Travel | ഇരുട്ട് കണ്ണിൽ മാത്രം; അകക്കണ്ണിൽ ഇൻഡ്യയെ ആസ്വദിച്ച് ദിലീപ് യാത്ര തുടരുന്നു; അടുത്ത ലക്ഷ്യം യൂറോപ്യൻ രാജ്യങ്ങൾ
* യാത്ര എവിടേക്കെന്നതല്ല, മറിച്ച് ആ യാത്രയിലൂടെ ലഭിക്കുന്ന അനുഭവങ്ങളാണ് പ്രധാനമെന്ന് യുവാവ്
കാറഡുക്ക: (KasaragodVartha) അകക്കണ്ണിൽ ഇൻഡ്യയെ ആസ്വദിച്ച് കർമ്മംതൊടിയിലെ ദിലീപ് കെ കാടകത്തിന്റെ യാത്ര തുടരുന്നു. കാഴ്ചയുടെ ലോകം അന്യമാണെങ്കിലും അകക്കണ്ണിലെ വെളിച്ചത്തിൽ പ്രകൃതിയെ തൊട്ടറിഞ്ഞ് ആസ്വദിക്കുകയാണ് ഈ യുവാവ്. അടുത്തിടെ ദിലീപ് പങ്കുവെച്ച മണാലിയിൽ നിന്നുള്ള വീഡിയോ വൈറലായിരുന്നു. കാഴ്ച സാധ്യമല്ലാത്ത ഒരാളുടെ കാഴ്ചപ്പാടിൽ നിന്ന് മഞ്ഞ് അനുഭവിച്ചറിഞ്ഞതിൻ്റെയും അത് പൊതുജനങ്ങളുമായി പങ്കിടുന്നതിൻ്റെയും സന്തോഷം ഈ വീഡിയോയിൽ കാണാം.
കാഴ്ച പരിമിധിയുള്ളവര്‍ക്ക് നൽകുന്ന സൗകര്യങ്ങൾ അനുഭവിക്കാൻ യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെന്നാണ് ദിലീപിന്റെ ഇപ്പോഴത്തെ ആഗ്രഹം. പ്രശസ്ത സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയും അദ്ദേഹത്തിൻ്റെ യാത്രാനുഭവങ്ങളും ആണ് പ്രചോദനം. യാത്ര എവിടേക്കെന്നതല്ല, മറിച്ച് ആ യാത്രയിലൂടെ ലഭിക്കുന്ന അനുഭവങ്ങളാണ് പ്രധാനമെന്ന് ദിലീപ് പറയുന്നു.
യാത്രയുടെ സന്തോഷം ലഭിക്കുന്നത് അവിടത്തെ മണം, ഭക്ഷണത്തിൻ്റെ രുചി, കണ്ടുമുട്ടുന്നവരുമായുള്ള ഇടപെടൽ എന്നിവയിൽ നിന്നാണെന്ന് യുവാവ് സാക്ഷ്യപ്പെടുത്തുന്നു. ഇതുവരെ ലഭിച്ച അത്തരം നല്ല അനുഭവങ്ങളാണ് യാത്ര ചെയ്യാനുള്ള മറ്റൊരു പ്രേരണ. ആളുകൾ വ്യത്യസ്തമായ കാര്യങ്ങൾ പരീക്ഷിക്കുകയും സന്തോഷം കണ്ടെത്താൻ ശ്രമിക്കുകയും വേണമെന്നാണ് ദിലീപിന്റെ വിലയേറിയ ഉപദേശം.
കാഴ്ച നഷ്ടപ്പെട്ടവരും, വിഷാദരോഗം അനുഭവിക്കുന്നവരുമായ വ്യക്തികളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മണാലിയില്‍ നിന്നുള്ള വീഡിയോ കണ്ട് വിളിക്കുകയും മാർഗനിർദേശം തേടുകയും ചെയ്തിരുന്നതായി ദിലീപ് കാസർകോട് വാർത്തയോട് പറഞ്ഞു. 2016-ൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു ആദ്യമായി തനിച്ച് നീണ്ട യാത്ര ചെയ്തത്. ഈ യാത്രയിലൂടെ പരസഹായമില്ലാതെ സഞ്ചരിക്കാനുള്ള ഭയം മാറിക്കിട്ടി.
കാഴ്ച വൈകല്യമുള്ളവർക്ക് ഇവിടെ വേണ്ടത്ര പിന്തുണയില്ലെന്നാണ് ദിലീപിന്റെ പരാതി. പ്രധാന നഗരങ്ങളിലെ നടപ്പാതകൾ ഭിന്നശേഷി സൗഹൃദമല്ലെന്നും ഇത് സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. സിനിമാ പ്രേമി കൂടിയായ ദിലീപ് റിലീസുകള്‍ ഒന്നും നഷ്ടപ്പെടുത്താറില്ല. ഇപ്പോൾ എറണാകുളം മഹാരാജാസ് കോളജിൽ പൊളിറ്റികൽ സയൻസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. 16 വയസിന് താഴെയുള്ള കാഴ്ച പരിമിതരുടെ ചെസ് ചാംപ്യൻഷിപിലെ ദേശീയ ചാംപ്യൻ കൂടിയാണ് ദിലീപ്.