Jaundice | മൊഗ്രാലിൽ മഞ്ഞപ്പിത്തം വീണ്ടും പടരുന്നു; ഒരു വീട്ടിൽ ഒന്നിലധികം പേർക്ക് രോഗ ലക്ഷണം, ആശങ്കയിൽ നാട്
രൂക്ഷമായ വേനൽക്കാലത്തും സമാന സാഹചര്യമുണ്ടായിരുന്നു
മൊഗ്രാൽ: (KasaragodVartha) മഴക്കാലമായാലും, വേനൽക്കാലമായാലും മൊഗ്രാലിൽ മഞ്ഞപ്പിത്ത രോഗം പടരുന്നതിൽ നാട്ടുകാരിൽ ആശങ്ക. ഒരു വീട്ടിൽ തന്നെ ഒന്നിലധികം പേർക്ക് മഞ്ഞപ്പിത്ത രോഗലക്ഷണം പ്രകടമായതാണ് പ്രദേശത്തെ ആശങ്കപ്പെടുത്തുന്നത്. മൊഗ്രാൽ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ പത്തോളം വീടുകളിലാണ് മഞ്ഞപ്പിത്തം റിപോർട് ചെയ്തിരിക്കുന്നത്. അതും ഒരു വീട്ടിൽ ഒന്നിലധികം പേർക്ക് ബാധിച്ചിട്ടുണ്ട്.
രൂക്ഷമായ വേനൽക്കാലത്ത് പോലും മൊഗ്രാൽ മീലാദ് നഗറിലും, ശാഫി ജുമാ മസ്ജിദ് പരിസരത്തും പത്തോളം വീടുകളിൽ മഞ്ഞപ്പിത്തം കണ്ടെത്തിയിരുന്നു. മഴക്കാലത്തും ഇത്തരത്തിൽ രോഗലക്ഷണങ്ങൾ ആവർത്തിക്കുകയാണ്. അതിനിടെ, കുമ്പള സാമൂഹികകാരോഗ്യ കേന്ദ്രം ആരോഗ്യവകുപ്പ് അധികൃതർ മൊഗ്രാലിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
മഞ്ഞപ്പിത്തം പടരുന്നത് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വാർഡ് മെമ്പർ റിയാസ് മൊഗ്രാലും മറ്റും അറിയിച്ചിരുന്നു. രോഗം മറ്റുള്ള പ്രദേശങ്ങളിലേക്കും പടരാതിരിക്കാൻ ശക്തമായ നടപടി ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.