Heartwarming | കളിപ്പാട്ടമായ മൊബൈല്‍ ഫോണ്‍ കൊണ്ട് തന്റെ ഫോട്ടോ എടുത്ത മൂന്നര വയസ്സുകാരന് ഷേക് ഹാന്റ് നല്‍കി ജഡ്ജ്

● വയോജന സംഗമം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു.
● കവിളില്‍ തട്ടി കുഞ്ഞിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു.
/ സുധീഷ് പുങ്ങംചാല്‍
കൊന്നക്കാട്: (KasargodVartha) കളിപ്പാട്ടമായ മൊബൈല്‍ ഫോണ്‍ കൊണ്ട് ജഡ്ജിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മൂന്നര വയസുകാരന് ജഡ്ജിന്റെ വക ഷേക് ഹാന്റ്. സിനിമാ കഥകളിലെ കോടതി മുറിയെ വെല്ലുന്ന സീന്‍ അരങ്ങേറിയത് വെള്ളരിക്കുണ്ട് കൊന്നക്കാട് വെച്ചായിരുന്നു.
താലൂക് ലീഗല്‍ സര്‍വീസ് സൊസൈറ്റിയും ബളാല്‍ പഞ്ചായത്തും സംഘടിപ്പിച്ച വയോജന സംഗമം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ജില്ലാ അഡീഷണല്‍ ജഡ്ജ് പി എം സുരേഷ്. ഇതിനിടയിലാണ് മുത്തശ്ശിയുടെ കൂടെ അവിടെയെത്തിയ മൂന്നര വയസുകാരന്‍ സാരവ് സനീഷ് കയ്യിലെ കളിപ്പാട്ടമായ മൊബൈല്‍ ഫോണ്‍ കൊണ്ട് ജില്ലാ ജഡ്ജിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച് കൊണ്ടിരുന്നത്.
കുട്ടിയെ ശ്രദ്ധിച്ച് കൊണ്ടിരുന്ന ജഡ്ജ് പരിപാടി കഴിഞ്ഞ് വേദി വിട്ട് പോകവേ വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ ടി കെ മുകുന്ദനൊപ്പം സാരവിന്റെ അടുത്ത് എത്തുകയും ഷേക് ഹാന്റ് നല്‍കുകയും കുശലം പറയുകയും ചെയ്യുകയായിരുന്നു. 'മോനെ ഫോട്ടോ എടുത്തോളൂ..' എന്ന് പറഞ്ഞ് കവിളില്‍ തട്ടി അദ്ദേഹം കുഞ്ഞിനോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിച്ചപ്പോള്‍ എല്ലാവരിലും കൗതുകം വിടര്‍ത്തി.
ജില്ലയില്‍ കുട്ടികളുടെ വിഷയത്തില്‍ ഇടപെടുന്ന ജഡ്ജ് ആണ് പി എം സുരേഷ്. കുട്ടികള്‍ക്ക് വളരുവാനുള്ള സാഹചര്യം ലഭ്യമാകാതെ വന്നതോടെയാണ് പോക്സോ നിയമം രാജ്യത്ത് നടപ്പിലാക്കിയതെന്നും കുട്ടികള്‍ക്ക് കുടുംബത്തിനകത്ത് മതിയായ സുരക്ഷിതത്വം ലഭ്യമാകുന്നില്ലെന്ന പരാതികള്‍ വ്യാപകമാണെന്നും രക്ഷിതാക്കള്‍ ഈ കാര്യത്തില്‍ ധാര്‍മികത പുലര്‍ത്തണമെന്നും ജില്ലാ ജഡ്ജ് സുരേഷ് പറഞ്ഞു.
ഈ മനോഹരമായ സംഭവം നിങ്ങളെ സ്പർശിച്ചോ? നിങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുക.
Heartwarming incident occurred at a public event in Konnakad, Kerala, when a judge shared a special moment with a young child who tried to take his photo.
#heartwarming, #childhood, #judge, #kindness, #viral, #Kerala