city-gold-ad-for-blogger

കാസര്‍കോട്ടെ ലീഗില്‍ എന്താണ് കുഴപ്പം; പാരവെക്കുന്നവര്‍ ആരാണ് ?

കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്‌

കാസര്‍കോട്: (www.kasargodvartha.com 03.07.2014) കാസര്‍കോട്ടെ ലീഗില്‍ എന്താണ് കുഴപ്പമെന്ന് എല്ലാവരും ചോദിക്കുന്നു. എന്നാല്‍ സംഘടനാ പ്രവര്‍ത്തനം ഒരുമയോടെ തന്നെയാണ് മുന്നോട്ടു പോകുന്നതെന്ന് നേതാക്കള്‍ ഒരേ സ്വരത്തില്‍ ആണയിടുന്നു. പാര്‍ട്ടിയില്‍ എന്തോ കുഴപ്പമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ബോധപൂര്‍വമായ ശ്രമം നടക്കുന്നതായാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്.

യൂത്ത് ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇപ്പോള്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടിക്ക് കാസര്‍കോട് വികസന അതോറിറ്റി (കാഡ) ചെയര്‍മാന്‍ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് വിവാദത്തിന് കാരണമായിട്ടുള്ളത്. യു.ഡി.എഫ് അധികാരത്തിലേറിയപ്പോള്‍ കാസര്‍കോട്ടെ ലീഗില്‍ നിന്നും നിയമിക്കേണ്ട ബോര്‍ഡ്  കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കും ഡയറക്ടര്‍ സ്ഥാനങ്ങളിലേക്കും നിയമിക്കേണ്ടവരുടെ പേര് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കി നല്‍കിയ ലിസ്റ്റ് പ്രകാരം ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജന.സെക്രട്ടറി എം.സി. ഖമറൂദ്ദീന്‍, മുന്‍ മന്ത്രി സി.ടി. അഹമ്മദലി, മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡണ്ടായിരുന്ന ഗോള്‍ഡണ്‍ അബ്ദുള്‍ ഖാദര്‍, ജില്ലാ സെക്രട്ടറി കെ.ഇ.എ. ബക്കര്‍, എം.എസ്. മുഹമ്മദ്കുഞ്ഞി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്്തീന്‍ കൊല്ലമ്പാടി എന്നിവരുടെ പേരുകളാണ് ഉള്‍പെട്ടിരുന്നത്. ഇതില്‍ ചെര്‍ക്കളം, എം.സി ഖമറുദ്ദീന്‍, സി.ടി അഹ്മദലി, ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്ക് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും കെ.ഇ.എ ബക്കറിന് കിന്‍ഫ്ര ഡയറക്ടര്‍ സ്ഥാനവും ഇതിനകം ലഭിച്ചിട്ടുണ്ട്.

എം.എസ് മുഹമ്മദ്കുഞ്ഞിക്കും മൊയ്തീന്‍ കൊല്ലമ്പാടിക്കും ഒഴിവ് വരുന്ന ഏതെങ്കിലും ബോര്‍ഡുകളില്‍ ഡയറക്ടര്‍ സ്ഥാനം നല്‍കുമെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. ഇതിനിടയില്‍ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കലട്ര മാഹിന്‍ ഹാജിയുടെ ഇടപെടലിനെ തുടര്‍ന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ടിന് കാഡ ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നതിനുള്ള ശ്രമം പാര്‍ട്ടിയുടെ സമ്മതത്തോടെ നടന്നിരുന്നു. 20 വര്‍ഷം മുമ്പ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് സി.പി.എമ്മിലെ എസ്.ജെ പ്രസാദ് കാസര്‍കോട് നഗരസഭാ ചെയര്‍മാനായിരുന്നു. അന്ന് കാസര്‍കോട്ട് സര്‍ക്കാര്‍ പരിപാടികളിലൊന്നും മുസ്ലിം ലീഗിന് പ്രാതിനിധ്യം ലഭിക്കാതിരുന്നതിനാലാണ് ജില്ലാ വികസന അതോറിറ്റി എന്ന ബോര്‍ഡ് രൂപീകരിച്ചത്.

പ്രോട്ടോകോള്‍ പ്രകാരം നഗരസഭാ ചെയര്‍മാനൊപ്പം തന്നെ പ്രാതിനിധ്യം ബോര്‍ഡ് ചെയര്‍മാന്‍മാര്‍ക്ക് ഉണ്ടെന്നതിനാലാണ് കാസര്‍കോട് വികസന അതോറിറ്റി രൂപീകരിക്കാന്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. രൂപീകരണ സമയത്ത് ടി.ഇ അബ്ദുല്ലയായിരുന്നു കാഡ ചെയര്‍മാന്‍. പിന്നീട് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ ഈ ബോര്‍ഡ് മരവിപ്പിക്കുകയായിരുന്നു. പിന്നീട് യു.ഡി.എഫ് വീണ്ടും അധികാരത്തില്‍ വന്നെങ്കിലും കാഡ പുനരുജ്ജീവിപ്പിച്ചിരുന്നില്ല. ഇതിനിടയിലാണ് കാഡ വീണ്ടും പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടന്നത്.

ഇതിന്റെ പേരിലാണ് ഇപ്പോള്‍ വിവാദം ഉടലെടുത്തിട്ടുള്ളത്. പുതുതായി ഒരു ബോര്‍ഡ് രൂപീകരിക്കുന്നതിനോട് സര്‍ക്കാരിനും ധനകാര്യ വകുപ്പിനും പൊതുവെ താല്‍പര്യമില്ല. നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിയെ കണ്ട് ഇക്കാര്യം നേതാക്കള്‍ സംസാരിച്ചിരുന്നതായും കാഡ ചെയര്‍മാനായി നിയമിക്കുന്നതിനുള്ള പ്രയാസം മന്ത്രി അറിയിച്ചിരുന്നതുമായാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.

റിട്ട. എസ്.പി ഹബീബ് റഹ്മാനെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിന് വേണ്ടി രൂപീകരിക്കുന്ന ബോര്‍ഡിനെ കുറിച്ച് പഠിക്കാനുള്ള സമിതിയുടെ അധ്യക്ഷനായി നിയമിച്ചിരുന്നു. എന്നാല്‍ അന്ന് ഈ നിയമനത്തെ യൂത്ത് ലീഗും എസ്.കെ.എസ്.എസ്.എഫും ശക്തമായി എതിര്‍ത്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് സംഘടനകള്‍ അറിയിച്ചതോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പി.കെ കുഞ്ഞാലിക്കുട്ടിയും ഇടപെട്ട് ഹബീബ് റഹ്മാനെ കൊണ്ട് രാജിവെപ്പിക്കുകയായിരുന്നു. എന്നാല്‍ ഹബീബ് റഹ്മാനെ നിയമിച്ചതിന് പകരമായാണ് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ടിന് ജില്ലാ വികസന അതോറിറ്റി ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്തതെന്ന പ്രചരണമാണ് ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ഇത്തരത്തിലൊരു പ്രചരണം ശരിയല്ലെന്നും ചെയര്‍മാന്‍ സ്ഥാനം ആവശ്യമില്ലെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചതായുമാണ് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ ചെന്ന് കണ്ടതായുള്ള ആരോപണവും മൊയ്തീന്‍ കൊല്ലമ്പാടി നിഷേധിക്കുന്നു. ഹബീബ് റഹ്മാന് നല്‍കിയ പദവിക്ക് പകരം യൂത്ത് ലീഗിനെ സന്തോഷിപ്പിക്കാന്‍ വെച്ചു നീട്ടിയതല്ല കാഡ ചെയര്‍മാന്‍ പദവിയെന്നും മൊയ്തീന്‍ കൊല്ലമ്പാടി വ്യക്തമാക്കി. ഹബീബ് റഹ് മാന് സര്‍ക്കാര്‍ തലത്തില്‍ ഒരു പദവി നല്‍കുന്നതിനോടും യൂത്ത് ലീഗിന് യോജിപ്പില്ല. കാഡ ചെയര്‍മാന്‍ സ്ഥാനം യൂത്ത് ലീഗ് തന്നെ നിരസിക്കുകയായിരുന്നുവെന്നും കൊല്ലമ്പാടി കൂട്ടിച്ചേര്‍ത്തു.

മുസ്ലിം ലീഗിന്റെ ഒരു ജില്ലാ നേതാവ് യൂത്ത് ലീഗിനെതിരെ അടിസ്ഥാന രഹിതമായ പ്രചരണം നടത്തുന്നതായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ മൊയ്തീന്‍ കൊല്ലമ്പാടി തുറന്നടിച്ചിരുന്നു. മുസ്ലിം ലീഗ് നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെങ്കില്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നും മറിച്ചാണ് കാര്യങ്ങളെങ്കില്‍ പാര്‍ട്ടി നേതാവിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് മൊയ്തീന്‍ കൊല്ലമ്പാടി യോഗത്തില്‍ ആവശ്യപ്പെട്ടത്. കാഞ്ഞങ്ങാട്ടെ വിവാദ ബാര്‍ പ്രശ്‌നവും ലീഗ് പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്തിരുന്നു. യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം ഉന്നയിച്ചിരിക്കുന്നതും ജില്ലാ ഭാരവാഹിയാണെന്നും യൂത്ത് ലീഗ് നേതൃത്വം കുറ്റപ്പെടുത്തുന്നു.

തിരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫിലെ യുവജന സംഘടനകള്‍ ചേര്‍ന്ന് യു.ഡി.വൈ.എഫ് കമ്മിറ്റി രൂപീകരിച്ചിരുന്നു. മികച്ച പ്രവര്‍ത്തനമാണ് യു.ഡി.വൈ.എഫ് നടത്തിയത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ചിലവിലേക്കായി നിശ്ചിത തുക യൂത്ത് ലീഗ് കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. ഈ തുക സുതാര്യമായാണ് കൈകാര്യം ചെയ്തത്. ഇതിന്റെ കണക്ക് യൂത്ത് ലീഗ് ഭാരവാഹികളുടെ കൈവശമുണ്ടെന്നും നേതൃത്വം വ്യക്തമാക്കുന്നു. യൂത്ത് ലീഗിന്റെ മികച്ച പ്രവര്‍ത്തനം ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്നും ഇതാണ് ബാലിശമായ ആരോപണങ്ങള്‍ നേതൃത്വത്തിനെതിരെ ഉന്നയിക്കുന്നതെന്നും യുവജന വിഭാഗം കുറപ്പെടുത്തുന്നു.

പാര്‍ട്ടിക്കുള്ളിലും യൂത്ത് ലീഗിലും ഒരു പ്രശ്‌നവുമില്ലെന്നും മാധ്യമങ്ങള്‍ അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയും, ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീനും, വൈസ്. പ്രസിഡണ്ട് കലട്ര മാഹിന്‍ ഹാജിയും ഒരേ സ്വരത്തില്‍ പറയുന്നു. സംഘടനാ പ്രവര്‍ത്തനങ്ങളെല്ലാം നല്ല രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും ഇത്തരം പ്രചരണങ്ങളൊന്നും പാര്‍ട്ടിയെ ബാധിക്കില്ലെന്നും നേതാക്കള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കാസര്‍കോട് ജില്ലാ വികസന അതോറിറ്റി ചെയര്‍മാന്‍ പദവിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനകത്ത് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ചെര്‍ക്കളം വ്യക്തമാക്കി. സംസ്ഥാന നേതൃത്വം ഇക്കാര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുമില്ല. പ്രശ്‌നങ്ങള്‍ മാധ്യമങ്ങളായി ഉണ്ടാക്കേണ്ടെന്നും ചെര്‍ക്കളം പറഞ്ഞു.

അതിനിടെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയ്ക്ക് ആരോഗ്യ പ്രശ്‌നമുള്ളതിനാല്‍ വര്‍ക്കിംഗ് പ്രസിഡണ്ടിനെ നിയമിക്കണമെന്ന ചില കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുള്ള ആവശ്യം നേതൃത്വം തള്ളിക്കളഞ്ഞു. ഇത്തരമൊരു ചര്‍ച്ച സംഘടനയ്ക്കുള്ളില്‍ നടന്നിട്ടില്ലെന്ന് വൈസ് പ്രസിഡണ്ട് കലട്ര മാഹിന്‍ ഹാജി വ്യക്തമാക്കി. കലട്ര മാഹിന്‍ ഹാജിയെയാണ് വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നത്. ചെര്‍ക്കളത്തിന് സംഘടനാ പ്രവര്‍ത്തനം നിര്‍വഹിക്കുന്നതിന് യാതൊരു പ്രയാസവുമില്ലെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീനും വ്യക്തമാക്കി.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം മുസ്ലിം ലീഗിനായിരുന്നു. ചെര്‍ക്കളമായിരുന്നു ചെയര്‍മാന്‍ സ്ഥാനം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ എം.സി ഖമറുദ്ദീനായിരുന്നു പകരം ചുമതല വഹിച്ചത്. ഇത്തരം സാഹചര്യം കണക്കിലെടുത്താണ് ചില കേന്ദ്രങ്ങള്‍ വര്‍ക്കിംഗ് പ്രസിഡണ്ടിനെ നിയമിക്കണമെന്ന് വാദിച്ചത്. പാര്‍ട്ടിക്കുള്ളില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതിനും അര്‍ഹരായവര്‍ക്ക് പരിഗണന നല്‍കുന്നതിനും നേതൃത്വത്തില്‍ നിന്ന് തന്നെയുള്ള പാരകള്‍ അടുത്ത കാലത്തായി ശക്തമായിട്ടുണ്ടെന്ന് പ്രവര്‍ത്തകര്‍ സമ്മതിക്കുന്നു. എന്നാല്‍ നേതൃത്വം ഇത് നിഷേധിക്കുന്നു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ടിന് കാഡ ചെയര്‍മാന്‍ സ്ഥാനം നല്‍കാതിരിക്കാന്‍ സംസ്ഥാന നേതൃത്വത്തെ ബന്ധപ്പട്ടും ചിലര്‍ പാര പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നാണ് ആക്ഷേപം. ലീഗ് മുതല്‍ എം.എസ്.എഫ് വരെയുള്ള ഘടകങ്ങളുടെ സംഘടനാ രഹസ്യങ്ങളും ചര്‍ച്ചകളും മറ്റും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കുന്നതായുള്ള ആക്ഷേപവും പാര്‍ട്ടിക്കിടയില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. ഇത് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.

പാര്‍ട്ടിക്കുള്ളില്‍ തന്നേക്കാള്‍ മുകളില്‍ ഒരാളും ഉയരാന്‍ പാടില്ലെന്ന അസൂസയും പോരും മേല്‍തട്ടിലും കീഴ്തട്ടിലുമുള്ള നേതാക്കള്‍ക്കുണ്ട്. കഴിവും പ്രാപ്തിയും പരിചയവുമുള്ള പ്രവര്‍ത്തകരെ ഉയര്‍ത്തിക്കൊണ്ടുവരാതെ ഒതുക്കിനിര്‍ത്തുന്നതിനും അവസരം കിട്ടുമ്പോഴെല്ലാം പാര പണിയുന്നതിനും ചിലര്‍ ഉല്‍സാഹം കാണിക്കുന്നതായും ആക്ഷേപമുണ്ട്. യൂത്തലീഗിന് അര്‍ഹതപ്പെട്ടതൊന്നും നേടിക്കൊടുക്കാന്‍ ലീഗ് നേതാക്കള്‍ തയാറാകാത്തത് പ്രശ്‌നം വഷളാക്കുന്നു. ഇതിനിടയിലാണ് ചിലര്‍ നടത്തുന്ന പാരവെപ്പും കുതികാല്‍വെട്ടും ഉണ്ടായിരിക്കുന്നത്. ഇതെല്ലാമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തുതന്നെയായാലും കാസര്‍കോട്ടെ മുസ്ലിം ലീഗിനകത്ത് എന്തൊക്കെയോ പുകയുന്നുണ്ട്. അത് നേതാക്കള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ചില കേന്ദ്രങ്ങളിലെങ്കിലും അണികള്‍ ഏറ്റെടുത്തിട്ടുമുണ്ട്.

അതേസമയം ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്നവര്‍ പോലും ഇതിന്റെ സത്യാവസ്ഥ തിരിച്ചറിയാന്‍ വൈകുകയാണ്. കിംവദന്തികള്‍ പാര്‍ട്ടിക്കുള്ളില്‍ അതിവേഗം പ്രചരിക്കുന്നതും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നു. തങ്ങളുടെ പേരിലാണ് ഈ വിവാദങ്ങളെല്ലാം അരങ്ങേറുന്നതെന്ന് പല നേതാക്കള്‍ക്കും ബോധ്യപ്പെടുന്നത് ഏറെ വൈകി മാത്രമാണ്. മുസ്ലിം ലീഗ് നേതൃത്വത്തിനകത്തും, യൂത്ത് ലീഗിനകത്തും അച്ചടക്കം നിലനിര്‍ത്തണമെന്ന് പാര്‍ട്ടിക്കുള്ളിലെ നിഷ്പക്ഷമതികളും പാര്‍ട്ടിയെ സ്‌നേഹിക്കുന്ന പുറത്തുള്ളവരും ഒരുപോലെ ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുള്ളത് പോലെ യോജിച്ച പ്രവര്‍ത്തനമാണ് മുസ്ലിം ലീഗ് നടത്തേണ്ടതെന്നും ഇത്തരം പ്രവര്‍ത്തനം മുസ്ലിം ലീഗും യൂത്ത് ലീഗും മാതൃകാപരമായാണ് കാഴ്ചവെച്ചതെന്നും യു.ഡി.എഫിലെ പ്രമുഖ കക്ഷി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. ഇതിനൊരു അപവാദം ഉണ്ടാക്കുന്നത് പാര്‍ട്ടിയെ ക്ഷീണിപ്പിക്കുമെന്ന് തന്നെയാണ് നേതൃത്വും പറയുന്നത്.

കാസര്‍കോട്ടെ ലീഗില്‍ എന്താണ് കുഴപ്പം; പാരവെക്കുന്നവര്‍ ആരാണ് ?


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ചെന്നൈ കെട്ടിട ദുരന്തം: മരണസംഖ്യ 53 ആയി

Keywords: Kasaragod, Muslim-league, Muslim Youth League, Committee, Cherkala, Leader, M.C.Khamarudheen, Political party, Cherkalam Abdulla. A.Abdul Rahiman, Kallatra Mahin Haji, Moideen Kollampady, Issues of IUML and controversy.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia