ജലനിധി പദ്ധതി 200 പഞ്ചായത്തുകളില്‍ നടപ്പിലാക്കും: പി.ജെ. ജോസഫ്
Apr 10, 2012, 16:31 IST
കാസര്‍കോട്: ഗ്രാമീണ മേഖലകളില്‍ കുടിവെള്ളം എത്തിക്കുന്നതിന് സംസ്ഥാനത്തെ 200 പഞ്ചായത്തുകളില്‍ കൂടി ജലനിധി പദ്ധതി നടപ്പിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. ആയിരം കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.
പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ ജലനിധി രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ സീതാംഗോളി എ.ബി.എ കണ്‍വെന്‍ഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജലനിധി പദ്ധതി ചെലവിന്റെ 75 ശതമാനം സര്‍ക്കാര്‍ വഹിക്കും. 15 ശതമാനം ബന്ധപ്പെട്ട പഞ്ചായത്തും 10 ശതമാനം ഗുണഭോക്താക്കളും വഹിക്കേണ്ടതാണ്. പദ്ധതി നടപ്പിലാക്കാന്‍ ഉടന്‍ തന്നെ ഗുണഭോക്തൃ സമിതി രൂപീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാനാണ് മുന്‍ഗണന നല്‍കി വരുന്നത്. ജില്ലയില്‍ ധാരാളം ജലസ്രോതസ്സുകള്‍ ഉള്ള സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്. പുത്തിഗെയ്ക്ക് പുറമെ പുല്ലൂര്‍-പെരിയ, പടന്ന പഞ്ചായത്തുകളിലും ജലനിധി രണ്ടാംഘട്ട പദ്ധതികള്‍ നടപ്പിലാക്കും.
ചടങ്ങില്‍ പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാ ദേവി പ്രൊജക്റ്റ് പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഐ.എം.റാബിയ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറ, പഞ്ചായത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍മാരായ സുജാത, ഹരിണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശങ്കര റൈ, ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജയന്തി, ബേബി ഷെട്ടി, ശങ്കര, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് തോമസ് ഡിസൂസ, സുബ്ബണ്ണ ആള്‍വ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ഇബ്രാഹിം, വെങ്കട്രമണ ഭട്ട്, അബ്ദുള്‍ റഹ്മാന്‍ ബദ്രോഡി, കൃഷ്ണഭട്ട്, ടി.കെ.കുഞ്ഞാമു, പുഷ്പാകര, ജലനിധി ഹൈഡ്രോളജിസ്റ് കെ.സുകുമാരന്‍ നായര്‍, ജലനിധി ഡയറക്ടര്‍ ബി.ശ്രീകുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ദേവകി, എ.കെ.ഉദയഭാനു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പഞ്ചായത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയന്ത പാട്ടാളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.എ.ചനിയ സ്വാഗതവും സെക്രട്ടറി കെ.വി.ഉഷാദേവി നന്ദിയും പറഞ്ഞു.
Keywords: Jalanidhi scheme, 200 Panchayath, Kasaragod, Minister P.J.Joseph