city-gold-ad-for-blogger

ജില്ലാ സ്‌കൂള്‍ കലോത്സവം തുടങ്ങാനിരിക്കെ താളപ്പിഴകളുടെ ചവിട്ട് നൃത്തം

ജില്ലാ സ്‌കൂള്‍ കലോത്സവം തുടങ്ങാനിരിക്കെ താളപ്പിഴകളുടെ ചവിട്ട് നൃത്തം
നീലേശ്വരം: കയ്യൂരില്‍ കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം ജനുവരി രണ്ടിന് തുടങ്ങാനിരിക്കെ താളപ്പിഴകളുടെ ചവിട്ട് നൃത്തം. വിവിധ മത്സരങ്ങളില്‍ വിധി നിര്‍ണയിക്കാനെത്തുന്ന പ്രഗത്ഭരുടെ പേര് വിവരങ്ങള്‍ അതിരഹസ്യമായി വെക്കണമെന്നാണ് ചട്ടമെങ്കിലും നൃത്ത മത്സരത്തിനെത്തുന്ന മൂന്ന് വിധികര്‍ത്താക്കളുടെ പേര് വിവരം പുറത്തായത് പുതിയ വിവാദത്തിന് തിരി കൊളുത്തി.
വിധികര്‍ത്താക്കളുടെ പേര് വിവരം പുറത്തായതോടെ നൃത്ത മത്സരത്തിന് തയ്യാറെടുത്തുവരുന്ന പല മത്സരാര്‍ത്ഥികളും ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിക്കഴിഞ്ഞു.

നൃത്ത മത്സരത്തിന് വിധികര്‍ത്താക്കളായി എത്തുന്നത് പാലക്കാട് സ്വദേശിനി വത്സല, തിരുവനന്തപുരം തൈക്കാട്ടെ ശക്തികുമാര്‍, കണ്ണൂര്‍ പള്ളിക്കുന്നിലെ കവിത എന്നിവരാണെന്ന വിവരം പുറത്തുവന്നത് ഗൗരവത്തോടെ കണക്കിലെടുക്കണമെന്നാവശ്യപ്പെട്ടാണ് മത്സരാര്‍ത്ഥികള്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയത്. ഈ മൂന്ന് വിധികര്‍ത്താക്കളെ കുറിച്ചും വര്‍ഷങ്ങളായി നിരവധി പരാതികളാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് ഉയര്‍ന്നുവന്നതെന്നും മത്സരാര്‍ത്ഥികള്‍ ആക്ഷേപിക്കുന്നുണ്ട്.

വിധികര്‍ത്താക്കളുടെ പേര് വിവരം ചോര്‍ന്നുപോയത് മത്സരങ്ങളെ സ്വാധീനിക്കാനിടയുണ്ടെന്നും ഈ വിധികര്‍ത്താക്കളെ ഒഴിവാക്കണമെന്നുമുള്ള ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചെര്‍ക്കള ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിലും വിധിനിര്‍ണയം ഒരുപാട് പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിരുന്നു. വിധിനിര്‍ണയത്തിനെതിരെ നൂറിലധികം അപ്പീലുകളാണ് വിദ്യാഭ്യാസ വകുപ്പിന്റെയും കോടതികളുടെയും മുന്നിലെത്തിയത്. സ്ഥിരമായി ഒരേ സംഘം തന്നെ വിധി നിര്‍ണയത്തിന് എത്തുന്നത് മത്സരത്തിന്റെ നിറം കെടുത്തുന്നതായും പരാതി വ്യാപകമാണ്. മത്സരാര്‍ത്ഥികളുടെ പരാതിക്ക് വിധേയരായ മൂന്ന് വിധികര്‍ത്താക്കളെയും ഇത്തവണ ഒഴിവാക്കുമെന്നാണ് സൂചന.

Keywords: School Kalolsavam, Kasaragod, Judge, Controversy, Kayyur, Nileshwaram, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia