Transferred | റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ട് വിധി പറഞ്ഞ ജഡ്ജിന് സ്ഥലം മാറ്റം; പകരം ജി ഗോപകുമാർ ചുമതലയേൽക്കും
കാസർകോട്: (KasargodVartha) പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി പറഞ്ഞ ജില്ലാ പ്രിൻസിപൽ സെഷൻസ് ജഡ്‌ജ് കെ കെ ബാലകൃഷ്ണന് സ്ഥലം മാറ്റം. ആലപ്പുഴ ജില്ലാ പ്രിൻസിപൽ സെഷൻസ് ജഡ്ജായാണ് പുതിയ നിയമനം.
ജില്ലാ ജഡ്ജും ഹൈകോടതി ഐടി വിഭാഗം രജിസ്ട്രാറുമായ ജി ഗോപകുമാറാണ് കാസർകോട്ടെ പുതിയ ജില്ലാ പ്രിൻസിപൽ സെഷൻസ് ജഡ്‌ജ്. 2023 ഓഗസ്‌റ്റിലാണ് കെ കെ ബാലകൃഷ്ണൻ കാസർകോട് ജില്ലാ പ്രിൻസിപൽ സെഷൻസ് ജഡ്ജായി ചുമതലയേറ്റത്. എന്നാൽ കേസിന്റെ വിധിയുമായി സ്ഥലം മാറ്റത്തിന് ബന്ധമില്ലെന്നാണ് സൂചന.
2017 മാർച് 20നാണ് റിയാസ് മൗലവി ക്രൂരമായി കൊല്ലപ്പെട്ടത്. കേസിൽ പ്രതികളായ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (29), നിധിന്‍ കുമാര്‍ (28), അഖിലേഷ് എന്ന അഖില്‍ (34) എന്നിവരെ വെറുതെ വിട്ടത് വലിയ ചർച്ചയായിരുന്നു. ഈ വിധിക്കെതിരെ സർകാർ ഹൈകോടതിയിൽ അപീൽ നൽകിയിരിക്കുകയാണ്.