Workdays | ഇങ്ങനെ മതിയോ തൊഴിലുറപ്പ് പദ്ധതി? കാസർകോട്ട് പല തദ്ദേശ സ്ഥാപനങ്ങളിലും തൊഴിൽ ദിനങ്ങളിൽ ഗണ്യമായ ഇടിവ്; ചിലയിടയിടത്ത് വർധനവും; കുറവ് നികത്താൻ നടപടികൾ
● പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഒക്ടോബർ മാസത്തിൽ 753260 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു.
● ഗ്രാമ പഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചത് 135420 തൊഴിൽ ദിനങ്ങളുമായി പനത്തടി ഗ്രാമ പഞ്ചായത്താണ്.
● ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിൽ മാത്രമായി 116030 തൊഴിൽ ദിനങ്ങളുടെ കുറവുണ്ടായി.
കാസർകോട്: (KasargodVartha) ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവച്ചത് പരപ്പ ബ്ലോക്ക് പഞ്ചായത്ത്. ഒക്ടോബർ മാസത്തോടെ 753260 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചാണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയത്. എന്നാൽ ഗ്രാമ പഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചത് 135420 തൊഴിൽ ദിനങ്ങളുമായി പനത്തടി ഗ്രാമ പഞ്ചായത്താണ്. മറുവശത്ത്, ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് 20071 തൊഴിൽ ദിനങ്ങളുമായി ഏറ്റവും കുറവ് തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച ഗ്രാമ പഞ്ചായത്തായി.
തൊഴിലുറപ്പ് പദ്ധതിയിൽ ഇടിവ്
കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ട തൊഴിൽ ദിനങ്ങളിൽ 5,56,727 ദിനങ്ങളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ 2023-24 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 341264 തൊഴിൽ ദിനങ്ങളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിൽ മാത്രമായി 116030 തൊഴിൽ ദിനങ്ങളുടെ കുറവുണ്ടായി.
കുറവ് നികത്താൻ നടപടികൾ
ഈ തൊഴിൽ ദിനങ്ങളുടെ കുറവ് മാർച്ച് 2025 ആകുമ്പോഴേക്കും നികത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സ്റ്റേറ്റ് മിഷൻ പ്രതിനിധികൾ നിർദ്ദേശിച്ചു. കാഞ്ഞങ്ങാട്, കാറഡുക്ക ബ്ലോക്കുകളിലും തൊഴിൽ ദിനങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പരപ്പ, മഞ്ചേശ്വരം, കാസർകോട് എന്നീ ബ്ലോക്കുകളിൽ തൊഴിൽ ദിനങ്ങളിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട്, കാറഡുക്ക ബ്ലോക്കുകളില്‍ യഥാക്രമം 150591, 64872 തൊഴില്‍ദിനങ്ങളുടെ കുറവുണ്ടായി. എന്നാല്‍ പരപ്പ, മഞ്ചേശ്വരം, കാസറഗോഡ് എന്നീ ബ്ലോക്കുകളില്‍ യഥാക്രമം 11704, 12088, 6706 തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിക്കുകയുണ്ടായി.
മികച്ച പ്രകടനം കാഴ്ചവച്ച പഞ്ചായത്തുകളെ അനുമോദിച്ചു
2024-25 സാമ്പത്തിക വർഷം നാളിതുവരെ ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങളും ശരാശരി തൊഴിൽദിനങ്ങളും സൃഷ്ടിച്ച പനത്തടി ഗ്രാമ പഞ്ചായത്ത്, സുഭിക്ഷ കേരളം പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച കാറഡുക്ക ഗ്രാമ പഞ്ചായത്ത്, ശുചിത്വ കേരളം പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത്, നീരുറവ് പദ്ധതിയുടെ ഡിപിആർ പൂർണ്ണതയിൽ തയ്യാറാക്കിയ മീഞ്ച, കയ്യൂർ ചീമേനി എന്നീ ഗ്രാമ പഞ്ചായത്തുകളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ ആദരിച്ചു.
അവലോകന യോഗം
ജില്ലാ കലക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ ജില്ലാ കളക്ടർ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന മിഷനിലെ ജോയിന്റ് ഡവലപ്മെന്റ് കമ്മീഷണർ, ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണർ, ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാർ, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാർ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അക്രഡിറ്റഡ് എഞ്ചിനീയർമാർ/ഓവർസിയർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
#Kasargod #MGNREGA #EmploymentDays #RuralDevelopment #Kerala #ParappaPanchayat