city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകന്‍ ഷാനവാസിനെ പരിഗണിച്ചേക്കും

ഉദുമ: (www.kasargodvartha.com 23.05.2016) ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പാദൂര്‍ കുഞ്ഞാമുഹാജിയുടെ മകന്‍ ഷാനു എന്ന ഷാനവാസ് പാദൂരിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചന തുടങ്ങി. പാദൂര്‍ കുഞ്ഞാമുഹാജിയുടെ മരണത്തെ തുടര്‍ന്നാണ് ഉദുമ ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദുമ ഡിവിഷനില്‍ പുതുക്കിയ കരട് വോട്ടര്‍പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. ജൂലൈ ആദ്യവാരത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. പാദൂര്‍ കുഞ്ഞാമുഹാജിയുടെ മരണത്തോടെ 17 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തില്‍ ഏഴ് വീതം സീറ്റുകളാണ് ഭരണകക്ഷിയായ യുഡിഎഫിനും പ്രതിപക്ഷമായ എല്‍ഡിഎഫിനുമുള്ളത്. ബി ജെ പി ക്ക് രണ്ട് അംഗങ്ങളുണ്ട്.

ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജില്ലാ പഞ്ചായത്ത് ഭരണം തന്നെ നഷ്ടമാകാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ പാദൂരിന്റെ മകനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി മികച്ച വിജയം കൈവരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്സ്. പാദൂരിന്റെ മരണത്തിന് ശേഷമുള്ള സഹതാപ തരംഗവും ഡിവിഷനില്‍ കോണ്‍ഗ്രസ്സ് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി എം എ ലത്തീഫിനെ 6,437 വോട്ടുകള്‍ക്കാണ് പാദൂര്‍ കുഞ്ഞാമു ഹാജി തറപറ്റിച്ചത്.

ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള വലിയ ഭൂരിപക്ഷമാണ് പാദൂരിന് ലഭിച്ചത്. അത് കൊണ്ട് തന്നെ പാദൂര്‍ കുടുംബത്തിലെ ഒരംഗം തന്നെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ്സിലെ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്. ഷാനു സ്ഥാനാര്‍ത്ഥിയായാല്‍ പിതാവ് നേടിയതിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്നും കോണ്‍ഗ്രസ്സ് നേതൃത്വം പ്രതീക്ഷിക്കുന്നു. പാദൂര്‍ കുഞ്ഞാമു ഹാജിയുടെ പാത പിന്തുടര്‍ന്ന് കുടുംബത്തില്‍ നിന്നൊരാള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് ജില്ലയില്‍ വിശിഷ്യാ ചെമ്മനാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും പ്രമുഖ കോണ്‍ഗ്രസ് നേതാവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഷാനു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാണെങ്കിലും പിതാവ് രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായതിനാല്‍ രാഷ്ട്രീയ രംഗത്ത് കൂടുതല്‍ സജീവമായിരുന്നില്ല. ഷാനു സജീവമായി തന്നെ ഇനി കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങും. പാദൂരിനെ പോലെ തന്നെ പൊതുകാര്യങ്ങളിലെല്ലാം സജീവമായി ഇടപെടാനുള്ള കഴിവും ഷാനുവിനുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

നേരത്തെ ജില്ലാ പഞ്ചായത്ത് ഭരണം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ്സിനും ലീഗിനും നാല് വീതം അംഗങ്ങളെയാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസ്സും ലീഗും രണ്ടര വര്‍ഷം വീതം പങ്കിട്ടെടുക്കാനാണ് തീരുമാനിച്ചത്. ആദ്യത്തെ രണ്ടര വര്‍ഷം ലീഗിന് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എജിസി ബഷീറിനെയാണ് പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. തുടര്‍ന്നുള്ള രണ്ടര വര്‍ഷം പാദൂര്‍ കുഞ്ഞാമു ഹാജിയെ പ്രസിഡണ്ടാക്കാനാണ് കോണ്‍ഗ്രസ്സ് നേതൃത്വം തീരുമാനിച്ചിരുന്നത്. ഇതിനിടയിലാണ് പാദൂര്‍ കുഞ്ഞാമു ഹാജിയുടെ ആകസ്മികമായ നിര്യാണം ഉണ്ടായത്.

ചെമ്മനാട് പഞ്ചായത്തിലും അതിലുപരി ജില്ലയില്‍ തന്നെയും കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുന്നതില്‍ പാദൂര്‍ കുഞ്ഞാമു ഹാജി നടത്തിയ പ്രവര്‍ത്തനം പരിഗണിച്ച് അദ്ദേഹത്തിന്റെ കുടുംബത്തോടുള്ള പ്രതിബദ്ധത മകന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ തിരിച്ചുകൊടുക്കുക എന്നതും കോണ്‍ഗ്രസ്സ് നേതൃത്വം ഉദ്ദേശിക്കുന്നു. കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ പാദൂരിന്റെ കുടുംബവുമായി സ്ഥാനാര്‍ത്ഥി കാര്യത്തെ കുറിച്ച് അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചതായി സൂചനയുണ്ട്. പാദൂരിന്റെ കുടുംബത്തിന്റെ താല്‍പര്യം കൂടി കണക്കിലെടുത്തായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉണ്ടാവുക. പാദൂരിന്റെ കുടുംബാംഗങ്ങളില്‍ പെട്ടവര്‍ക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ ഡിസിസി വൈസ് പ്രസിഡണ്ട് ഹക്കിം കുന്നില്‍, മറ്റൊരു പ്രമുഖ കോണ്‍ഗ്രസ്സ് നേതാവായ ബാലകൃഷ്ണന്‍ പെരിയ, പി.എ അഷ്‌റഫ് അലി എന്നിവരില്‍ ആരെങ്കിലും സ്ഥാനാര്‍ത്ഥിയാകാനും സാധ്യതയുണ്ട്.

എല്‍ഡിഎഫ്  ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അവ്യക്ത നിലനില്‍ക്കുന്നുണ്ട്. എം എ ലത്തീഫ് വീണ്ടും മത്സരിക്കില്ലെന്നാണ് സൂചന. അങ്ങനെ വന്നാല്‍ മുമ്പ് മത്സര രംഗത്ത് നിന്നും മാറി നിന്ന മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാടിനോട് മത്സരിക്കാന്‍ ഐഎന്‍എല്‍ നേതൃത്വം ആവശ്യപ്പെട്ടേക്കും. ഉദുമ പഞ്ചായത്തും ചെമ്മനാട് പഞ്ചായത്തിലെ 1,2,19,20,21,22,23 വാര്‍ഡുകളും പള്ളിക്കര പഞ്ചായത്തിലെ 1,2,16,17,18,19,21,23 വാര്‍ഡുകളും ഉള്‍പ്പെട്ടതാണ് ഉദുമ പഞ്ചായത്ത് ഡിവിഷന്‍.

ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകന്‍ ഷാനവാസിനെ പരിഗണിച്ചേക്കും

Keywords: Uduma, Kasaragod, District-Panchayath, Chemmanad, Division, League, Congress, Kalanad, Re election.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia