Strike | നിരക്ക് വർധന ആവശ്യപ്പെട്ട് മണ്ണ് മാന്തി യന്ത്ര ഉടമകൾ ജോലി നിർത്തിവെച്ച് സമരം പ്രഖ്യാപിച്ചതോടെ നിർമാണമേഖല സ്തംഭിച്ചു; നിരക്ക് മണിക്കൂറിന് 1200 രൂപയാക്കി ഉയർത്തി
● മഞ്ചേശ്വരത്തെ മണ്ണ് മാന്തി യന്ത്ര ഉടമകളാണ് സമരം നടത്തിയത്.
● പൊതുജനങ്ങളുടെ അഭ്യർഥന മാനിച്ച് സമരം പിൻവലിച്ചു.
● മണിക്കൂറിന് 1200 രൂപയായി വാടക വർദ്ധിപ്പിക്കാൻ തീരുമാനമായി.
ഉപ്പള: (KasargodVartha) നിരക്ക് വർധന ആവശ്യപ്പെട്ട് മണ്ണ് മാന്തി യന്ത്ര ഉടമകൾ ജോലി നിർത്തിവെച്ച് സമരം പ്രഖ്യാപിച്ചത് മൂലം നിർമാണമേഖല സ്തംഭിച്ചു. മഞ്ചേശ്വരം മേഖലയിലെ മണ്ണ് മാന്തി യന്ത്ര ഉടമകളാണ് കഴിഞ്ഞ രണ്ട് ദിവസമായി മണ്ണ് മാന്തിയന്ത്രം നിർത്തിയിട്ട് സമരം നടത്തിവന്നത്.
കുമ്പള, കാസർകോട് തുടങ്ങിയ പ്രദേശങ്ങളിൽ നേരത്തെ തന്നെ വാടക കൂട്ടിയിരുന്നുവെങ്കിലും കർണാടകയിൽ നിന്നുള്ള കുറഞ്ഞ വാടകയുള്ള ജെസിബികളുടെ ലഭ്യത മഞ്ചേശ്വരം മേഖലയിൽ വില കൂട്ടുന്നതിന് തടസ്സമുണ്ടാക്കിയതായി ഉടമകൾ പറയുന്നു. കർണാടകയിൽ കാർഷിക ആവശ്യങ്ങൾക്കായി ജെസിബി വാങ്ങുന്നതിന് സർക്കാർ സബ്സിഡി നൽകുന്നതും ഡീസൽ വിലയിൽ എട്ട് രൂപയോളം കുറവ് ഉള്ളതും കാരണമാണ് കർണാടകയിൽ നിന്നുള്ള ജെസിബികൾ നിരക്ക് കുറച്ച് വാങ്ങുന്നത്.
എന്നാൽ കേരളത്തിൽപ്പെട്ട 45 ഓളം ജെസിബികൾക്ക് നിരക്ക് വർധിപ്പിക്കാതെ പിടിച്ചു നിൽക്കാൻ കഴിയില്ലെന്നാണ് ഉടമകൾ പറയുന്നത്. ടയർ, സ്പെയർ പാർട്സുകൾ, ഡീസൽ എന്നിവയുടെ വില വർധനവും ഓപ്പറേറ്റർമാരെ കിട്ടാത്തതുമൂലം കൂടുതൽ ശമ്പളം നൽകേണ്ടിവരുന്നതും ജെസിബി നടത്തിപ്പ് ദുഷ്കരമാക്കുന്നു. ഈ സാഹചര്യത്തിലാണ് രണ്ടുദിവസത്തെ സമരം നടത്താൻ ഉടമകൾ നിർബന്ധിതരായതെന്ന് ജെസിബി അസോസിയേഷൻ മേഖലാ പ്രസിഡന്റ് പ്രകാശ് സുങ്കതകട്ട, സെക്രടറി രാജു മിയാപദവ്, ട്രഷറർ റഫീഖ് കുഞ്ചണ്ണൂർ, ജില്ലാ കമിറ്റി അംഗം അഫ്സൽ ഹിന്ദുസ്ഥാൻ എന്നിവർ അറിയിച്ചു.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നുവെന്നും ഇവർ ആരോപിച്ചു. സമരം കാരണം പൈവളിഗെ, കയ്യാർ, ബായാർ, മായാപദവ്, മജീർപള്ള, മീഞ്ച, വോർക്കാടി, പെർമുദേ, ബന്തിയോട് തുടങ്ങിയ പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ സ്തംഭിച്ചിരുന്നു. പൊതുജനങ്ങളുടെ അഭ്യർഥന മാനിച്ച് സമരം പിൻവലിച്ചതായും അടുത്ത ദിവസം മുതൽ 1200 രൂപ നിരക്കിലായിരിക്കും ജെസിബി വാടക ഈടാക്കുകയെന്നും ഉടമകൾ അറിയിച്ചു.
#JCBStrike #ConstructionHalt #Manjeshwaram #Kerala #RateHike #LaborProtest