city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പറയാനില്ല, പരാതികളല്ലാതെ ഒന്നും ഈ ജനറല്‍ ആശുപത്രിക്ക്...!

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയെക്കുറിച്ച് എപ്പോഴും പരാതികളേ പറയാനുള്ളൂ. പരാതിയില്ലാത്ത ഒരവസ്ഥ എപ്പോഴെങ്കിലും ഈ സര്‍ക്കാര്‍ ആതുരാലയത്തിനു ഉണ്ടാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. താലൂക്കാശുപത്രി, ജനറല്‍ ആശുപത്രിയായി മാറിയപ്പോള്‍ ജനം അങ്ങനെയൊരവസ്ഥ ആഗ്രഹിച്ചിരുന്നു. എന്നാല്‍ എവിടെ മാറാന്‍!

ഇല്ല, ഇല്ല, ഇല്ലായ്മകളുടെ പല്ലവി മാത്രമേ അന്നും ഇന്നും ഈ ആശുപത്രിയ്ക്കുള്ളൂ. ജില്ലാ ആസ്ഥാനത്താണ് ഈ ഇല്ലാ ആശുപത്രി എന്ന കാര്യം കൂടി ആലോചിക്കുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുക. ഒരു ആംബുലന്‍സുണ്ടായിരുന്നത് നാലു വര്‍ഷമായി ഗാരേജിലാണ്. അതൊന്നു നന്നാക്കിക്കൊണ്ടു വരാന്‍ ഇനിയും സമയം കിട്ടിയിട്ടില്ല.

ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ഡയാലിസിസ് യൂണിറ്റ് ഊര്‍ദ്ധ്വന്‍ വലിക്കുകയാണ്. ഇവിടത്തെ എ.സി മൂന്ന് മാസമായി തകരാറിലാണ്. ആവശ്യത്തിന് നേഴ്‌സുമാരോ ജീവനക്കാരോ ഇല്ലാത്തതിനാല്‍ കാര്യങ്ങള്‍ നേരാംവണ്ണം നടക്കുന്നില്ല. മഴക്കാലം ആരംഭിച്ചതോടെ പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പിടിപെട്ട് നൂറുകണക്കിന് രോഗികളാണ് ആശുപത്രിയില്‍ എത്തുന്നത്. ഇവരെയൊക്കെ പരിശോധിക്കാനോ കിടത്തി ചികിത്സിക്കാനോ ഉള്ള സൗകര്യങ്ങളും ആശുപത്രിയില്‍ കുറവാണ്.

നേരം വെളുത്താല്‍ ഉച്ച വരേക്കും നീണ്ട ക്യൂ ആണ് ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ കാണുന്നത്. ഒരു കൗണ്ടര്‍ മാത്രമുള്ളതാണ് ഈ തിരക്കിന് കാരണം. സത്രീകളും പുരുഷന്മാരും പ്രത്യേകം ക്യൂ നില്‍ക്കുവെങ്കിലും ടിക്കറ്റ് നല്‍കുന്നത് ഏക കൗണ്ടറില്‍ നിന്നാണ്. അതിനാല്‍ ഡോക്ടറെ കാണാനെത്തിയ രോഗിക്ക് ഒ.പി ടിക്കറ്റ് കൈക്കലാക്കാന്‍ മാത്രം മണിക്കൂറുകള്‍ ക്യൂ നിന്ന് തളരേണ്ട സ്ഥിതിയാണ്. ചിലര്‍ ക്യൂവില്‍ വെച്ച് തലകറങ്ങി വീഴുന്നതും പതിവാണ്. തിരക്കുള്ള സമയങ്ങളില്‍ ഒരു അഡീഷണല്‍ കൗണ്ടര്‍ കൂടി ഏര്‍പ്പെടുത്തിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ കൗണ്ടറിലിരിക്കാന്‍ ആളില്ലെന്ന കാരണമാണ് ഇതിന് തടസമായി ആശുപത്രി അധികൃതര്‍ പറയുന്നത്.

വാര്‍ഡിലാണെങ്കില്‍ തന്നെയും രോഗികള്‍ക്ക് കിടക്കാനുള്ള കട്ടിലും കിടക്കയും ആവശ്യത്തിനില്ല. മിക്കവാറും രോഗികള്‍ക്ക് തറയില്‍ കിടക്കേണ്ടി വരുന്നു. ശുചീകരണം കാര്യക്ഷമമല്ലാത്തതിനാല്‍ വാര്‍ഡും പരിസരവും ദുര്‍ഗന്ധം വമിക്കുന്നു. കക്കൂസും മൂത്രപ്പുരയും കാണുമ്പോള്‍ തന്നെ ഛര്‍ദി വരുന്നു. വാര്‍ഡില്‍ ഈച്ചകളുടേയും പാറ്റകളുടേയും കൊതുകുകളുടേയും വിളയാട്ടമാണ്. ഭക്ഷണ സാധനങ്ങള്‍ എന്തെങ്കിലും കൊണ്ടു വെച്ചാല്‍ ഉടന്‍ പാറ്റയും ഈച്ചയും പൊതിയും.

രോഗികള്‍ക്ക് കിട്ടുന്ന ബ്രഡ് തുറന്നു വെച്ചാല്‍ ഉടന്‍ അതില്‍ പാറ്റകള്‍ പ്രത്യക്ഷപ്പെടും. ആശുപത്രി കാന്റീനിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. വൃത്തിഹീനമായ സാഹചര്യമാണ് ഇവിടെ. ഭക്ഷണ സാധനങ്ങളെ കുറിച്ചും പരാതിയുണ്ട്. മുമ്പ് ആശുപത്രി താലൂക്ക് ആശുപത്രിയായിരുന്നപ്പോള്‍ പ്രസവ വാര്‍ഡായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിലാണ് ഇപ്പോള്‍ കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. മുമ്പൊരിക്കല്‍ കാന്റീനില്‍ നിന്ന് വിതരണം ചെയ്ത ചോറില്‍ ചത്ത മണ്ണിരയെ കണ്ടിരുന്നു. ആ സംഭവം ഏറെ വിവാദമായിരുന്നു. ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തില്‍ വേണമെന്ന് അന്ന് ബന്ധപ്പെട്ടവര്‍ കാന്റീന്‍ നടത്തിപ്പുകാര്‍ക്ക് താക്കീത് നല്‍കിയിരുന്നു.


ആശുപത്രിയുടെ ഏഴുനില കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞത് മുതല്‍ ലിഫ്റ്റ് തകരാറും പതിവാണ്. റാമ്പ് (ചെരിഞ്ഞ പാത) ഏഴുനില കെട്ടിടത്തിന് പണിതിട്ടില്ല. രോഗികളെ മുകള്‍ നിലയിലോ, അവിടെ നിന്ന് താഴത്തെ നിലയയിലോ എത്തിക്കണമെങ്കില്‍ ചുമന്ന് കൊണ്ട് പോകണം. ഇത്തരം സംഭവങ്ങള്‍ ജനറല്‍ ആശുപത്രിയില്‍ പുതുമയില്ലാതായി മാറിയിട്ടുണ്ട്.

മോര്‍ച്ചറിയിലേക്കുള്ള റോഡ് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്നു. ഇതിന്റെ അറ്റകുറ്റപ്പണി നടത്താന്‍ യാതൊരു താത്പര്യവും ബന്ധപ്പെട്ടവര്‍ എടുക്കുന്നില്ല. ജനറേറ്റര്‍ തകരാര്‍ പതിവുള്ളതിനാല്‍ വൈദ്യുതി നിലച്ചാല്‍ ശസ്ത്രക്രിയയടക്കം മുടങ്ങുന്നു. വേനല്‍ കാലത്ത് ഇവിടെ ജലക്ഷാമവും രൂക്ഷമാണ്. ആശുപത്രി വാര്‍ഡിനകത്തും കോമ്പൗണ്ടിലും പട്ടി ശല്യം രൂക്ഷമാണ്. ഇതിന് പുറമെ മദ്യ-മയക്കു മരുന്ന് വില്‍പ്പനക്കാരുടേയും ഉപയോക്താക്കളുടേയും താവളം കൂടിയാണ് ആശുപത്രി. മോഷ്ടാക്കളും ഇവിടെ വിഹരിക്കുന്നു. വാര്‍ഡില്‍ കഴിയുന്ന രോഗികളുടെ സ്വര്‍ണവും പണവും കവര്‍ന്ന സംഭവങ്ങള്‍ നിരവധിയുണ്ട്.

പഴയ എം.എസ്. വാര്‍ഡിന്റെ പിറകിലാണ് ആശുപത്രിയിലെ അവശിഷ്ടങ്ങള്‍ കൊണ്ടു തള്ളുന്നത്. കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യാത്തതിനാല്‍ അത് പട്ടികള്‍ കടിച്ച് വലിക്കുകയും ആശുപത്രി പരിസരത്താകെ വൃത്തിഹീനമാക്കുകയും ചെയ്യുന്നു.

ആവശ്യത്തിന് മരുന്നും സൗകര്യങ്ങളും ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നു. മലയോര മേഖലകളില്‍ നിന്നടക്കം കാസര്‍കോട് താലൂക്കിനും പുറത്തുമുള്ള പാവപ്പെട്ട രോഗികളാണ് ജനറല്‍ ആശുപത്രിയെ കൂടുതലും ആശ്രയിക്കുന്നത്. മഴക്കാലമായതോടെ പനി ബാധിച്ച് നിത്യേനയെന്നോണം ആശുപത്രിയിലേക്ക് രോഗികളുടെ പ്രവാഹമാണ്. എന്നാല്‍ അതിനനുസരിച്ച് സൗകര്യമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. ആശുപത്രിയുടെ ശോചനീയാവസ്ഥ രോഗികളെ സ്വകാര്യാശുപത്രികളുമായി അടുപ്പിക്കുകയാണ്.

പരാതിയും പരിഭവങ്ങളും മാത്രം ഉയരുന്ന ജനറല്‍ ആശുപത്രിയുടെ രോദനം കേള്‍ക്കാനും അതിന് പരിഹാരം കാണാനുമുള്ള അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

പറയാനില്ല, പരാതികളല്ലാതെ ഒന്നും ഈ ജനറല്‍ ആശുപത്രിക്ക്...!


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
എതിരാളികളെ കൊന്നുതള്ളും; സിപിഎം യുവതികളെ ബലാല്‍സംഗം ചെയ്യും; തൃണമുല്‍ എം.പിയുടെ ഭീഷണി
Keywords: Kasaragod, General-hospital, Complaint, Hospital, Ambulance, Unit, Rain, Street dog, Doctor, Private Hospital, Mortuary, Issues of general hospital.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia