിറ്റു വെള്ളം ബാക്കി വെക്കാതെ കോട്ടപ്പാറ കത്തിക്കാളുന്നു. പാടം വിണ്ടു കീറിയിരിക്കുന്നു. അന്തരീക്ഷത്തില്‍ വെയില്‍ വിതച്ച കണ്ണീച്ചാന്‍ മിന്നിമറയുന്നു. പ്ലാസ്റ്റിക്ക് ഷീറ്റു പുതച്ച വേദിയില്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം വെയില്‍ തിന്നുന്ന വോട്ടര്‍മാര്‍. അവര്‍ക്കു വേണ്ടത് അവിടെ പെയ്യുന്ന മഴ അവരുടെ പാടത്ത് തന്നെ സംരക്ഷിക്കലാണ്. ക്ഷീണിതരാണ് നാട്ടുകാര്‍. ക്ഷേത്ര ശാന്തിക്കാര്‍ വരെ എത്തിയതു മാത്രമല്ല, സ്ഥാനാര്‍തഥിക്ക് രക്തഹാരമണിയിക്കുകയും ചെയ്തു.

കറങ്ങിത്തിരിഞ്ഞ് ഒരുവട്ടം കുടി നാഷണല്‍ ഹൈവേയിലെത്തി. കേന്ദ്ര സര്‍വ്വകലാശാല, കുണിയയിലെ വിദ്യാഭ്യാസ നിലയം ഒന്നൊന്നായി എണ്ണിപ്പറയാന്‍ എവിടെ സമയം. ഇനിയും വെട്ടിമാറ്റാത്ത മരം തന്ന തണലില്‍ സ്ഥാനാര്‍ത്ഥി അല്‍പ്പം വിശ്രമിച്ചു. എം കുമാരന്റെയും മണിമോഹന്റെയും തട്ടകത്തില്‍ കെ പ്രസംഗിക്കുന്നു. സുന്നി പ്രവര്‍ത്തകരുണ്ട് കേള്‍വിക്കാരായി. സാധിക്കുന്നതിനും അതിനപ്പുറവും വികസനം മണ്ഡലത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്ന് സ്ഥാനാര്‍ത്ഥി. എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം കാണാം റോഡും പാലവും പുതുതായി. സംസ്ഥാന സര്‍ക്കാരിനു കഴിയുന്നതിലും,അതിനുമപ്പുറത്തും ചെയ്തു.

ചാത്തങ്കൈയില്‍ റെയില്‍വേ പാലം വേണം. എം പി കൈമലര്‍ത്തി, പണമെവിടുന്നെടുത്തു കൊടുക്കും? ഞാന്‍ ധൈര്യം പകര്‍ന്നു. ഏസ്റ്റിമേറ്റുണ്ടാക്കു... പണം സംഘടിപ്പിക്കാം. ഏസ്റ്റിമേറ്റായപ്പോള്‍ അഞ്ചര കോടി വേണം. പണം കെട്ടിവെച്ചു. പണി ഉടന്‍ തുടങ്ങും. ഒരു പക്ഷെ കേരളത്തില്‍ ഇതാദ്യമായായിരിക്കാം ഒരു എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ച് റെയില്‍വ്വേക്ക് പാലം സ്ഥാപിക്കപ്പെടുന്നത്. മാത്രമല്ല കേരളത്തിനു വെളിയിലേക്ക് യാത്ര ചെയ്യാന്‍ അന്തര്‍ സംസ്ഥാന പാത വേണമെന്ന നാട്ടുകാരുടെ ആഗ്രഹം കണക്കിലെടുത്ത് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സദാനന്ദഗൗഡയെ കണ്ടതും പണം കിട്ടിയതും, കാറഡുക്ക വഴി കര്‍ണാടകയിലേക്ക് പുതിയ റോഡ് സാര്‍ത്ഥമായതും, ഗൗഡയുടെ വീട്ടിലേക്ക് റോഡു നിര്‍മ്മിച്ചു നല്‍കിയതും അദ്ദേഹം ഓര്‍ത്തെടുത്തു. പ്രസംഗം കഴിഞ്ഞു. സുന്നി പ്രവര്‍ത്തകര്‍ അടുത്തു കുടി. അവരുടെ ഓഫീസ് സന്ദര്‍ശിക്കണം. യോഗം നടക്കുന്നുണ്ട്. അനുഗ്രഹിക്കണം.

കുന്നൂച്ചിയില്‍ എത്തി. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കുഞ്ഞിരാമന്റെ തട്ടകം. വെയില്‍ തിന്നു വരണ്ട ക്ലബ് വരാന്തയില്‍ വെയിലില്‍ ഉരുകി ജനം അക്ഷമയോടെ കാത്തിരിക്കുന്നു. എസ്എഫ്‌ഐ നേതാവ് പ്രസംഗിക്കുന്നു. മണിക്കുറുകള്‍ കൊഴിഞ്ഞു പോകുന്നത് ആരുമറിയുന്നില്ല.

ഹദ്ദാദ് നഗറിലെത്തി. ഐഎന്‍എല്ലിന്റെ സംസ്ഥാന ആസ്ഥാനമെന്നാല്‍ ഹദ്ദാദ് നഗറാണ്. അവരുടെ പട്ടാളം നാസിക്് ബാന്റുമായി കാത്തു നില്‍ക്കുന്നു. വിസില്‍ മുഴങ്ങി. ടാസാ ഡ്രംസിന്റെ ശബ്ദം ദഗംബങ്ങളെ കീഴടക്കി. തൊട്ടടുത്തുള്ള വീടുകളിലെ മട്ടുപ്പാവിന്റെ വാതിലുകള്‍ തുറക്കപ്പെട്ടു. ജനം മതില്‍ കെട്ടിലേക്കൊഴുകിയെത്തി. നുറുകണക്കുനു കണ്ണുകള്‍ ഒളിമറയത്ത് നിന്ന് പ്രകടനം നോക്കി നിന്നു.

സ്വന്തം ജാതിയും മതവും നോക്കാതെ മാനവികതയ്ക്കു വേണ്ടി അക്രമികളുടെ കത്തിക്കിരയായ നൂറുകണക്കിനു രക്തസാക്ഷികളുടെ ചോര കൊണ്ട് കെട്ടിപ്പടുത്ത ഇടതുപക്ഷ പ്രസ്ഥാനത്തെ തള്ളിപ്പറയാന്‍ ലീഗിനെങ്ങനെ കഴിയുന്നുവെന്ന് ഐഎന്‍എല്‍ നേതാവ് സുബൈര്‍ പടുപ്പ് ലീഗ് നേതൃത്വത്തോട് ചോദിച്ചപ്പോള്‍ ഇതുവരെയില്ലാത്ത ഹര്‍ഷാരവമായിരുന്നു ഐഎന്‍എല്ലിന്റെ ഹൃദയമായ ഹദ്ദാദ് നഗറില്‍.

ഉച്ച ഭക്ഷണം പ്രകടനക്കാരും, നാട്ടുകാരുമെല്ലാം ചേര്‍ന്ന് പകുത്ത് കഴിച്ചു. വിവിധ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് യാത്ര അവസാനിച്ചത് ഏറെ വൈകി ആലക്കോട്ടായിരുന്നു. ഉച്ചയുണിനു ശേഷം ബേക്കല്‍, പള്ളിക്കര കടപ്പുറം, ശക്തി നഗര്‍, തെക്കേ കുന്ന്, തൊട്ടി ജംഗ്ഷന്‍, പൂച്ചക്കാട്, ദാവുദ് മൊഗല്ല, കീക്കാന്‍ തോട്ടം, പള്ളിപ്പുഴ, പാക്കം, വെളുത്തോളി എന്നിവിടങ്ങളില്‍ നല്ല ജനപങ്കാളിത്തമുണ്ടായി. പര്യടന യോഗങ്ങളില്‍ എം ലക്ഷ്മി, ഖദീജത്ത് സുഹൈല, ബി എം പ്രദീപ്, നാരായണന്‍ കുന്നൂച്ചി, കെ വിനോദ്, കെ മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വികസന ഫണ്ട് അന്തര്‍സംസ്ഥാന പാതക്കും റെയില്‍വ്വേക്കും വരെ ഉപയോഗിച്ചു: കെ കുഞ്ഞിരാമന്‍ എംഎല്‍എ

Keywords:  Uduma, kasaragod, Election 2016, K.Kunhiraman MLA, Railway, Development project, Election campaign.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia